തിങ്കളാഴ്ച ബിനാലെയിലേയ്ക്ക് സൗജന്യ പ്രവേശനം

തിങ്കളാഴ്ചകളിൽ കൊച്ചി മുസിരിസ് ബിനാലേയ്ക്കുള്ള പ്രവേശനം സൗജന്യമാക്കാൻ ബിനാലെ ഫൗണ്ടേഷൻ തീരുമാനിച്ചു. ജനുവരി മുതൽ തീരുമാനം നടപ്പിൽ വരും. ബിനാലെയിലെ പൊതുജന പങ്കാളിത്തം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി.
 | 

തിങ്കളാഴ്ച ബിനാലെയിലേയ്ക്ക് സൗജന്യ പ്രവേശനം
കൊച്ചി: തിങ്കളാഴ്ചകളിൽ കൊച്ചി മുസിരിസ് ബിനാലേയ്ക്കുള്ള പ്രവേശനം സൗജന്യമാക്കാൻ ബിനാലെ ഫൗണ്ടേഷൻ തീരുമാനിച്ചു. ജനുവരി മുതൽ തീരുമാനം നടപ്പിൽ വരും. ബിനാലെയിലെ പൊതുജന പങ്കാളിത്തം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി.

ബിനാലെ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ 15,000 ത്തിലധികം പേരാണ് സന്ദർശകരായി എത്തിയത്. ഗ്യാലറി ഉടമകൾ, ക്യൂറേറ്റർമാർ, കലാകാരന്മാർ, വിദ്യാർത്ഥികൾ, എന്നിവർക്കു പുറമെ, കലാസ്വാദകരും കുടുംബസമേതം ഫോർട്ടുകൊച്ചിയിലെ ഏഴു വേദികളിലായി വിന്യസിച്ചിരിക്കുന്ന സൃഷ്ടികൾ ആസ്വദിക്കാനെത്തി. സൗജന്യദിവസങ്ങൾ ബിനാലെയെ പൊതുജനങ്ങളുമായി കൂടുതൽ അടുപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

108 ദിവസം നീളുന്ന ബിനാലെയിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 94 കലാകാരന്മാരാണ് പങ്കെടുക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മണിയ്ക്ക് ആരംഭിക്കുന്ന ആർട്ടിസ്റ്റ് സിനിമയിൽ ബിനാലെയിൽ പങ്കെടുക്കുന്ന കലാകാരന്മാരും ചലച്ചിത്രരംഗത്തു പ്രവർത്തിക്കുന്ന പ്രമുഖരും തെരെഞ്ഞെടുക്കുന്ന ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. കല, രാഷ്ട്രീയം, ചരിത്രം മുതലായ വിഷയങ്ങളിലൂന്നിയുള്ള ചർച്ചകളും സെമിനാറുകളും ബിനാലെയിലുൾപ്പെടുത്തിയിട്ടുണ്ട്.

ബിനാലെ ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപ് ഫോർട്ടുകൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും വീടുകളിൽ ബിനാലെയിലേയ്ക്കുള്ള പാസ്സ് സൗജന്യമായി വിതരണം ചെയ്തിരുന്നു. മുതിർന്നവർക്കുള്ള പാസ്സിന് 100 രൂപയും 15 വയസുവരെയുള്ള കുട്ടികൾക്കുള്ള പാസ്സിന് 50 രൂപയുമാണ്.