ബിനാലെയ്ക്ക് വേണ്ടി ഓൺലൈൻ ക്രൗഡ്ഫണ്ടിംഗ് തുടങ്ങി

കൊച്ചി-മുസ്സിരിസ് ബിനാലെയ്ക്ക് ധനം സമാഹരിക്കുന്നതിനും പരിപാടിയുമായി പൊതുജനങ്ങളുടെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും വേണ്ടി ഓൺലൈൻ ജനകീയ ധനസമാഹരണ പരിപാടിക്കു തുടക്കമായി. മൂന്നു മാസം കൊണ്ട് 15 കോടി രൂപ ലക്ഷ്യമിട്ട് 'കാറ്റപൂൾട്ട്' എന്ന ഓൺലൈൻ ഇടത്തിലാണ് ധനസമാഹരണ യജ്ഞം നടത്തുന്നത്.
 | 
ബിനാലെയ്ക്ക് വേണ്ടി ഓൺലൈൻ ക്രൗഡ്ഫണ്ടിംഗ് തുടങ്ങി


കൊച്ചി:
കൊച്ചി-മുസ്സിരിസ് ബിനാലെയ്ക്ക് ധനം സമാഹരിക്കുന്നതിനും പരിപാടിയുമായി പൊതുജനങ്ങളുടെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും വേണ്ടി ഓൺലൈൻ ജനകീയ ധനസമാഹരണ പരിപാടിക്കു തുടക്കമായി. മൂന്നു മാസം കൊണ്ട് 15 കോടി രൂപ ലക്ഷ്യമിട്ട് ‘കാറ്റപൂൾട്ട്’ എന്ന ഓൺലൈൻ ഇടത്തിലാണ് ധനസമാഹരണ യജ്ഞം നടത്തുന്നത്.

പ്രശസ്ത കലാകാരൻ ജിതീഷ് കല്ലാട്ട് ക്യൂറേറ്റ് ചെയ്യുന്ന ബിനാലെയുടെ രണ്ടാം പതിപ്പ് ഡിസംബർ 12നാണ് തുടങ്ങുന്നത്. 108 ദിവസം നീളുന്ന പരിപാടിയിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 94 കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. 26 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ സർക്കാരിന്റെ പിന്തുണയും ചില സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പുമാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. ചെലവിന്റെ ഒരു ഭാഗം വഹിക്കുന്നതിനൊപ്പം ബിനാലെയെ ലോകത്തെമ്പാടും പ്രചരിപ്പിക്കുകയും ജനകീയ ധനസമാഹരണത്തിന്റെ ലക്ഷ്യമാണ്.

വലിയ സാംസ്‌കാരിക പ്രതിഫലനത്തിനു വഴിതെളിക്കുകയും കേരളത്തിലേക്ക് രാജ്യാന്തര ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്ന ബിനാലെയ്ക്കു വേണ്ടിയുള്ള സംഭാവന സമാഹരണത്തെ എല്ലാവരും ഗൗരവത്തോടെ പരിഗണിക്കണമെന്ന് ഒന്നാമത് ബിനാലെയുടെ സഹക്യൂറേറ്റർ കൂടിയായ റിയാസ് കോമു അഭ്യർഥിച്ചു.

ഇന്ത്യയിലെ 35 ജനകീയ ധനസമാഹരണ പരിപാടികൾക്കൊപ്പം പ്രവർത്തിച്ച കാറ്റാപൂൾട്ട് ലോകത്തെവിടെയുമുള്ളവർക്കും ചെറുതോ വലുതോ ആയ എത്ര തുകയും ബിനാലെയ്ക്കു വേണ്ടി സംഭാവന നൽകാനുള്ള അവസരമാണൊരുക്കുന്നത്. സംഭാവന നൽകുന്നവർക്ക് റിവാർഡുകളുമുണ്ടാകും. കൊച്ചി മുസ്സിരിസ് ബിനാലെയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഈ സൈറ്റിൽ പ്രവേശിക്കാം.

കലാകാരന്മാരുടെ സൃഷ്ടികൾ ഇന്ത്യയുടെ വിവിധ മേഖലകളിൽ നിന്നും വിദേശത്തുനിന്നും കൊച്ചിയിലെത്തിക്കുന്നതിനാണ് ബിനാലെയുടെ 26 കോടി ബജറ്റിൽ സിംഹഭാഗവും ചെലവാകുന്നത്.