മാമാങ്കം: റിമാ കല്ലിങ്കലിന്റെ ഡാൻസ് സ്‌കൂൾ കൊച്ചിയിൽ

പ്രസിദ്ധ സിനിമാ താരം റിമാ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള ഡാൻസ് സ്കൂൾ കൊച്ചിയിൽ പ്രവർത്തനമാരംഭിക്കുന്നു. മാമാങ്കം എന്ന് പേരിട്ടിട്ടുള്ള സ്കൂളിൽ ഇന്ന് (01.07.14) മുതൽ പ്രവേശനം ആരംഭിച്ചു. പാലാരിവട്ടം സൗത്ത് ജനതാ റോഡിലുള്ള പപ്പായ മീഡിയ ബിൽഡിംഗിലാണ് ഡാൻസ് സ്കൂൾ പ്രവർത്തിക്കുക. ആഷിഖ് അബുവിന്റെ പങ്കാളിത്തമുള്ള സ്ഥാപനമാണ് പപ്പായ മീഡിയ.
 | 

മാമാങ്കം: റിമാ കല്ലിങ്കലിന്റെ ഡാൻസ് സ്‌കൂൾ കൊച്ചിയിൽ

കൊച്ചി: പ്രസിദ്ധ സിനിമാ താരം റിമാ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള ഡാൻസ് സ്‌കൂൾ കൊച്ചിയിൽ പ്രവർത്തനമാരംഭിക്കുന്നു. മാമാങ്കം എന്ന് പേരിട്ടിട്ടുള്ള സ്‌കൂളിൽ ഇന്ന് (01.07.14) മുതൽ പ്രവേശനം ആരംഭിച്ചു. പാലാരിവട്ടം സൗത്ത് ജനതാ റോഡിലുള്ള പപ്പായ മീഡിയ ബിൽഡിംഗിലാണ് ഡാൻസ് സ്‌കൂൾ പ്രവർത്തിക്കുക. ആഷിഖ് അബുവിന്റെ പങ്കാളിത്തമുള്ള സ്ഥാപനമാണ് പപ്പായ മീഡിയ.

ഡാൻസിനെ ഗൗരവപൂർവ്വം കാണുന്ന ഒരു സംഘം കലാകാരന്മാരെ രൂപപ്പെടുത്തുകയാണ് തന്റെ സ്‌കൂളിന്റെ ലക്ഷ്യമെന്ന് റിമ പറയുന്നു. ‘ മത്സര വേദികൾക്കും റിയാലിറ്റി ഷോകൾക്കും അപ്പുറം, യഥാർത്ഥ കല എന്ന നിലയിൽ ഡാൻസിനെ സമീപിക്കുന്നതാകും രീതി. നൃത്തവും ആയോധനകലയും ഉൾപ്പെടെയുള്ളവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.’ റിമ മാമാങ്കത്തിന്റെ വെബ്‌സൈറ്റിൽ പറയുന്നു.

തുടക്കത്തിൽ ഭരതനാട്യവും കുച്ചിപ്പുടിയുമാണ് ക്ലാസിക്കൽ വിഭാഗത്തിൽ നിന്നുമുള്ളത്. തുടക്കക്കാർക്ക് ‘ഉദയ’ എന്ന പേരിലുള്ള അഭിരുചി കോഴ്‌സിലാണ് പ്രവേശനം നൽകുക. കേരളീയ ആയോധന കലയായ കളരിയിലും പരിശീലനം നൽകും. ബ്രസീലിയൻ ആയോധന കലയായ കപുയൈര, അമേരിക്കൻ റിബൽ ഡാൻസ് രൂപമായ ഹിപി ഹോപ്പ് എന്നിവയിലും മാമാങ്കം പരിശീലനം നൽകും. എഴുപതുകളിൽ അമേരിക്കയിലെ ആഫ്രിക്കൻ വംശജർക്കിടയിൽ പ്രചാരം നേടിയ ഹിപ് ഹോപ് ഡാൻസ് റാപ് സംഗീതത്തിനൊപ്പമാണ് പ്രചാരം നേടിയത്.

ആഷിഖ് അബു സംവിധാനം ചെയ്ത ‘ഡാ തടിയാ’ എന്ന ചിത്രത്തിലെ ‘വാനം നീലയാണ് ഭായ്’ എന്ന ഗാനത്തിൽ ഹിപ് ഹോപ് ഡാൻസ് ഉൾപ്പെടുത്തിയിരുന്നു. യോഗ പരിശീലനത്തിനും തുടക്കത്തിൽ തന്നെ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡാൻസ് സ്‌കൂളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം മാമാങ്കത്തിന്റെ വെബ്‌സൈറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

നാരായണി രാജഗോപാൽ, ജയ് കിഷോർ മൊസലികണ്ടി, അദ്ദേഹത്തിന്റെ ഭാര്യ പത്മാവതി, സന്തോഷ് വി.എസ്, ദിൽ സാഗർ, ശ്രീധരൻ, നാൻസി ജോയ് എന്നിവരാണ് മാമാങ്കത്തിലെ ഗുരുക്കന്മാർ.