യുവ വാസ്തുശിൽപികൾ ബിനാലെക്കൊപ്പം

ഡിസംബർ 12ന് തിരിതെളിയുന്ന കൊച്ചി മുസ്സിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന് കൊച്ചിയിലെ വിദഗ്ദ്ധരായ യുവ വാസ്തുശിൽപികളുടെ സഹകരണവും. ബിനാലെയുടെ നടത്തിപ്പിൽ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങളും സാധന സേവന കൈമാറ്റവുമാണ് 20 യുവ വാസ്തുശിൽപികൾ ചേർന്ന് നിർവ്വഹിക്കുന്നത്.
 | 

യുവ വാസ്തുശിൽപികൾ ബിനാലെക്കൊപ്പം
കൊച്ചി: ഡിസംബർ 12ന് തിരിതെളിയുന്ന കൊച്ചി മുസ്സിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന് കൊച്ചിയിലെ വിദഗ്ദ്ധരായ യുവ വാസ്തുശിൽപികളുടെ സഹകരണവും. ബിനാലെയുടെ നടത്തിപ്പിൽ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങളും സാധന സേവന കൈമാറ്റവുമാണ് 20 യുവ വാസ്തുശിൽപികൾ ചേർന്ന് നിർവ്വഹിക്കുന്നത്.

ബിനാലെയുടെ രൂപരേഖ തയ്യാറാക്കുന്നതിനും സാധനങ്ങളും സേവനങ്ങളും എത്തിച്ചു കൊടുക്കുന്നതിനും ഈ വാസ്തുശിൽപികൾ തങ്ങളുടേതായ പങ്കു വഹിക്കും. ബിനാലെയുടെ മുഖച്ഛായ മെച്ചപ്പെടുത്തുന്ന തരത്തിലായിരിക്കും ഇവരുടെ സേവനം. കലാലോകത്തെ വൻ സംരംഭമായ ബിനാലെക്കുള്ള സംഭാവനകൾ ശേഖരിക്കുന്ന വേളയിലാണ് ശിൽപികൾ സഹകരണ വാഗ്ദാനവുമായെത്തിയിരിക്കുന്നത്.

പ്രദർശനത്തിന്റെ മികച്ച ആസൂത്രണത്തിന് കലാകാരൻമാരും കരാറുകാർക്കും ഇടയിലെ മദ്ധ്യസ്ഥരായും കലാകാരൻമാരുടെ ആവശ്യത്തിനനുസൃതമായി കലാസൃഷ്ടിക്കുള്ള സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിനും സൂചകഫലകങ്ങൾ സ്ഥാപിക്കുന്നതിനും പവലിയന്റെ ഉപദേഷ്ടാക്കളായും ബിനാലെയുടെ ലെറ്റ്‌സ് ടോക്ക് പരിപാടിക്കുള്ള പ്രഭാഷകരെ എത്തിക്കുന്നതിനും കുട്ടികളുടെ ബിനാലെ പരിപാടികളുടെ നടത്തിപ്പിനും എല്ലാം ഇവർ സഹകരിക്കും.

ഒരു മാസം മുൻപ്  ബിനാലെയുടെ ഭാഗമായി നടന്ന ലെറ്റ്‌സ് ടോക്ക് പരിപാടിയിലെ,  ഫ്രഞ്ച് സസ്യശാസ്ത്രജ്ഞൻ പാട്രിക് ബ്ലാങ്കിന്റെ  ലംബമാന പൂന്തോട്ടങ്ങളെക്കുറിച്ചുള്ള പ്രഭാഷണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ‘ലോകാന്തരങ്ങൾ’ എന്ന പ്രമേയത്തെ ആസ്പദമായി നടക്കാൻ പോകുന്ന ബിനാലെയിൽ ശിൽപികൾ സഹകരിക്കാമെന്നേറ്റിരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റ്റ്റിയൂട്ട് ഓഫ് ആർക്കിടെക്റ്റിന്റെ യങ് ആർട്ടിസ്റ്റ് ഫോറത്തിലെ അംഗങ്ങളാണ് ഇവർ.

ബിനാലെയിൽ കലാസൃഷ്ടികളുടെ അവതരണത്തിന് വാസ്തുശിൽപികളുടെ സേവനം കൂടിയാകുമ്പോൾ അത് സർഗാത്മകതയുടെ കൂടിച്ചേരലിന് വഴിതെളിക്കുമെന്ന് ക്യൂറേറ്റർ ജിതീഷ് കല്ലാട്ട് പറഞ്ഞു. ബിനാലെ, നടത്തിപ്പിനുള്ള വിഭവങ്ങളുടെ കാര്യത്തിൽ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ  ഇവരുടെ സഹകരണ വാഗ്ദാനം കൂടുതൽ പ്രതീക്ഷയേകുന്നു. കൊച്ചിയിലെ പ്രമുഖ ശിൽപികളുടേയും കേരളത്തിലെ 200 വിദ്യാർത്ഥികളുടേയും സഹകരണം മുപ്പത് രാജ്യങ്ങളിലെ 95 കലാകാരൻമാർക്ക് കലാദർശനം ആവിഷ്‌കരിക്കുന്നതിന് വളരെയേറെ സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.