മലയാളിയുടെ സദാചാരത്തെ പരിഹസിച്ച് അബ്ദുള്ളക്കുട്ടി: പഞ്ചായത്ത് തോറും സെക്‌സ് ടോയ്‌സ് കടകൾ വേണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ

മലയാളിയുടെ സദാചാരത്തെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് എ.പി.അബ്ദുള്ളക്കുട്ടി എം.എൽ.എയുടെ പുസ്തകം വരുന്നു. ടൂറിസം സെന്ററായ മക്കാവുവിലേക്ക് അദ്ദേഹം നടത്തിയ യാത്രയേത്തുടർന്ന് എഴുതുന്ന യാത്രാ വിവരണ ഗ്രന്ഥത്തിലാണ് വിവാദ പരാമർശങ്ങൾ ഉള്ളത്. 'മറക്കാനാവാത്ത മക്കാവ് യാത്ര'എന്നാണ് പുസ്തകത്തിന്റെ പേര്. കേരളത്തിൽ പഞ്ചായത്തുകൾ തോറും സെക്സ് ടോയ്സ് കടകൾ സ്ഥാപിച്ചുകൂടേ എന്ന് അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ചതായി അബ്ദുള്ളക്കുട്ടി എഴുതുന്നു. മക്കാവുവിലെ ഒരു സെക്സ് കളിപ്പാട്ട കട കണ്ടപ്പോഴാണ് ഭാര്യ അങ്ങനെ ചോദിച്ചതത്രേ.
 | 
മലയാളിയുടെ സദാചാരത്തെ പരിഹസിച്ച് അബ്ദുള്ളക്കുട്ടി: പഞ്ചായത്ത് തോറും സെക്‌സ് ടോയ്‌സ് കടകൾ വേണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ

കൊച്ചി: മലയാളിയുടെ സദാചാരത്തെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് എ.പി.അബ്ദുള്ളക്കുട്ടി എം.എൽ.എയുടെ പുസ്തകം വരുന്നു. ടൂറിസം സെന്ററായ മക്കാവുവിലേക്ക് അദ്ദേഹം നടത്തിയ യാത്രയേത്തുടർന്ന് എഴുതുന്ന യാത്രാ വിവരണ ഗ്രന്ഥത്തിലാണ് വിവാദ പരാമർശങ്ങൾ ഉള്ളത്. ‘മറക്കാനാവാത്ത മക്കാവ് യാത്ര’എന്നാണ് പുസ്തകത്തിന്റെ പേര്. കേരളത്തിൽ പഞ്ചായത്തുകൾ തോറും സെക്‌സ് ടോയ്‌സ് കടകൾ സ്ഥാപിച്ചുകൂടേ എന്ന് അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ചതായി അബ്ദുള്ളക്കുട്ടി എഴുതുന്നു. മക്കാവുവിലെ ഒരു സെക്‌സ് കളിപ്പാട്ട കട കണ്ടപ്പോഴാണ് ഭാര്യ അങ്ങനെ ചോദിച്ചതത്രേ.

വിസ്മയക്കാഴ്ച സമ്മാനിക്കുന്ന ഒരു ഹൈടെക് നഗരമാണ് മക്കാവ് എന്ന് അബ്ദുള്ളക്കുട്ടി എഴുതുന്നു. മക്കാവിലെ ഷോപ്പിങ്ങിനിടയിൽ ഉണ്ടായ ഒരു അനുഭവം കൗതുകകരമായിരുന്നു. കാര്യമാത്രപ്രസക്തമായ ചിന്തകൾക്കും അത് വഴിവെച്ചുവെന്ന് അദ്ദേഹം പറയുന്നു.

‘സെന്റ് പോൾ സ്ട്രീറ്റ് മാർക്കറ്റിലെ ഷോപ്പിങ്ങ് തുടങ്ങിയ ഉടൻ മകൾ തമന്ന ചൂണ്ടിക്കാണിച്ചത് ഒരു ടോയിഷോപ്പാണ്. ഷോപ്പിനകത്ത് നല്ല തിരക്കുണ്ട്. ഷോപ്പിലേക്ക് നടന്നടുത്ത ഭാര്യ പെട്ടെന്ന് സ്തബ്ധയായി തിരിഞ്ഞ് നിന്നു. എന്റെ മുഖത്തേക്ക് നോക്കി അവൾ ഒരു കള്ളച്ചിരി ചിരിച്ചു. ടോയിസ് എന്ന് വലിയ അക്ഷരത്തിന് മുകളിൽ സെക്‌സ് എന്ന് ചെറുതായി എഴുതിയത് ഭാര്യ എന്റെ ശ്രദ്ധയിൽപ്പെടുത്തി. നമ്മുടെ കാഴ്ച്ചപ്പാടിൽ ചിന്തിച്ചാൽ അതൊരു അഡൽസ് ഓൺലി ഷോപ്പാണെന്ന കാര്യം എനിക്കും ബോധ്യപ്പെട്ടു.’

അഞ്ചുവയസ്സുള്ള പിഞ്ചുകുഞ്ഞ് മുതൽ എൺപത്തിയഞ്ച് വയസ്സുള്ള മുത്തശ്ശിയെവരെ പീഡിപ്പിക്കുന്ന മലയാളി ഞരമ്പുരോഗികൾക്ക് വേണ്ടിയുള്ള ചികിത്സാകേന്ദ്രമായി നിങ്ങളുടെ സർക്കാറിന് പഞ്ചായത്തുകൾതോറും സെക്‌സ് ടോയിസ് ഷോപ്പുകൾ തുടങ്ങിക്കൂടെ എന്ന് ഭാര്യ ചോദിച്ചതായി അദ്ദേഹം പറയുന്നു. അപ്പോൾ താനും സ്തബ്ധനായി അതേകുറിച്ച് ആലോചിച്ചുപോയെന്നാണ് അദ്ദേഹം എഴുതുന്നത്.

‘നമ്മുടെ നാട്ടിൽ സെക്‌സിനോടുള്ള സമീപനം വളരെ ഇടുങ്ങിയതാണ്. അടിച്ചമർത്തപ്പെട്ട സെക്‌സിന്റെ വൾഗറൈസ് ആയിട്ടുള്ള എത്ര എത്ര വാർത്തകൾ നാം കാണുന്നു, കേൾക്കുന്നു, വായിക്കുന്നു. ഷോപ്പിങ്ങ് മാളിനടുത്തുള്ള മരച്ചുവട്ടിലെ ചാരുബെഞ്ചിലിരുന്ന് ഞാനും ഭാര്യയും മലയാളിയുടെ കാപട്യത്തെക്കുറിച്ച് ചർച്ച ചെയ്ത് വെറുതെ നേരം കളഞ്ഞു. സ്ത്രീകളെ രൂക്ഷമായി നോക്കി ചോരകുടിച്ച്, കണ്ണുകൊണ്ട് പോലും വ്യഭിചരിക്കുന്ന കാഴ്ച കേരളത്തിലല്ലാതെ ലോകത്ത് മറ്റെവിടെയും കാണാനാവില്ല. തിരക്കുള്ള യാത്രാ ബസ്സിൽ സ്ത്രീകളുടെ പിറകിൽ തൊട്ടുരമ്മി നിന്ന് ആശ്വാസം കൊള്ളുന്ന മലയാളി പുരുഷന്മാർ. മൊബൈൽ ഫോൺ ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോ എടുത്ത് ബ്ലാക്ക് മെയിൽ ചെയ്യുന്നത് കുറ്റകരമാണെന്നറിഞ്ഞിട്ടും കേരളത്തിൽ അത് വർദ്ധിക്കുന്നു. പിഞ്ചുകുഞ്ഞിനെ വരെ പീഡനത്തിന് വിധേയമാക്കുന്ന ഞരമ്പുരോഗികളുടെ നാടായി കേരളം മാറുന്നു.’ അതേ അദ്ധ്യായം ഇങ്ങനെയാണ് തുടരുന്നത്.

ലൈംഗികതയെക്കുറിച്ച് കേരളീയ സമൂഹത്തിൽ ഒരു ഉള്ളുതുറന്ന ചർച്ചക്ക് സമയമായെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. പക്ഷെ നമ്മുടെ കപട സദാചാരബോധം പിന്നെയും കുറെ മുന്നോട്ട് പോയി. ഇത്തരം കാര്യങ്ങൾ ജീവിത അജണ്ടയിൽ ഉൾപ്പെടുത്താൻ മലയാളി തയ്യാറായില്ല. അതുകൊണ്ട് തന്നെ സദാചാരബോധത്തിൽ നിന്ന് സദാചാരപോലീസിലേക്ക് കേരളം വളർന്നു.

‘നമ്മുടെ പാഠ്യപദ്ധതിയിൽ സെക്‌സ് പഠനം ഉൾപ്പെടുത്തേണ്ട സമയമായി. സ്‌കൂളിൽ വെച്ച് തന്നെ ശാസ്ത്രീയമായി അക്കാര്യങ്ങൾ പഠിപ്പിച്ചു തുടങ്ങണം. ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും സെക്‌സ് വിഷയത്തിൽ വിദേശരാജ്യങ്ങളിൽ നിലനിൽക്കുന്ന തെറ്റിധാരണകൾ നാം മാറ്റുന്നില്ലെങ്കിൽ നമ്മുടെ ഭാവി ഇരുളടഞ്ഞതാകുമെന്നും അബ്ദുള്ളക്കുട്ടി എഴുതുന്നു.

കേരളത്തിലേതു പോലെ പരിസ്ഥിതി തീവ്രവാദികൾ മക്കാവുവിൽ ഇല്ല
കേരളത്തിലെ പരിസ്ഥിതി നിയമങ്ങളെ രൂക്ഷമായ ഭാഷയിലാണ് പുസ്തകത്തിൽ അബ്ദുള്ളക്കുട്ടി വിമർശിക്കുന്നത്. പുഴകളും കടലും കടുത്ത നിയമങ്ങൽ കൊണ്ട് സംരക്ഷിക്കുന്നത് കൊണ്ടാണ് ഇവിടെ വികസനം വരാത്തതെന്നും അദ്ദേഹം പറയുന്നു. ‘ഹോങ്കോങ്ങും മക്കാവും കണ്ടപ്പോൾ എനിക്ക് ഒരുകാര്യം ബോധ്യമായി. ഈ രാജ്യങ്ങളിലൊന്നും നമ്മുടെ രാജ്യത്തേതുപോലെ തീരദേശപരിപാലന നിയമം കർശനമായി നടപ്പിലാക്കിയിട്ടില്ല. അഥവാ നമ്മുടെ നാട്ടിലുള്ളതുപോലെ പരിസ്ഥിതി തീവ്രവാദികൾ ഇവിടെ ഇല്ല എന്ന് ചുരുക്കം’ ഹോങ്കോങ്ങിലെ സീവ്യു പാത്തും ബീച്ചിനരികിലുള്ള പാർക്കുകളും മിക്ക കെട്ടിടങ്ങളും ഉണ്ടാക്കിയിരിക്കുന്നത് കടൽക്കരയിലാണെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്

‘ഏക്കർ കണക്കിന് കടൽ നികത്തിയാണ് മക്കാവുവിൽ ചൂതാട്ടകേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുള്ളത്. 7,500 കിലോമീറ്റർ തീരദേശമുള്ള ഇന്ത്യ ദൈവം അനുഗ്രഹിച്ച നാടാണ്. ആ തീരത്തിൽ നിന്ന് ഇരുന്നൂറ് മീറ്ററെങ്കിലും കടലിനകത്തേക്കു കൂടി നമുക്ക് അവകാശപ്പെട്ടതാണ്. അതായത് കാലാകാലമായി കടൽ തട്ടിയെടുത്ത കരപ്രദേശം. പക്ഷെ നമ്മുടെ പരിസ്ഥിതി ബുദ്ധിരാക്ഷസന്മാരുടെ താലിബാൻ മോഡൽ തീരദേശ പരിപാലന നിയമം ഈ മഹാരാജ്യത്തിന്റെ സകല വികസന സ്വപ്നങ്ങളുമാണ് തകർത്തെറിഞ്ഞത്.’ അദ്ദേഹം എഴുതുന്നു.

‘നമ്മുടെ തീരദേശ നിയമം അറബിക്കടലിൽ എറിയണം. പുതിയ കാഴ്ച്ചപ്പാടോടെ പ്രവർത്തനസജ്ജരാക്കണം. മർക്കടമുഷ്ടി ഒഴിവാക്കണം. എന്നിട്ട് കടൽ കവർന്നെടുത്ത ഭൂമി തിരിച്ചു പിടിക്കാൻ ‘റീക്ലെമിങ്ങ് ദി ലോസ്റ്റ് ലാന്റ്’ എന്ന പദ്ധതി ആവിഷ്‌കരിക്കണം. അങ്ങിനെ തിരിച്ചുകിട്ടുന്ന കരയിൽ മത്സ്യത്തൊഴിലാളികൾക്കു വേണ്ടി താമസ സൗകര്യത്തിന് ഫ്‌ളാറ്റുകൾ പണിയാം, നല്ല ടൗൺഷിപ്പുകൾ ഉണ്ടാക്കാം. മത്സ്യസംസ്‌കരണ പദ്ധതികൾ ആവിഷ്‌കരിക്കാം. തീരദേശ റോഡുകൾ ഉണ്ടാക്കാം. സ്ഥലപരിമതി മൂലം പ്രയാസപ്പെടുന്ന സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലം തീരദേശങ്ങളിൽ അങ്ങനെ കണ്ടെത്താൻ കഴിയും.’ അബ്ദുള്ളക്കുട്ടിയുടെ പദ്ധതികൾ ഇങ്ങനെ പോകുന്നു.

‘മറക്കാനാവാത്ത മക്കാവ് യാത്ര’ ഓഗസ്റ്റ് ഒൻപതിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശനം ചെയ്യും.