‘ദി ലാസ്റ്റ് വേവ്’; ആൻഡമാന്റെ ജീവിതമെഴുതുന്ന ഐലൻഡ് നോവൽ

ആൻഡമാനിലെ ജീവിതത്തെ അടിസ്ഥാനമാക്കി പങ്കജ് സേഖ്സറിയ എഴുതിയ പുസ്തകമാണ് 'ദി ലാസ്റ്റ് വേവ്'. ഐലൻഡ് നോവൽ എന്ന ഗണത്തിലാണിത് ഉൾപ്പെടുന്നത്. ഈ ദ്വീപസമൂഹത്തിലെ ജരാവ, ഓൻജ് സെന്റിനെലെസ് തുടങ്ങിയവയെപ്പോലുള്ള പുരാതന ഗോത്രവർഗങ്ങളുടെ ജീവിതവും ഇതിലൂടെ ചുരുളഴിയുന്നു.
 | 
‘ദി ലാസ്റ്റ് വേവ്’; ആൻഡമാന്റെ ജീവിതമെഴുതുന്ന ഐലൻഡ് നോവൽ

ആൻഡമാനിലെ ജീവിതത്തെ അടിസ്ഥാനമാക്കി പങ്കജ് സേഖ്‌സറിയ എഴുതിയ പുസ്തകമാണ് ‘ദി ലാസ്റ്റ് വേവ്’. ഐലൻഡ് നോവൽ എന്ന ഗണത്തിലാണിത് ഉൾപ്പെടുന്നത്. ഈ ദ്വീപസമൂഹത്തിലെ ജരാവ, ഓൻജ് സെന്റിനെലെസ് തുടങ്ങിയവയെപ്പോലുള്ള പുരാതന ഗോത്രവർഗങ്ങളുടെ ജീവിതവും ഇതിലൂടെ ചുരുളഴിയുന്നു. നീണ്ട 20,000 ത്തിലധികം വർഷങ്ങളായി അത്തരം ഗോത്രവർഗങ്ങൾ ഇവിടെ കഴിയുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ ഭീകരമായ സുനാമികൾക്കിടയിലും പിടിച്ചു നിന്ന ചരിത്രമാണവർക്കുള്ളത്.

1858ൽ ബ്രിട്ടീഷുകാർ ഇവിടെ അധീശത്വം സ്ഥാപിച്ചപ്പോഴും രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാൻകാർ ഇവിടെ കടന്നു വന്നപ്പോഴും അത്തരം ഗോത്രവർഗങ്ങൾ ഇവിടെ സജീവമായിരുന്നുവെന്നതിന്റെ ചിത്രീകരണം ഈ നോവലിലുണ്ട്. അത്തരം കടന്നു കയറ്റങ്ങളുടെ സന്ദർഭങ്ങളിൽ ഇവിടുത്തെ നെഗ്രിറ്റോ കമ്മ്യൂണിറ്റിക്ക് നാശമുണ്ടായതും നോവൽ വരച്ച് കാട്ടുന്നു.

തങ്ങൾക്കെതിരെയുള്ള ചൂഷണങ്ങളോടുള്ള ഇവിടുത്തെ ജരാവ വർഗത്തിന്റെ പോരാട്ടം പങ്കജ് സേഖ്‌സറിയയുടെ സഹതാപത്തിന് പാത്രമാവുകയും അത് അദ്ദേഹം ഈ നോവലിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഇത്തരം സമുദായങ്ങൾ മുമ്പത്തേതിനേക്കാൾ എണ്ണത്തിൽ കുറയുകയും ജീവിതമാർഗത്തിനായി മറ്റുള്ളവരുടെ മുമ്പിൽ എന്തിനേറെ റോഡുകളിൽ ഇറങ്ങി ഭിക്ഷയാചിക്കേണ്ട ഗതിവരെ എത്തിയിരിക്കുന്നുവെന്ന് ഈ നോവൽ വെളിപ്പെടുത്തുന്നു. അവരുടെ ആവാസകേന്ദ്രത്തിലൂടെയാണ് ഈ റോഡുകൾ കടന്ന് പോകുന്നത്. അവരുടെ അവസ്ഥകൾ ഒരു ക്യാംപയിനറെപ്പോലെയല്ലാതെ കഥപറച്ചലിന്റെ ഭാഷയിൽ ഈ പുസ്തകത്തിലൂടെ വിവരിക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്.

മെയിൻലാൻഡിൽ നിന്നും ഇവിടെയെത്തുന്ന ഹാരിഷ് എന്ന ജേർണലിസ്റ്റിന്റെ കാഴ്ചപ്പാടിലൂടെയാണ് ഇതിലെ കഥ മുന്നേറുന്നത്. അയാൾ അവിടുത്തുകാരിയായ ഒരു ഗവേഷകയായ സീമയെ കണ്ടുമുട്ടുന്നു. അങ്കിൾ പാമെയെപ്പോലുള്ള കഥാപാത്രങ്ങൾക്കൊപ്പം അവർ മുതലകളെപ്പറ്റിയുള്ള ഒരു സർവേയിൽ ഭാഗഭാക്കാകുന്നതിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു. ബർമയിലെ കാരെൻ വിഭാഗത്തിന്റെ പ്രതിനിധിയാണ് അങ്കിൾ പാമെ.

ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഭരണകാലത്താണ് അയാളുടെ മുൻതലമുറക്കാർ ഇവിടെ താമസമാക്കിയത്. അതിന് പുറമെ അവിടെ ബംഗാളികൾ, തമിഴന്മാർ, റാഞ്ചിക്കാർ, അഴിമതിയിൽ കുടുങ്ങിയ രാഷ്ട്രീയക്കാർ, പോലീസുകാർ എന്നിവരും ആൻഡമാനിൽ അഭയം തേടിയെത്തിയിട്ടുണ്ട്. ഇത്തരത്തിൽ യഥാതദമായി ആൻഡമാനിന്റെ കഥപറയുമ്പോഴും അതിൽ ഭാവനയുടെ ഭാഷ ചാലിച്ച് ഈ നോവലിനെ അനുഭവിപ്പിക്കാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. സംഭ്രമജനകമായ ഭാഷയിലൂടെ ആൻഡമാനിനെ വായനക്കാരന് മുമ്പിൽ ചിത്രീകരിക്കാൻ എഴുത്തുകാരന് സാധിച്ചിരിക്കുന്നു. ഹാപ്പെർ കോളിൻസ് പ്രസിദ്ധീകരിച്ച 350 പേജുള്ള ഈ പുസ്തകത്തിന്റെ വില 350 രൂപയാണ്.