ഓഹരി നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ ഒരു ഫോര്‍മുല

വ്യക്തമായ ധാരണയില്ലാതെ ഓഹരി നിക്ഷേപത്തിലേക്ക് കാലെടുത്തു വയ്ക്കുന്നവര്ക്ക് അത് തീര്ച്ചയായും ബാലികേറാമലയായി തോന്നും. എന്നാല് ഈ നിക്ഷേപമാര്ഗ്ഗത്തിന്റെ ഗുണങ്ങള് കൃത്യമായി മനസ്സിലാക്കുന്നവര്ക്ക് ഇത് പണംകായ്ക്കുന്ന കല്പവൃക്ഷവുമാണ്. ദീര്ഘകാലയളവില് ആറ്റവും നേട്ടം തരുന്ന നിക്ഷേപ മാര്ഗ്ഗമാണ് ഓഹരിയെന്നതില് സംശയമില്ല. ഓഹരി വിപണിയില് ഒരു കൈനോക്കാന് ഒരുങ്ങുന്നവര്ക്ക് ലളിതമായി അതിന്റെ വിവിധ വശങ്ങള് മനസ്സിലാക്കിക്കൊടുക്കുന്ന പുസ്തകമാണ് ആര്. റോഷന് എഴുതിയ 'ഓഹരിനിക്ഷേപം അറിയേണ്ടതെല്ലാം'.
 | 

ഓഹരി നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ ഒരു ഫോര്‍മുല

കൊച്ചി: വ്യക്തമായ ധാരണയില്ലാതെ ഓഹരി നിക്ഷേപത്തിലേക്ക് കാലെടുത്തു വയ്ക്കുന്നവര്‍ക്ക് അത് തീര്‍ച്ചയായും ബാലികേറാമലയായി തോന്നും. എന്നാല്‍ ഈ നിക്ഷേപമാര്‍ഗ്ഗത്തിന്റെ ഗുണങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നവര്‍ക്ക് ഇത് പണംകായ്ക്കുന്ന കല്പവൃക്ഷവുമാണ്. ദീര്‍ഘകാലയളവില്‍ ആറ്റവും നേട്ടം തരുന്ന നിക്ഷേപ മാര്‍ഗ്ഗമാണ് ഓഹരിയെന്നതില്‍ സംശയമില്ല. ഓഹരി വിപണിയില്‍ ഒരു കൈനോക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ലളിതമായി അതിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്ന പുസ്തകമാണ് ആര്‍. റോഷന്‍ എഴുതിയ ‘ഓഹരിനിക്ഷേപം അറിയേണ്ടതെല്ലാം’.

ഓഹരി നിക്ഷേപത്തിലൂടെ ദീര്‍ഘകാലയളവില്‍ സമ്പത്ത് സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍ വിശദീകരിക്കുന്നത്. എന്താണ് ഓഹരി വിപണിയെന്നും അതില്‍ എങ്ങനെയാണ് നിക്ഷേപം നടത്തേണ്ടതെന്നും ലളിതമായ ഭാഷയില്‍ ഗ്രന്ഥകര്‍ത്താവ് വിശദീകരിക്കുന്നു. മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ കമ്പനികളുടെ സാമ്പത്തിക സ്ഥിതി എങ്ങനെ മനസ്സിലാക്കാം, ഓഹരികളുടെ മൂല്യം മനസ്സിലാക്കേണ്ടത് എങ്ങനെ, വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം തുടങ്ങിയവയെപ്പറ്റിയും വിവരണമുണ്ട് . നിക്ഷേപതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാം, കോടികള്‍ നേടാം ആസൂത്രണത്തിലൂടെ എന്നീ അധ്യായങ്ങള്‍ ഓഹരി നിക്ഷേപവുമായി മുന്നോട്ടു പോകുന്നവര്‍ക്ക് നല്ല പാഠങ്ങളാണ്. ഓഹരി ഇടപാടിലെ നഷ്ടസാധ്യതകള്‍ കുറയ്ക്കാനുള്ള വിദ്യകളും പുസ്തകത്തിലുണ്ട്.

വിദേശ ഇന്ത്യക്കാര്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള അവസരത്തെപ്പറ്റിയുള്ള അധ്യായമായാണ് ശ്രദ്ധേയമായ മറ്റൊന്ന്. ഓഹരി നിക്ഷേപത്തിലൂടെ തന്നെ നികുതി ഇളവ് നേടാനുള്ള മാര്‍ഗ്ഗങ്ങള്‍ വിലപ്പെട്ട വിവരമാണ്. മ്യൂച്വല്‍ ഫണ്ടിന്റെ സാധ്യതകളും പുസ്തകത്തില്‍ ഇടം നേടിയിട്ടുണ്ട്. ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട്, തുടക്കക്കാര്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട് റോഷന്‍ ഈ പുസ്തകത്തിലൂടെ.

ഓഹരി വാങ്ങി മണിക്കൂറുകള്‍ക്കുള്ളിലോ ദിവസങ്ങള്‍ക്കുള്ളിലോ വില്‍ക്കുന്ന ട്രേഡിങ് രീതി തുടക്കക്കാര്‍ക്ക് നല്ലതല്ല എന്ന് ഗ്രന്ഥകര്‍ത്താവ് ഓര്‍മിപ്പിക്കുന്നു. ഓഹരികളിലെ സാങ്കേതികതകള്‍, ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് സമ്പ്രദായം എന്നിവയെക്കുറിച്ച് വിശദീകരിച്ച് തുടക്കക്കാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്. ഓഹരി വിപണിയിലേക്ക് പുതുതായി ഇറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനമാണ് ‘ഓഹരിനിക്ഷേപം അറിയേണ്ടതെല്ലാം’ എന്ന പുസ്തകം നല്‍കുന്നത്. 192 പേജുകളുള്ള ഈ പുസ്തകം ഡി.സി. ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 160 രൂപ.

ധനകാര്യ പത്രപ്രവര്‍ത്തകനായ ആര്‍.റോഷന്റെ രണ്ടാമത്തെ പുസ്തകമാണ് ഇത്. ‘സ്വര്‍ണത്തില്‍ എങ്ങനെ നിക്ഷേപിക്കാം’ ആയിരുന്നു ആദ്യ പുസ്തകം.