പാക്കിസ്ഥാനിലെ ഹൈന്ദവ ക്ഷേത്രങ്ങൾ; പാക് യുവതികളുടെ അക്ഷര തീർത്ഥാടനം

എങ്ങനെയൊക്കെ വിഭജിച്ചാലും ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള പൊതുവായ സംസ്കാരത്തെയും ചരിത്രത്തെയും ആർക്കും വെട്ടിമുറിക്കാനാവില്ലല്ലോ. പാക്കിസ്ഥാനിൽ ഇന്നും ശേഷിക്കുന്ന ഹൈന്ദവ പൈതൃകത്തെ അക്ഷരങ്ങളിലൂടെ ആവാഹിക്കാനുള്ള രണ്ട് എഴുത്തുകാരികളുടെ ശ്രമമാണ് 'ടെംപിൾസ് ഇൻ പാക്കിസ്ഥാൻ: എ കാൾ ടു കോൺഷ്യൻസ്' എന്ന പുസ്തകം. മതേതരമായ കാഴ്ചപ്പാടോടെ പാക്കിസ്ഥാനിലെ ഹിന്ദുജീവിതത്തെക്കുറിച്ച് പ്രതിപാദിക്കാനുള്ള ആദ്യ ശ്രമമായി ഇതിനെ കാണാവുന്നതാണ്.
 | 
പാക്കിസ്ഥാനിലെ ഹൈന്ദവ ക്ഷേത്രങ്ങൾ; പാക് യുവതികളുടെ അക്ഷര തീർത്ഥാടനം

എങ്ങനെയൊക്കെ വിഭജിച്ചാലും ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള പൊതുവായ സംസ്‌കാരത്തെയും ചരിത്രത്തെയും ആർക്കും വെട്ടിമുറിക്കാനാവില്ലല്ലോ. പാക്കിസ്ഥാനിൽ ഇന്നും ശേഷിക്കുന്ന ഹൈന്ദവ പൈതൃകത്തെ അക്ഷരങ്ങളിലൂടെ ആവാഹിക്കാനുള്ള രണ്ട് എഴുത്തുകാരികളുടെ ശ്രമമാണ് ‘ടെംപിൾസ് ഇൻ പാക്കിസ്ഥാൻ: എ കാൾ ടു കോൺഷ്യൻസ്’ എന്ന പുസ്തകം. മതേതരമായ കാഴ്ചപ്പാടോടെ പാക്കിസ്ഥാനിലെ ഹിന്ദുജീവിതത്തെക്കുറിച്ച് പ്രതിപാദിക്കാനുള്ള ആദ്യ ശ്രമമായി ഇതിനെ കാണാവുന്നതാണ്.

പാക്കിസ്ഥാനി വനിതകളായ റീമ അബ്ബാസിയും മദിഹ ഐജാസും ചേർന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഇവിടെയുള്ള ഹൈന്ദവ ക്ഷേത്രങ്ങളിലൂടെ സഞ്ചരിച്ചാണീ ഗ്രന്ഥം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഇതിനായി ബലൂചിസ്ഥാൻ, താർ, നാഗർപാർക്കർ, കറാച്ചി, ഖൈബർ പഖ്തുൻഖ്വ, പഞ്ചാബ്, സിന്ധ് തുടങ്ങിയ സ്ഥലങ്ങളിലെ മഹാക്ഷേത്രങ്ങളിലടെയെല്ലാം ഇവർ കടന്നു പോയി.

പാക്കിസ്ഥാനെക്കുറിച്ച് പുറംലോകത്തിന് അറിയാവുന്നതിൽ നിന്നും തീർത്തും വ്യത്യസ്തരാണ് ഇവിടെയുള്ള സാധാരണക്കാരെന്ന് പുസ്തകത്തിന്റെ രചയിതാക്കളിലൊരാളായ റീമ അബ്ബാസി പറയുന്നു. തങ്ങളുടെ രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ജീവിതത്തെക്കുറിച്ചും ക്ഷേത്രങ്ങളെക്കുറിച്ചും ഇതിലൂടെ മനസ്സിലാക്കാമെന്നും അവർ കൂട്ടിച്ചേർത്തു. ജൂലൈ 23ന് നടന്ന പുസ്തകത്തിന്റെ പ്രകാശനവേളിയിൽ സംസാരിക്കുകയായിരുന്നു അവർ.

ഈ പുസ്തകത്തിന് ജീവൻ പകരുന്ന മനോഹരങ്ങളായ ഫോട്ടോകൾ മദിഹ ഐജാസിന്റെ സംഭാവനകളാണ്. ഹോളിയാഘോഷത്തിനിടെ ആളുകൾ പരസ്പരം നിറങ്ങൾ വാരിത്തേയ്ക്കുന്നതും ദീപാവലി കൊണ്ടാടുന്നതിനിടെ കുട്ടികളടക്കമുളളവർ ആവേശത്തോടെ പടക്കം പൊട്ടിക്കുന്നതും പൂത്തിരി കത്തിക്കുന്നതും പോലുള്ള നിറപ്പകിട്ടാർന്നതും ജീവസ്സുറ്റതുമായ ചിത്രങ്ങൾ പുസ്തകത്തിലുണ്ട്. ഈ ചിത്രങ്ങൾ കണ്ടാൽ അവ പാക്കിസ്ഥാനിൽ നിന്നെടുത്തവയാണെന്നല്ല തോന്നുക, മറിച്ച് ഇന്ത്യയിലെ ആഘോഷവേളകളിൽ നിന്നുള്ളതാണെന്നേ തോന്നൂ.

ഇന്ത്യയിലെ ഹിന്ദുക്കളുടെ മിക്ക ഉത്സവങ്ങളും ചടങ്ങുകളും അതേ ആവേശത്തോടെ ഇവിടെയും ആഘോഷിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്തരം ഫോട്ടോകളെടുക്കാനും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും വിദൂരസ്ഥമായും അറിയാത്തതുമായ പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരത്തിലൂടെ ഒരു പുതിയ ഉൾക്കാഴ്ച സിദ്ധിച്ചുവെന്ന് പുസ്തകത്തിന്റെ സഹരചയിതാവായ മദിഹ ഐജാസ് വെളിപ്പെടുത്തുന്നു. താൻ ഹിന്ദു പുരാണങ്ങൾ പഠിച്ചിട്ടുണ്ടെന്നും റീമക്ക് ഈ വിഷയങ്ങളിൽ അഗാധമായ പാണ്ഡ്യത്യമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യാവിഭജനത്തിന് മുമ്പേ ഇവിടെ ജീവിച്ചിരുന്ന പ്രായമായവർക്ക് പാക്കിസ്ഥാനിലെ ക്ഷേത്രങ്ങളെക്കുറിച്ച് വീണ്ടും ഈ പുസ്തകത്തിൽക്കൂടി അറിയുമ്പോൾ ഗൃഹാതുരത്വമുണരുമെന്നുറപ്പാണ്. അതിനു പുറമെ പാക്കിസ്ഥാനിലെ ഹിന്ദുക്കൾ ദീപാവലി, ഗണേശചതുർത്ഥി, ജന്മാഷ്ടമി, ഹോളി തുടങ്ങിയവ എങ്ങനെ ആഘോഷിക്കുന്നുവെന്നും ഇതിലൂടെ വ്യക്തമാകുന്നു.

ബലൂചിസ്ഥാനിലെ ദുർഗാ ക്ഷേത്രമായ ഹിൻഗ്ലാജ്, പഞ്ചാബിലെ കതാസ് രാജ് ക്ഷേത്രം എന്നിവയെ പുസ്തകത്തിലൂടെ അടുത്തറിയാം. വനവാസക്കാലത്ത് പാണ്ഡവർക്ക് അഭയം നൽകിയ ക്ഷേത്രമായിരുന്നുവത്രെ കതാസ് രാജ്. കൂടാതെ സിന്ധിലെ കൽക്ക ഗുഹാക്ഷേത്രം, കറാച്ചിയിലെ പഞ്ചമുഖി ഹനുമാൻ ക്ഷേത്രം തുടങ്ങിയവയെക്കുറിച്ചുള്ള ഐതിഹ്യങ്ങളാലും സമ്പന്നമാണീ ഗ്രന്ഥം.

പാക്കിസ്ഥാനിലെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന മൈത്രിയുടെ ഇതുവരെയറിയാത്ത ചിത്രം പുറംലോകത്തെത്തിക്കുകയാണ് 296 പേജുള്ള പുസ്തത്തിലൂടെ തങ്ങൾ ലക്ഷ്യമിട്ടതെന്ന് റീമ അബ്ബാസി പറയുന്നു.