അമ്മായിയമ്മയെ കൈകാര്യം ചെയ്യാനുള്ള വീണയുടെ പുസ്തകം ഇന്ത്യയിൽ ബെസ്റ്റ് സെല്ലർ

അമ്മായി അമ്മയും മരുമകളും തമ്മിലുള്ള പോരില്ലെങ്കിൽ നമ്മുടെ ടെലിവിഷൻ പരമ്പരകൾ എങ്ങിനെയാണ് നിലനിന്നു പോവുകയെന്നറിയില്ല. ഇന്ത്യൻ ഭാഷകളിലിറങ്ങുന്ന മിക്ക സീരിയലുകളുടെയും കഥാതന്തു ഈ വിഷയത്തിൽ അധിഷ്ഠിതമാണെന്നത് ശ്രദ്ധേയമാണ്. സിനിമകളും ഇതിൽ നിന്ന് പരിപൂർണമായും മുക്തമല്ല. ഇത്തരം സോപ്പ് ഓപ്പറകൾ ഈ വിഷയത്തെ അതിശയോക്തിപരമായാണ് ചിത്രീകരിക്കാറുള്ളത്. എന്നാൽ ഈ വിഷയത്തെ ഗൗരവമായി സമീപിക്കാനുള്ള ശ്രമമാണ് പത്രപ്രവർത്തകയും എഴുത്തുകാരിയുമായ വീണ വേണുഗോപാൽ 'ദി മദർ ഇൻലോ: ദി അഥർ വുമൺ ഇൻ യുവർ മാര്യേജ്' എന്ന പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്.
 | 
അമ്മായിയമ്മയെ കൈകാര്യം ചെയ്യാനുള്ള വീണയുടെ പുസ്തകം ഇന്ത്യയിൽ ബെസ്റ്റ് സെല്ലർ

 

അമ്മായി അമ്മയും മരുമകളും തമ്മിലുള്ള പോരില്ലെങ്കിൽ നമ്മുടെ ടെലിവിഷൻ പരമ്പരകൾ എങ്ങിനെയാണ് നിലനിന്നു പോവുകയെന്നറിയില്ല. ഇന്ത്യൻ ഭാഷകളിലിറങ്ങുന്ന മിക്ക സീരിയലുകളുടെയും കഥാതന്തു ഈ വിഷയത്തിൽ അധിഷ്ഠിതമാണെന്നത് ശ്രദ്ധേയമാണ്. സിനിമകളും ഇതിൽ നിന്ന് പരിപൂർണമായും മുക്തമല്ല. ഇത്തരം സോപ്പ് ഓപ്പറകൾ ഈ വിഷയത്തെ അതിശയോക്തിപരമായാണ് ചിത്രീകരിക്കാറുള്ളത്. എന്നാൽ ഈ വിഷയത്തെ ഗൗരവമായി സമീപിക്കാനുള്ള ശ്രമമാണ് പത്രപ്രവർത്തകയും എഴുത്തുകാരിയുമായ വീണ വേണുഗോപാൽ ‘ദി മദർ ഇൻലോ: ദി അഥർ വുമൺ ഇൻ യുവർ മാര്യേജ്’ എന്ന പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്.

പെൻഗ്വിൻബുക്‌സ് അടുത്തിടെ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇന്ത്യയിൽ ബെസ്റ്റ്‌സെല്ലറാവുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമ്മായി അമ്മമാരെ വരുതിയിൽ നിർത്താനുള്ള ഈ പുസ്തകം മരുമക്കളായിരിക്കും കൂടുതൽ വാങ്ങിയിരിക്കുകയെന്നതിൽ സംശയമില്ല.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആ മാറ്റങ്ങൾ അമ്മായിയമ്മമാർക്ക് മരുമക്കളോടുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടിനെ തീരെ സ്വാധീനിച്ചിട്ടില്ലെന്നാണ് വീണയുടെ പുസ്തകം വെളിപ്പെടുത്തുന്നത്.

1990കളിൽ സാമ്പത്തിക ഉദാരവൽക്കരണത്തെ തുടർന്ന് അണുകുടുംബങ്ങൾ ഇന്ത്യയിൽ സർവസാധാരണമായി. ഇതിന്റെ ഭാഗമായി പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും ലഭിക്കുന്നുണ്ട്. ഇവരുടെ വിവാഹം വൈകിയാണ് നടക്കുന്നതും. എന്നാൽ ഇത്തരം സാമൂഹ്യമാറ്റങ്ങളെ ഉൾക്കൊള്ളാൻ ഇന്ത്യയിലെ അമ്മായിയമ്മമാർ ഇനിയും തയ്യാറായിട്ടില്ലെന്നാണ് ഈ പുസ്തകം സ്ഥാപിക്കുന്നത്.

ആദ്യകാലത്ത് പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ വിവാഹിതരായി ഭർത്തൃഗൃഹത്തിലെത്തുന്ന ഇന്ത്യൻ പെൺകുട്ടികളെ കാത്തിരുന്നത് മഹാദുരിതങ്ങളായിരുന്നു. അതുവരെ താൻ നോക്കി വളർത്തിയ മകന് പുതിയൊരു അവകാശി വരുന്നതിൽ ഏത് അമ്മയ്ക്കും അസൂയയുണ്ടാകും. അതിൽ നിന്നുണ്ടാകുന്ന വെറുപ്പ് മൂലം അവർ മരുമകളെ പീഡിപ്പിക്കാൻ തക്കംനോക്കിയിരിക്കുകയും ചെയ്യും. തൽഫലമായി ഭർത്തൃമാതാവിൽ നിന്നുള്ള ശാരീരികവും മാനസികവുമായുള്ള പീഡനങ്ങൾക്ക് പുത്രവധുക്കൾ വിധേയരാകുന്നു.

ഇതിനിടെ ഭാരിച്ച വീട്ടുജോലികളും കുട്ടികളെ വളർത്തലും മറ്റും ചെയ്യാനും അവർ നിർബന്ധിതരായിരുന്നു. പുറം ലോകവുമായി ലവലേശം ബന്ധമില്ലാത്ത കുഗ്രാമങ്ങളിലെ പെൺകുട്ടികൾ ഇത്തരത്തിൽ നരകജീവിതമാണ് പുലർത്തിയിരുന്നത്. ആ ദുരവസ്ഥ ഇന്ന് പൂർണമായും നിലനിൽക്കുന്നില്ല. എന്നാൽ മറ്റൊരു രൂപത്തിൽ അമ്മായിയമ്മമാരുടെ പീഡനം അതേപടി നിലനിൽക്കുന്നുണ്ടെന്നാണ് ‘മദർ ഇൻ ലോ’ വെളിവാക്കുന്നത്.

ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരും എല്ലാ കാര്യങ്ങൾക്കും തന്റേതായ അഭിപ്രായമുള്ളവരുമായ സ്ത്രീകൾ പോലും വിവാഹത്തിലകപ്പെടുന്നതോടെ അമ്മായി അമ്മയുടെയും ഭർത്തൃവീട്ടുകാരുടെയും പലവിധ ചൂഷണങ്ങളിലകപ്പെട്ട് സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരായി മാറുന്നുവെന്ന സത്യം ഈ പുസ്തകം പറയുന്നു. പുസ്തകത്തിന്റെ രചനയ്ക്കായി രാജ്യത്തുടനീളം സഞ്ചരിച്ച വീണ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകളെ കണ്ട് അവരുടെ അനുഭവങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം യഥാർത്ഥ പേരുകളിലല്ലെങ്കിൽ പോലും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മധ്യവർഗ കുടുംബങ്ങളിലുള്ള 11 സ്ത്രീകളുടെ അനുഭവകഥകളിലൂടെയാണ് വീണ തന്റെ കണ്ടെത്തലുകൾ സ്ഥാപിക്കുന്നത്.

സാമൂഹിക വിഷയങ്ങളിൽ ശക്തമായി ഇടപെടുന്ന ജേർണലിസ്റ്റുകൾക്ക് പോലും അമ്മായിഅമ്മയുടെ പീഡനങ്ങൾക്ക് മുന്നിൽ ചെറുത്ത് നിൽക്കാനാവുന്നില്ലെന്ന് പുസ്തകത്തിൽ പറയുന്നുണ്ട്. ഇതിൽ പരാമർശിക്കുന്ന ടെലിവിഷൻ ജേർണലിസ്റ്റിനെ ഭർതൃ വീട്ടിലെത്തിയാൽ കസേരയിലോ സോഫയിലോ ഇരിക്കാൻ പോലും അമ്മായി അമ്മ സമ്മതിക്കില്ലത്രെ. വേണമെങ്കിൽ വെറും തറയിൽ ഇരുന്നു കൊള്ളാനാണ് അമ്മായി അമ്മയുടെ കൽപ്പന.

മാസാമാസം ലഭിക്കുന്ന ഉയർന്ന ശമ്പളം അമ്മായിയമ്മയെ ഏൽപ്പിക്കുന്ന ജേർണലിസ്റ്റിന് തന്റെ അത്യാവശ്യങ്ങൾക്ക് പോലും അവരുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയാണുള്ളത്. മാധ്യമ രംഗത്തെ തലവേദന പിടിച്ച ജോലി കഴിഞ്ഞെത്തുന്ന അവളെക്കൊണ്ട് വീട്ടു പണികളെല്ലാം ചെയ്യിക്കാൻ അമ്മായി അമ്മ കാവലിരിക്കുകയാണ്. ഇത്തരത്തിൽ നിരവധി സ്ത്രീകളുടെ അനുഭവ കഥകളാണ് മദർ ഇൻ ലോയിൽ കൈകാര്യം ചെയ്യുന്നത്.

ഒരു രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ സ്ത്രീകൾക്ക് നിർണായകമായ പങ്കുണ്ട്. സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഈ ഗൗരവ പ്രശ്‌നം പരിഹരിക്കാൻ ഭർത്താക്കന്മാരടക്കമുള്ള പുരുഷന്മാരുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളൊന്നുമുണ്ടാവാത്തതിൽ വീണ രോഷം രേഖപ്പെടുത്തുന്നു. ഈ വിഷയം അടിസ്ഥാനമാക്കി ഇന്ത്യയൊട്ടാകെ ഒരു ക്രിയാത്മകമായ ചർച്ച ഈ എഴുത്തുകാരി സ്വപ്നം കാണുന്നുണ്ട്.

പത്രപ്രവർത്തകയും എഴുത്തുകാരിയുമായ വീണ വേണുഗോപാൽ ഹിന്ദു ബിസിനസ്സ് ലൈൻ പത്രത്തിന്റെ എഡിറ്ററാണ്. ‘വുഡ് യു ലൈക്ക് സം ബ്രെഡ് വിത്ത് ദാറ്റ് ബുക്ക്?’ എന്ന പുസ്തകം കൂടി അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.