ബൈബിളും മദ്യപാനവും

പൂട്ടിക്കിടക്കുന്ന 418 ബാറുകളിൽ ഭൂരിപക്ഷവും ഹിന്ദു സമുദായത്തിൽപ്പെട്ടവരുടെ ആണെന്നും തുറന്ന് പ്രവർത്തിക്കുന്ന 312 ഇൽ ഭൂരിപക്ഷവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരുടെ ആണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശൻ നാളിതുവരെ പറഞ്ഞിരുന്നത്. കത്തോലിക്കാ സഭ കള്ളുഷാപ്പ് സമരം നടത്തുമ്പോഴും വെള്ളാപ്പള്ളി സമാന ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ മുഴുവൻ ബാറുകളും പൂട്ടിയതോടെ വെള്ളാപ്പള്ളി നടേശന് കത്തോലിക്ക സഭയെ പ്രതിരോധത്തിലാക്കാൻ വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന വളരെ വീര്യം കുറഞ്ഞ വീഞ്ഞിൽ കയറിപ്പിടിക്കേണ്ട ഗതികേടിലെത്തി.
 | 
ബൈബിളും മദ്യപാനവും

 

പൂട്ടിക്കിടക്കുന്ന 418 ബാറുകളിൽ ഭൂരിപക്ഷവും ഹിന്ദു സമുദായത്തിൽപ്പെട്ടവരുടെ ആണെന്നും തുറന്ന് പ്രവർത്തിക്കുന്ന 312 ഇൽ ഭൂരിപക്ഷവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരുടെ ആണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശൻ നാളിതുവരെ പറഞ്ഞിരുന്നത്. കത്തോലിക്കാ സഭ കള്ളുഷാപ്പ് സമരം നടത്തുമ്പോഴും വെള്ളാപ്പള്ളി സമാന ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ മുഴുവൻ ബാറുകളും പൂട്ടിയതോടെ വെള്ളാപ്പള്ളി നടേശന് കത്തോലിക്ക സഭയെ പ്രതിരോധത്തിലാക്കാൻ വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന വളരെ വീര്യം കുറഞ്ഞ വീഞ്ഞിൽ കയറിപ്പിടിക്കേണ്ട ഗതികേടിലെത്തി. കത്തോലിക്കാ സഭ മദ്യ നിരോധനത്തിന് വേണ്ടി സുധീരനെ മുന്നിൽ നിർത്തിക്കളിച്ചു എന്ന ആക്ഷേപം വെള്ളാപ്പള്ളി നടേശനും ബാറു മുതലാളിമാരും ഉന്നയിക്കുന്നു. മദ്യ നിരോധനത്തിനായി കത്തോലിക്കാ സഭ അരയും തലയും മുറുക്കി രംഗത്തിറങ്ങി എന്ന് പലരും ആരോപിക്കുന്ന സാഹചര്യത്തിൽ മദ്യപാനത്തെപ്പറ്റി ബൈബിളിൽ എന്ത് പറയുന്നു എന്ന് പരിശോധിക്കുകയാണ് ഇവിടെ.

ബൈബിളിൽ മദ്യമെന്നതിനേക്കാൾ വിഞ്ഞ് എന്ന വാക്കാണ് കൂടുതലായും ഉപയോഗിക്കുന്നത്. പുതിയ നിയമത്തിലായാലും പഴയ നിയമത്തിലായാലും വീഞ്ഞിന്റെ ധാരാളമായ ഉപയോഗം കാണാം. യേശുവിന്റെ ആദ്യ അത്ഭുതം തന്നെ കാനായിലെ കല്യാണത്തിൽ പച്ചവെള്ളം വീഞ്ഞാക്കിക്കൊണ്ടായിരുന്നു. വീഞ്ഞ് കുടിച്ച് മത്ത് പിടിച്ച ഒരു ചടങ്ങിലേക്ക് ആയിരുന്നു യേശൂ കുടുതൽ നല്ല വീഞ്ഞ് ഉണ്ടാക്കിക്കൊടുത്തതെന്ന് യോഹന്നാന്റെ സുവിശേഷം 2:9,10ൽ വായിക്കാം.

കലവറക്കാരൻ വീഞ്ഞായി മാറിയ വെള്ളം രുചിച്ച് നോക്കി. അത് എവിടെ നിന്ന് എന്ന് അവൻ അറിഞ്ഞിരുന്നില്ല. എന്നാൽ വെള്ളം കോരിയ പരിചാരകർ അറിഞ്ഞിരുന്നു. അവൻ മണവാളനെ വിളിച്ച് പറഞ്ഞു: എല്ലവരും മേൽത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അഥികൾ ലഹരി പിടിച്ച് കഴിയുമ്പോൾ താഴ്ന്ന തരവും, എന്നാൽ നീ നല്ല വീഞ്ഞ് ഇതുവരേയും സൂക്ഷിച്ചു വച്ചുവല്ലൊ (യോഹന്നാൻ 2:9,10).

യേശു ക്രിസ്തുവിനെ മദ്യപനെന്ന് പലരും വിളിച്ചിരുന്നു എന്ന സൂചനയാണ് ലൂക്കയുടെ സുവിശേഷം 7:34 കാണുന്നത്.
മനുഷ്യപുത്രൻ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു, അപ്പോൾ ഇതാ ഭോജന പ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനായ മനുഷ്യൻ എന്ന് നിങ്ങൾ പറയുന്നു (ലൂക്ക 7:34).

ഇനി ലേഖനങ്ങളിലെക്ക് വന്നാൽ 1 തിമോത്തിയോസ് 5:23 പറയുന്നത് ഇങ്ങനെ.
നീ വിശുദ്ധി പാലിക്കണം. വെള്ളം മാത്രമേ കുടിക്കൂ എന്ന നിർബന്ധം വിടുക, നിന്റെ ഉദരത്തെയും നിനക്ക് കൂടെക്കൂടെ ഉണ്ടാകുന്ന രോഗങ്ങളെയും പരിഗണിച്ച് അൽപ്പം വീഞ്ഞ് ഉപയോഗിച്ച് കൊള്ളുക ( തിമോത്തിയോസ് 5:23 ).

യേശു തന്റെ അവസാനത്തെ പെസഹാ ആചരണത്തിലും വീഞ്ഞ് ഉപയോഗിച്ചിരുന്നു, അതിന്റെ അനുസ്മരണം എന്ന നിലക്കാണ് വിശുദ്ധകുർബാനയിൽ വീഞ്ഞ് ഉപയോഗിക്കുന്നത് പോലും. ഈ വീഞ്ഞ് ഉപയോഗത്തിന്റെ ചരിത്രം തപ്പി പഴയ നിയമത്തിലേക്ക് പോയാൽ വീഞ്ഞിന്റെ പ്രാധ്യാന്യം ഒരുപാട് ഇടത്ത് കാണാൻ കഴിയും .

പഴയ നിയമത്തിലെ സംഖ്യാ പുസ്തകത്തിന്റെ 28-ാം അധ്യായം ബലികളേയും ഉത്സവങ്ങളേയും പറ്റി ഉള്ളതാണ്. ഈ അധ്യായത്തിന്റെ 7-ാം വാക്യത്തിൽ കർത്താവ് മോശയോട് ഇങ്ങനെ അരുളിച്ചെയ്യുന്നു.

അതോടൊപ്പം ഒരു ആട്ടിൻകുട്ടിക്ക് ഒരു ഹിന്നിന്റെ നാലിൽ ഒന്ന് എന്ന തോതിൽ പാനീയ ബലിയും അർപ്പിക്കണം. കർത്താവിനുള്ള പാനീയ ബലിയായി ലഹരി ഉള്ള വീഞ്ഞ് നിങ്ങൾ വിശുദ്ധ സ്ഥലത്ത് ഒഴിക്കണം (സംഖ്യ 28:7).

നിയമാവർത്തന പുസ്തകം 7-ാം അധ്യായത്തിൽ തങ്ങൾക്ക് ലഭിക്കാൻ പോകുന്ന വാഗ്ദത്ത ഭൂമിയെപ്പറ്റി ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനോട് ഇങ്ങനെ പറയുന്നത് കാണാം.

അവിടുന്ന് നിങ്ങളെ സ്‌നേഹിക്കുകയും അനുഗഹിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യും, നിങ്ങൾക്ക് തരുമെന്ന് അവിടുന്ന് നിങ്ങളുടെ പൂർവ്വ പിതാക്കന്മാരോട് ശപഥം ചെയ്തിട്ടുള്ള നാട്ടിൽ നിങ്ങളെ സന്താനപുഷ്ടി ഉള്ളവരും നിങ്ങളുടെ ഭൂമി ഫലപുഷ്ടി ഉള്ളതുമാക്കും. ധാന്യം, വീഞ്ഞ് എണ്ണ, കന്നുകാലികൾ, ആട്ടിൻപറ്റം എന്നിവയെ അവിടുന്ന് ആശീർവദിക്കുകയും ചെയ്യും (നിയമാവർത്തനം 7:13).

നിയമാവർത്തന പുസ്തകം 18-ാം അധ്യായത്തിന്റെ നാലാം വാക്യം പറയുന്നത്.
ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യ ഫലം കർത്താവിന് അർപ്പിക്കണമെന്നാണ് (നിയമാവർത്തനം 18:4).

ധാന്യത്തിനും എണ്ണക്കും ആട്ടിൻ പറ്റത്തിനും കന്നുകാലികൾക്കും ഒപ്പമുള്ള വീഞ്ഞിന്റെ പ്രസക്തി സമുവേലിന്റെ പുസ്തകത്തിലും ,ദിനവൃത്താന്തത്തിലും നെഹമിയയിലും ഒക്കെ കാണാം.
ആ വാക്യങ്ങൾ ഇവിടെ വായിക്കാം
1 സാമുവെൽ 1:26, 16:20
2 സാമുവെൽ 16:2
1 ദിനവൃത്താന്തം 9:29,12.:40
2 ദിനവൃത്താന്തം 11:11,31.:5,32.28
എസ്ര 6:9
നെഹമിയ 5:11,10:37,10:39,13:12,13:15
ജെറമിയ 31:12

ഇനി സഖറിയായുടെ പുസ്തകം 9:17ൽ വരാനിരിക്കുന്ന രാജാവിനെപ്പറ്റി പറയുന്ന ഭാഗം അവസാനിക്കുന്നത് ഇങ്ങനെയാണ്.
അപ്പോൾ ധാന്യം യുവാക്കളേയും പുതുവീഞ്ഞ് യുവതികളെയും പുഷ്ടിപ്പെടുത്തും (സഖറിയാ 9: 17 ).

2 മക്കബായർ പുസ്തകത്തിന്റെ 15-ാം അധ്യായത്തിൽ നിക്കോനോറിന്റെ കഥ അവസാനിപ്പിച്ച് കൊണ്ട് ഇങ്ങനെ പറയുന്നു.
വെള്ളം ചേർക്കാത്ത വീഞ്ഞോ വെള്ളം മാത്രമോ കുടിക്കുക ഉപദ്രവകരമാണ്. വെള്ളം ചേർത്ത വീഞ്ഞ് മധുരവും സ്വാദേറിയതുമാണ് .ആനന്ദദായകമാണ്. അതുപോലെയാണ് കഥാകഥന രീതി വായനക്കാരനെ ആഹ്ലാദിപ്പിക്കുന്നതും(2 മക്കബായർ 15:39).

പ്രഭാഷകന്റെ പുസ്തകം 31:27 പറയുന്നത്.
മിതമായി കുടിച്ചാൽ വീഞ്ഞ് മനുഷ്യന് ജീവൻ പോലെയാണ്, വിഞ്ഞ് കുടിക്കാത്തവന് എന്ത് ജീവിതം. അത് മനുഷ്യന്റെ സന്തോഷത്തിന് സൃഷ്ടിച്ചിട്ടുള്ളതാണ് (പ്രഭാഷകൻ 31:27 ).

ഇതേ പുസ്തകം 39 : 26 ഇൽ എത്തുമ്പോൾ.
മനുഷ്യന്റെ ജീവിതത്തിലെ പ്രാഥമീകാവശ്യങ്ങൾ ജലം, അഗ്‌നി, ഇരുമ്പ്, ഉപ്പ്, ഗോതമ്പ്, പാൽ, തേൻ, വീഞ്ഞ്, എണ്ണ എന്നിവയാണെന്ന് (പ്രഭാഷകൻ 39:26 ) പറയുന്നു.

ചുരുക്കം പറഞ്ഞാൽ 12 മുതൽ 14 വരെ ശതമാനം ആൽക്കഹോൾ അടങ്ങിയ വീഞ്ഞിനെ ആഹാരത്തിന്റെ ഭാഗമായി തന്നെ ബൈബിൾ കാലഘട്ടങ്ങളിൽ കരുതപ്പെട്ടിരുന്നു എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.

ഇനി വീഞ്ഞിന്റെ അമിത ഉപയോഗത്തെപ്പറ്റിയും പഴയ നിയമത്തിൽ പരാമർശമുണ്ട്.

പ്രഭാഷകൻ 31:25 പറയുന്നു.
വീഞ്ഞ് കുടിച്ച് ധീരത പ്രകടിപ്പിക്കാൻ ശ്രമിക്കേണ്ട, വീഞ്ഞ് അനേകരെ നശിപ്പിച്ചിട്ടുണ്ട്.

പ്രഭാഷകൻ 31:29 പറയുന്നത്.
അമിതമായാൽ വീഞ്ഞ് ഇടർച്ചയും പ്രലോഭനവും ഉണ്ടാക്കുന്ന തിക്താനുഭവമാണ്.

പ്രഭാഷകൻ19:1 പറയുന്നു.
മദ്യപനായ തൊഴിലാളി ഒരിക്കലും ധനവാനാകുകയില്ല, ചെറിയ കാര്യങ്ങൾ അവഗണിക്കുന്നവൻ അൽപ്പാൽപ്പമായി നശിക്കും.

സുഭാഷിതങ്ങൾ 20:1 പറയുന്നു.
വീഞ്ഞ് പരിഹാസ്യനും മദ്യം കലഹക്കാരനുമാണ്, അവയ്ക്ക് അടിമപ്പെടുന്നവന് വിവേകമില്ല.

സുഭാഷിതങ്ങൾ 29:9 പറയുന്നത്.
മദ്യപനും ഭോജപ്രിയനും ദാരിദ്രത്തിൽ അകപ്പെടും, മത്തുപിടിച്ച് മയങ്ങിക്കിടക്കുന്നവന് കീറത്തുണി ഉടുക്കേണ്ടി വരും.

തോബിത്ത് 4:15 പറയുന്നു.
അമിതമായി മദ്യപിക്കരുത്, ഉൻമത്തത ശീലമാക്കരുത്.

എന്നാൽ ഇവിടെ എല്ലാം അമിതമാകാതെ ‘റെസ്‌പോൺസിബിൾ’ ആയി ചെറിയ അളവിൽ ആൾക്കഹോൾ കഴിക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ അതിന്റെ അമിതോപയോഗത്തെ നിരുത്സാഹപ്പെടുത്തുന്നുമുണ്ട്. ഒന്നിന്റെയും അടിമ ആകരുതെന്നാണ് നിർദ്ദേശിക്കപ്പെടുന്നത്.

മറ്റൊരു രസകരമായ കാര്യം, പന്നി മാംസം കഴിക്കുന്നതിനെ പഴയ നിയമം ശക്തമായി എതിർക്കുന്നുണ്ട്. ലേവ്യരുടെ പുസ്തകത്തിലും നിയമാവർത്തന പുസ്തകത്തിലും നമുക്ക് ഇതിന്റെ ക്രിത്യമായ ശാസനകൾ കാണാം. എന്നാൽ ആ രീതിയിൽ ഒരു വിലക്കും വീഞ്ഞുമായി ബന്ധപ്പെട്ട് ഇല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

പുതിയ നിയമത്തിലെ ലേഖന ഭാഗങ്ങളിലേക്ക് വന്നാൽ മദ്യപാനത്തെ പൊതുവിൽ എതിർക്കുന്നതായി കാണാം. മദ്യപാനി ദൈവരാജ്യം അവകാശമാക്കില്ല എന്നുവരെ 1 കൊറിന്തിയോസ് 6:10 പറയുന്നു. നേരത്തെ ചൂണ്ടിക്കാണിച്ച 1 തിമോത്തിയോസ് 5:23ൽ വീഞ്ഞ് കുടിക്കുന്നതിനെ അനുകൂലിക്കുന്നുമുണ്ട്. ഇവയൊക്കെ കൂട്ടിവായിച്ചാൽ അമിത മദ്യപാനത്തെയാണ് ബൈബിൾ എതിർക്കുന്നത് എന്നാണ് മനസിലാക്കാൻ കഴിയുക. മദ്യപാനം പോലെ തന്നെ കൊടിയ പാപമായാണ് സുഖലോലുപതയും, ജീവിത വ്യഗ്രതയും, വിഷായസ്‌ക്തിയും അസൂയയുമൊക്കെ ബൈബിളിൽ പറഞ്ഞിട്ടുള്ളത്.

അതായത്, റെസ്‌പോൺസിബിൾ ഡ്രിങ്കിങ്ങിനെ, അല്ലെങ്കിൽ വീര്യം കുറഞ്ഞ മദ്യപാനത്തെ ഒരു സന്തോഷം എന്ന രീതിയിൽ ബൈബിളിൽ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ ചെറിയ പരിധിവിടൽ പോലും തിന്മയായി രേഖപ്പെടുത്തിയിട്ടുമുണ്ട് എന്ന് ചുരുക്കം .