മിസ്സിംഗ് പേഴ്‌സൺ; സാഹിത്യ നൊബേൽ ലഭിച്ച പാട്രിക് മോഡിയാനോയുടെ നോവൽ

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഫ്രഞ്ച് എഴുത്തുകാരനായ പാട്രിക് മോഡിയാനോയുടെ പ്രശസ്തമായ നോവലാണ് മിസ്സിംഗ് പേഴ്സൺ. 1978 സെപ്റ്റംബർ അഞ്ചിനാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. ഇറങ്ങി അധികം കഴിയുന്നതിന് മുമ്പ് തന്നെ വായനക്കാരുടെ മനസ്സിൽ സ്ഥാനം പിടിച്ച ഈ നോവലിന് അതേ വർഷം തന്നെ പ്രിക്സ് ഗോൺകോർട്ട് പുരസ്കാരം ലഭിച്ചിരുന്നു. ഫ്രഞ്ച്ഭാഷയിലിറങ്ങിയ മൂലകൃതിയുടെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ഡാനിയേൽ വെയ്സ്ബോർട്ടാണ്. 1980ലാണിത് പുറത്തിറങ്ങിയത്.
 | 
മിസ്സിംഗ് പേഴ്‌സൺ; സാഹിത്യ നൊബേൽ ലഭിച്ച പാട്രിക് മോഡിയാനോയുടെ നോവൽ

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഫ്രഞ്ച് എഴുത്തുകാരനായ പാട്രിക് മോഡിയാനോയുടെ പ്രശസ്തമായ നോവലാണ് മിസ്സിംഗ് പേഴ്‌സൺ. 1978 സെപ്റ്റംബർ അഞ്ചിനാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. ഇറങ്ങി അധികം കഴിയുന്നതിന് മുമ്പ് തന്നെ വായനക്കാരുടെ മനസ്സിൽ സ്ഥാനം പിടിച്ച ഈ നോവലിന് അതേ വർഷം തന്നെ പ്രിക്‌സ് ഗോൺകോർട്ട് പുരസ്‌കാരം ലഭിച്ചിരുന്നു. ഫ്രഞ്ച്ഭാഷയിലിറങ്ങിയ മൂലകൃതിയുടെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ഡാനിയേൽ വെയ്‌സ്‌ബോർട്ടാണ്. 1980ലാണിത് പുറത്തിറങ്ങിയത്.

ഗ്വേ റോളണ്ട് എന്ന ഡിറ്റക്ടീവാണിതിലെ മുഖ്യ കഥാപാത്രം. 15 വർഷം മുമ്പുണ്ടായ ഒരു അപകടത്തിൽപ്പെട്ട് അദ്ദേഹത്തിന് പഴയ ഓർമകൾ നഷ്ടപ്പെടുകയും ഒരു പുതിയ മനുഷ്യനെന്ന വണ്ണം ജീവിച്ച് വരികയുമായിരുന്നു ഗ്വേ. തന്റെ ബോസായ വാൻ ഹട്ടിന്റെ റിട്ടയർമെന്റിന് ശേഷം 1965ൽ ഗ്വേ തന്റെ ഐഡന്റിറ്റി കണ്ടെത്താൻ തുനിഞ്ഞിറങ്ങുന്നു.

അന്വേഷണത്തിനൊടുവിൽ ഗ്വേ ചെന്നെത്തിയത് രണ്ടാം ലോക മഹായുദ്ധകാലത്തിലേക്കാണ്. അക്കാലത്ത് തന്റെ പേര് ജിമ്മി പെഡ്രോ സ്‌റ്റേൺ എന്നായിരുന്നുവെന്ന് ഗ്വേ കണ്ടെത്തുന്നു. സലോനികയിൽ നിന്നുള്ള ഒരു ഗ്രീക്ക് ജൂതനായിരുന്നു അയാൾ. പാരീസിലായിരുന്നു അയാളുടെ വാസം. ഡൊമിനിക്കൻ റിപ്പബ്ലിക്കിന് വേണ്ടിയുള്ള നയതന്ത്രസംഘത്തിന് വേണ്ടി പ്രവർത്തിക്കുകയായിരുന്നു ജിമ്മി പെഡ്രോ. പെഡ്രോ മാക്ഇവോയ് എന്ന കള്ളപ്പേരിലായിരുന്നു അയാൾ പ്രവർത്തിച്ചിരുന്നത്. പെഡ്രോയും കൂട്ടുകാരും പാരീസിൽ നിന്നും പലായനം ചെയ്യാൻ തീരുമാനിക്കുകയാണ്. ജർമ്മൻ അധിനിവേശമുണ്ടായതിനെത്തുടർന്ന് പാരീസിലെ ജീവിതം ദുസ്സഹമായതിനെത്തുടർന്നാണ് അവരീ തീരുമാനമെടുക്കാൻ നിർബന്ധിതരായത്.

പെഡ്രോയും ഫ്രഞ്ച് മോഡലും സുഹൃത്തുമായ ഡെന്നിസും കൂടി സ്വിറ്റ്‌സർലണ്ടിലേക്ക് പലായനം ചെയ്യാൻ തീരുമാനിക്കുന്നു. എന്നാൽ ഒരു കള്ളക്കടത്തുകാരന്റെ ഇടപെടലിനെത്തുടർന്ന് അവരിരുവരും ഒരു പർവതത്തിന് മുകളിൽ വച്ച് വേർപിരിഞ്ഞ് പോകുന്നു. തന്റെ മറ്റൊരു സുഹൃത്തായ ഫ്രെഡിയെ കണ്ടെത്താൻ വേണ്ടി ഗ്വേ റോളണ്ട് ഫ്രാൻസ് വിടാൻ തീരുമാനിക്കുന്നു. യുദ്ധത്തിന് ശേഷം ഫ്രെഡി പോളിനേഷ്യയിൽ പോയി ജീവിക്കുകയായിരുന്നു. എന്നാൽ ഫ്രെഡി അപ്രത്യക്ഷനായതായി ബോറ ബോറയിൽ എത്തിയപ്പോൾ തന്നെ ഗ്വേ റോളണ്ടിന് മനസ്സിലാകുന്നു. അയാളെ കടലിൽ വീണാണ് കാണാതായതെന്നും അഭ്യൂഹങ്ങളുയരുന്നു. ഇത്തരത്തിൽ തന്റെ ഐഡന്റിറ്റി തേടിയുള്ള ഗ്വേയുടെ ഉദ്വേഗജനകമായ അന്വേഷണങ്ങളിലൂടെയാണീ നോവൽ മുന്നോട്ട് നീങ്ങുന്നത്.

ഇത്തരത്തിൽ പാട്രിക് മോഡിയാനോയുടെ  കൃതികളെല്ലാം അപൂർവമായ വായനാനുഭവങ്ങളാണ് നൽകുന്നതെന്ന് കാണാം. അദ്ദേഹത്തിന്റെ മറ്റ് കൃതികളായ ഔട്ട് ഓഫ് ദി ഡാർക്, ഡോറ മർഡർ, നൈറ്റ് റൗണ്ട്‌സ് തുടങ്ങിയവയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. വാക്കുകളുടെ ഈ മാന്ത്രികനെത്തേടി സാഹിത്യത്തിനുള്ള നൊബേൽ സമ്മാനമെത്തിയത് യാദൃശ്ചികമായല്ലെന്ന് അദ്ദേഹത്തിന്റെ കൃതികൾ തെളിയിക്കുന്നു. തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണീ പുരസ്‌കാരം എന്ന് നിസ്സംശയം പറയാം.