20ാം വാർഷികത്തിൽ ലജ്ജയുടെ പുതിയ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി

തസ്ലീമ നസ്രീന്റെ വിവാദനോവലായ ലജ്ജയുടെ 20ാം വാർഷികമായിരിക്കുകയാണ്. ഇതോടനുബന്ധിച്ച് നോവലിന്റെ പുതിയൊരു ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അങ്കിത ഘട്ടക്കാണ് പുസ്തകം തർജിമ ചെയ്തിരിക്കുന്നത്. പെൻഗ്വിനാണ് പ്രസാധകർ.
 | 

20ാം വാർഷികത്തിൽ ലജ്ജയുടെ പുതിയ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി
തസ്ലീമ നസ്രീന്റെ വിവാദനോവലായ ലജ്ജയുടെ 20ാം വാർഷികമായിരിക്കുകയാണ്. ഇതോടനുബന്ധിച്ച് നോവലിന്റെ പുതിയൊരു ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അങ്കിത ഘട്ടക്കാണ് പുസ്തകം തർജിമ ചെയ്തിരിക്കുന്നത്. പെൻഗ്വിനാണ് പ്രസാധകർ.

‘ ഇതൊരു ഡോക്യുമെന്ററി നോവലാണ്. ഇതിലെ സങ്കൽപകഥാപാത്രങ്ങൾ യാഥാർത്ഥ്യത്തിൽ അധിഷ്ഠിതമാണ്. വളരെക്കാലമായി ഒരു ബെസ്‌ററ് സെല്ലറാണ് ലജ്ജ. മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലും ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഡച്ച് തുടങ്ങിയ വിദേശഭാഷകളിലും ഈ കൃതിയുടെ പരിഭാഷകൾ പുറത്തിറങ്ങിയിട്ടുണ്ട്..’. തസ്ലീമ നസ്രിൻ പറയുന്നു.

ബംഗ്ലാദേശിൽ ജീവിച്ച ബംഗാളി കുടുംബമായ ദത്തമാരുടെ കഥയാണിത്. 1992ലെ വർഗീയകലാപവേളയിൽ അവർ അനുഭവിക്കേണ്ടി വന്ന വെല്ലുവിളികളും ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നു. അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ സംഭവവികാസങ്ങൾക്ക് ശേഷം 1993ലാണ് ഈ നോവൽ പുറത്തിറങ്ങിയത്. നോവൽ ഇസ്ലാമിക വിരുദ്ധമാണെന്നാരോപിച്ച് തീവ്രവാദികൾ തസ്ലീമയുടെ ജീവന് വിലപറഞ്ഞതിനെ തുടർന്ന് അവർ ബംഗ്ലാദേശ് വിടാൻ നിർബന്ധിതയായി. അതിനു ശേഷം ദീർഘകാലമായി ഇവർ പ്രവാസിയായാണ് ജീവിച്ചത്.

യൂറോപ്പിലെ ദീർഘകാലവാസത്തിന് ശേഷം തസ്ലീമ 2004ൽ ഇന്ത്യയിൽ അഭയം തേടി. 2007 മുതൽ ഇവർ കൊൽക്കത്തിയിലാണ് താമസിക്കുന്നത്. ഈ നഗരത്തെ തന്റെ ഹോംടൗണെന്ന് വിശേഷിപ്പിക്കാനാണ് എഴുത്തുകാരി ഇഷ്ടപ്പെടുന്നത്. മുസ്ലീം തീവ്രവാദികളിൽ നിന്നുമുള്ള കടുത്ത എതിർപ്പിനെത്തുടർന്ന് ഏഴുമാസം ഡൽഹിയിലെ അജ്ഞാതകേന്ദ്രത്തിൽ കഴിയാൻ ഇവർ നിർബന്ധിതയായി. തുടർന്ന് തസ്ലീമ സ്വീഡനിലേക്ക് പോയി. അവിടെ അവർ പൗരത്വമെടുക്കുകയും ചെയ്തു. പിന്നീട് അവർ ഡൽഹിയിലേക്ക് തിരിച്ചെത്തി. അവരുടെ വിസയുടെ കാലാവധി 2015 ഓഗസ്റ്റ് വരെ ദീർഘിപ്പിച്ചിട്ടുണ്ട്. 2004ലായിരുന്നു ഈ വിസ അവർക്ക് ലഭ്യമായത്.

ദ്വിഖോൻഡിറ്റോ, ഓപ്പർപോഖോ, അമർ മേബെല, ഉതൽ ഹവ തുടങ്ങിയവ അവരുടെ മറ്റ് സൃഷ്ടികളാണ്. സൈമൻഡ് ഡി ബ്യൂവോയിൽ പ്രൈസ്(2008), യൂറോപ്യൻ പാർലമെന്റിന്റെ സഖറോവ് പ്രൈസ് ഫോർ ഫ്രീഡം ഓഫ് തോട്ട്‌സ് തുടങ്ങിയവ പുരസ്‌കാരങ്ങളും ഈ എഴുത്തുകാരിയെത്തേടിയെത്തിയിട്ടുണ്ട്. ലജ്ജയുടെ അപ്‌ഡേറ്റഡ് ആയ ഇംഗ്ലീഷ് പരിഭാഷയെത്തിയതോടെ ഈ പുസ്തകം കൂടുതൽ പേർ വായിക്കുമെന്നാണ് കരുതുന്നത്.