എ.ആര്‍. റഹ്മാന്‍ ഹിന്ദുമതത്തിലേക്ക് മടങ്ങി വരണമെന്ന് വിഎച്ച്പി; തമാശയിലേക്ക് മടങ്ങുന്നുവെന്ന് റഹ്മാന്‍

ഹിന്ദുമതത്തിലേക്ക് തിരികെ വരണമെന്ന വിഎച്ച്പി.യുടെ ആവശ്യത്തെ തമാശയാക്കി സംഗീതസംവിധായകന് എ.ആര്.റഹ്മാന്.
 | 
എ.ആര്‍. റഹ്മാന്‍ ഹിന്ദുമതത്തിലേക്ക് മടങ്ങി വരണമെന്ന് വിഎച്ച്പി; തമാശയിലേക്ക് മടങ്ങുന്നുവെന്ന് റഹ്മാന്‍

 

ന്യൂഡല്‍ഹി: ഹിന്ദുമതത്തിലേക്ക് തിരികെ വരണമെന്ന വിഎച്ച്പി.യുടെ ആവശ്യത്തെ തമാശയാക്കി സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്‍. പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുടെ മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചതിനേത്തുടര്‍ന്ന് മുംബൈയിലെ റാസ അക്കാഡമി എന്ന സംഘടന റഹ്മാനെതിരേ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്ത് റഹ്മാനെ ഹിന്ദുമതത്തിലേക്ക് സ്വാഗതം ചെയ്തത്. ഇരുകയ്യും നീട്ടി ഹിന്ദുസമൂഹം റഹ്മാനെ വരവേല്‍ക്കുമെന്നാണ് വിഎച്ച്പി ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജയിന്‍ പറയുന്നത്. റഹ്മാന്‍ സാമ്പത്തിക കാരണങ്ങളാലാണ് ഇസ്ലാംമതത്തിലേക്ക് പോയതെന്നും അദ്ദേഹം ആരോപിക്കുന്നു.

മതപുരോഹിതരുടെ ഫത്‌വ തികച്ചും ദൗര്‍ഭാഗ്യകരമാണ്. അതിനേക്കാള്‍ ദൗര്‍ഭാഗ്യകരമാണ് റഹ്മാനെതിരെ അവര്‍ ഉപയോഗിച്ച ഭാഷയെന്നും അതില്‍ പ്രതികാരത്തിന്റെ സൂചനയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതം നോക്കിയല്ല റഹ്മാന്‍ ഒരു സിനിമയ്ക്കും സംഗീതം ഒരുക്കുന്നത്. താന്‍ റഹ്മാനെ പിന്തുണയ്ക്കുന്നതായും ജയിന്‍ പറയുന്നു. അദ്ദേഹം തീര്‍ച്ചയായും തിരിച്ച് വരണം. ഹിന്ദുസമൂഹം അതിന്റെ പുത്രനെ കാത്തിരിക്കുന്നു. റഹ്്മാന് യാതൊരു ദോഷവും ഹിന്ദു മതം ഉണ്ടാക്കില്ലെന്ന ഉറപ്പും ജയിന്‍ നല്‍കുന്നുണ്ട്.

വിഎച്ച്പിയുടെ ക്ഷണത്തോട് റഹ്മാന്‍ വളരെ സൗമ്യനായാണ് പ്രതികരിച്ചത്. ബാക്ക് ടു തമാശ എന്നായിരുന്നു ഫേസ്ബുക്കില്‍ റഹ്മാന്റെ പ്രതികരണം. തന്റെ പുതിയ ചിത്രമായ തമാശയുടെ ജോലികളിലേക്ക് മടങ്ങുന്നു എന്ന് പിന്നീട് വിശദീകരണവും നല്‍കുന്നുണ്ട്. തനിയ്ക്ക് ഒപ്പം നിന്ന കലാകാരന്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഓണ്‍ലൈനില്‍ കണ്ട ഒരു വരി തന്നെ ചിരിപ്പിച്ചതായും അദ്ദേഹം പറയുന്നു. അല്ലയോ ദൈവമേ അങ്ങയുടെ എല്ലാ അനുയായികളില്‍ നിന്നും എന്നെ രക്ഷിക്കേണമേ എന്നും റഹ്മാന്‍ കുറിച്ചു.