മഡോണയുടെ റിബൽ ഹേർട്ട് ചോർന്നു

അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന മഡോണയുടെ പുതിയ ഗാനം റിബൽ ഹേർട്ട് ഇന്റർനെറ്റിൽ. ഗാനത്തിന്റെ കുറച്ചു ഭാഗങ്ങളാണ് ചോർന്നത്. ഗാനം ചോർത്തിയ ആളെ കണ്ട് പിടിക്കാൻ തങ്ങളെ സഹായിക്കാൻ താരത്തിന്റെ മാനേജർ ട്വിറ്ററിലൂടെ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 | 

ഗാനത്തിന്റെ ഡെമോ പതിപ്പിന്റെ ഭാഗങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്നും, ഗാനം ഇതുവരെ പൂർത്തിയായിട്ടില്ലെന്നുമാണ് മഡോണയോട് അടുത്തവൃത്തങ്ങൾ പുറത്തു വിടുന്ന വിവരങ്ങൾ. മഡോണ അടുത്ത വർഷം പുറത്തിറക്കാനിരിക്കുന്ന ആൽബത്തിലേതാണ് ഇപ്പോൾ ചോർന്ന ഗാനം.

2012-ൽ പുറത്തിറക്കിയ എംഡിഎൻഎ എന്ന ആൽബത്തിന് ശേഷം മഡോണ പുറത്തിറക്കുന്ന ആൽബമാണിത്. ഇൻസ്റ്റ്ഗ്രാമിലൂടെയും, ട്വിറ്ററിലൂടെയുമെല്ലാം തന്റെ പതിമൂന്നാമത്തെ സ്റ്റുഡിയോ ആൽബത്തിന്റെ ചിത്രങ്ങളും തന്റെ പുതിയ ആൽബത്തെക്കുറിച്ചുള്ള വാർത്തകളും മഡോണ പുറത്ത് വിട്ടിരുന്നു. എന്നാൽ ഗാനം പുറത്തായതിനെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഗാനരചയിതാവ് സംഗീത നിർമ്മാതാവ്, നർത്തകി, അഭിനേത്രി, എഴുത്തുകാരി എന്നീ നിലകളിലെല്ലാം പ്രശസ്തയായ മഡോണ തന്റെ ഗാനങ്ങളിൽ രാഷ്ട്രീയ, ലൈംഗിക, മത വിഷയങ്ങൾ ഉപയോഗിക്കുന്നതിനും പ്രശസ്തയാണ്. 2000-ൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ വിറ്റിട്ടുള്ള വനിതാ താരം എന്ന പേരിൽ ഗിന്നസ് വേൾഡ് റെക്കോഡ്‌സിൽ കയറിയ താരമാണ് മഡോണ. ഏകദേശം 300 ദശലക്ഷം ആൽബങ്ങൾ മഡോണ ലോകത്താകെമാനം വിറ്റിട്ടുണ്ട്. ബിൽബോർഡ് മാസിക ലോകത്തെ ഏറ്റവും മികച്ച 100 പോപ്പ് താരങ്ങളെ തെരഞ്ഞെടുത്തപ്പോൾ ബീറ്റിൽസിനു കീഴിൽ രണ്ടാം സ്ഥാനത്തെത്തിയ ഗായികയാണ് മഡോണ.