നിക്കി മിനാജിന്റെ ഒൺലി

അനാക്കോണ്ട എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം റാപ്പർ നിക്കി മിനാജിന്റെ ഗാനം 'ഒൺലി'യുടെ വിഡിയോ പുറത്തിറങ്ങി.
 | 

അനാക്കോണ്ട എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം റാപ്പർ നിക്കി മിനാജിന്റെ ഗാനം ‘ഒൺലി’യുടെ വിഡിയോ പുറത്തിറങ്ങി. ദ പിങ്ക് പ്രിന്റിലെ മൂന്നാമത്തെ സിംഗിളാണ് ഒൺലി. ഹിപ്പ് ഹോപ്പ് താരങ്ങളായ ഡാർക്ക്, ലിൽ വെയിൻ, ക്രിസ് ബ്രൗൺ തുടങ്ങിയവരും നിക്കി മിനാജും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ വിഡിയോയിലും ഇവർ മൂവരും പ്രത്യക്ഷപ്പെടുന്നുണ്ട്.

നിക്കിയുടെ ശരീര വടിവുകളെ വേണ്ടുവോളം ഉപയോഗപ്പെടുത്തിയിരിക്കുന്ന ഗാനത്തിന്റെ വരികളും സഭ്യതയ്ക്ക് നിരക്കാത്തതാണ്. യങ് മണി എന്റർടൈൻമെന്റ്‌സ്, ക്യാഷ് മണി റിക്കോർഡ്‌സ്, റിപ്പബ്ലിക്ക് റിക്കോർഡ്‌സ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഡോ. ലൂക്കും സർക്യൂട്ടും ചേർന്നാണ്. അമേരിക്കൻ റാപ്പറും പാട്ടുകാരിയും നടിയുമായ നിക്കിക്ക് ഗ്രാമി, വിഎംഎ, ബിൽബോർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഗസ്റ്റിൽ പുറത്തിറങ്ങിയ നിക്കിയുടെ അനക്കോണ്ട എന്ന ഗാനത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. അനാക്കോണ്ടയിലെ വരികളുടേയും പ്രകടനത്തിന്റേയും പേരിൽ ഏറെ വിമർശനങ്ങൾ നിക്കി നേരിടേണ്ടി വന്നിരുന്നുവെങ്കിലും യൂട്യൂബിൽ ഏറെ തരംഗം സൃഷ്ടിക്കാൻ ആ ഗാനത്തിന് കഴിഞ്ഞിരുന്നു. 2014 ഏറ്റവും അധികം ആളുകൾ കണ്ട വിഡിയോയിലൊന്നാണ് നിക്കിയുടെ അനക്കോണ്ട. നിക്കിയുടെ പിങ്ക് പ്രിന്റ് എന്ന ആൽബത്തിലെ രണ്ടാമത്തെ സിംഗിളായ ഗാനം ഇതുവരെ യൂട്യൂബിലൂടെ കണ്ടിരിക്കുന്നത് 33 കോടി ആളുകളാണ്.