വൈക്കം വിജയലക്ഷ്മി വീണ്ടും തമിഴിൽ പാടുന്നു

എന്നമോ ഏതോ എന്ന ചിത്രത്തിലെ പുതിയ ഉലകം തേടി പോകിറേൻ എന്ന പാട്ടിലൂടെ തമിഴിന്റെ പ്രിയ ഗായികയായി മാറിയ വൈക്കം വിജയലക്ഷ്മി വീണ്ടും തമിഴ് പാട്ടു പാടുന്നു. ഡി ഇമാൻ സംഗീതം പകരുന്ന റോമിയോ ജൂലിയറ്റ് എന്ന ചിത്രത്തിന് വേണ്ടിയാണ് വിജയലക്ഷ്മി വീണ്ടും പാടുന്നത്.
 | 

ഇമാൻ തന്നെയാണ് റോമിയോ ജൂലിയറ്റ് എന്ന ചിത്രത്തിൽ വിജയലക്ഷ്മി പാടുന്ന വിവരം പുറത്ത് വിട്ടത്. ഫെയ്‌സ്ബുക്കിൽ വിജയലക്ഷ്മിയും ഇമാനും മദൻ കാർക്കിയും നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത്് താൻ ആരാധിക്കുന്നതും പ്രചോദനം ഉൾക്കൊള്ളുന്നതുമായ ഗായികയാണ് വിജയലക്ഷ്മി എന്നാണ് പറഞ്ഞിരിക്കുന്നത്.

‘കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ’ എന്ന പാട്ടിലൂടെ മലയാളികളുടെ മനസിൽ ചിര പ്രതിഷ്ഠ നേടിയ പാട്ടുകാരിയാണ് വൈക്കം വിജയലക്ഷ്മി. 400 ൽ അധികം വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുള്ള വിജയലക്ഷ്മി, ഗായത്രി വീണ എന്ന ഒറ്റ കമ്പി വാദ്യോപകരണത്തിൽ പ്രാഗൽഭ്യം നേടിയ സംഗീതജ്ഞയാണ്. ചെമ്പൈ സംഗീതോത്സവത്തിലും സൂര്യ ഫെസ്റ്റിവെല്ലിലും വിജയലക്ഷ്മി നിരവധി കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. സെല്ലുലോയ്ഡിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനം ആലപിച്ചതിന് സംസ്ഥാന സർക്കാറിന്റെ പ്രത്യേക ജൂറി പരാമർശവും വൈക്കം വിജയലക്ഷ്മിയ്ക്ക് ലഭിച്ചിരുന്നു.

2006 ൽ എസ് ജെ സൂര്യയും നയൻതാരയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച കൾവനിൻ കാതലി എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്ന ലക്ഷ്മണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് റോമിയോ ആന്റ് ജൂലിയറ്റ്. ലക്ഷ്മണൻ തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തിൽ ജയം രവിയേയും ഹൻസികയേയും കൂടാതെ പൂനം ബജ്‌വ, മധുമിത തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. മദ്രാസ് എന്റർടെൻമെന്റ്‌സിന്റെ ബാനറിൽ എസ്് നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം തീയേറ്ററുകളിലെത്തും.