ടാറ്റ മോട്ടോഴ്സ് ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളുടെ ഉദ്പാദനം നിര്‍ത്തുന്നു
ടാറ്റ മോട്ടോഴ്സ് തങ്ങളുടൈ ആദ്യ കാര്‍ മോഡലുകളായ ഇന്‍ഡിക്കയുടെയും ഇന്‍ഡിഗോയുടെയും ഉദ്പാദനം നിര്‍ത്തുന്നു. കാര്‍ നിര്‍മാണത്തിലേക്ക് ടാറ്റ പ്രവേശിച്ചത് ഇന്‍ഡിക്ക എന്ന ഹാച്ച്ബാക്ക് മോഡല്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു. 1998ല്‍ അവതരിപ്പിച്ച ഈ മോഡലിനു പിന്നാലെ സെഡാന് മോഡലായ ഇന്‍ഡിഗോയും വിപണിയിലെത്തി. ഇപ്പോള്‍ 20 വര്‍ഷത്തിനു ശേഷമാണ് ഇവയുടെ ഉദ്പാദനം അവസാനിപ്പിക്കുന്നത്.
ഈ സാമ്പത്തികവര്‍ഷം ഇരു മോഡലുകളുടെയും ഒരു യൂണിറ്റ് പോലും കമ്പനി നിര്‍മിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം 1686 ഇന്ഡിക്കകളും 556 ഇന്‍ഡിഗോ സിഎസ് കാറുകളും മാത്രമായിരുന്നു പുറത്തിറക്കിയത്. ഈ മോഡലുകളുടെ നിര്‍മാണം നിര്‍ത്തിയതായി ഇപ്പോളാണ് ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. പുതിയ ഇംപാക്ട് ഡിസൈന്‍ കാറുകളുടെ വിജയവും പഴയ ഡിസൈനിലുള്ള ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളുടെ വില്പന കുറഞ്ഞതും ഇവ പിന്‍വലിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചുവെന്നാണ് കരുതുന്നത്.
1998ല്‍ ജനീവ മോട്ടോര്‍ ഷോയിലായിരുന്നു ഇന്‍ഡിക്ക ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ആദ്യ കാര്‍ എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. അവതരിപ്പിച്ച ആദ്യ ആഴ്ച തന്നെ ഒന്നര ലക്ഷം ബുക്കിംഗുകളാണ് ഇന്‍ഡിക്കയ്ക്ക് ലഭിച്ചത്. രണ്ടു വര്‍ഷത്തോളം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ മുന്‍നിരയില്‍ ഇന്‍ഡിക്ക നില്‍ക്കുകയും ചെയ്തിരുന്നു.