ഇതാ വരുന്നു പുതിയ എൻഫീൽഡ്

അമേരിക്കകാർക്ക് ഹാർലി പോലെയും ബ്രിട്ടന് ട്രയംഫ് പോലെയും ഇന്ത്യക്കാരുടെ വികാരമാണ് റോയൽ എൻഫീൽഡ്. ബ്രിട്ടണിൽ ജനിച്ച് കർമ്മംകൊണ്ട് ഇന്ത്യക്കാരനായ എൻഫീൽഡ് പുതിയ രണ്ട് ബൈക്കുകളുമായി എത്തുകയാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കോണ്ടിനെന്റൽ ജിടി എന്ന പുതിയ ബൈക്ക് റോയൽ എൻഫീൽഡ് കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു.
 | 

പുതിയ ബൈക്കിന് കിട്ടിയ മികച്ച പ്രതികരണമാണ് എൻഫീൽഡിനെ പുതിയ മോഡലിനായി പ്രേരിപ്പിക്കുന്നത്. ഇന്ത്യക്കും വിദേശമാർക്കറ്റുകൾക്കും വേണ്ടി വികസിപ്പിക്കുന്ന ബൈക്ക് 2016ലും 2017ലുമായി പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ബൈക്കുകളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഹിമാലയൻ എന്ന പേര് കമ്പനി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഓഫ് റോഡർ വിഭാഗത്തിലാവും 400 സി സി എൻജിൻ ഘടിപ്പിച്ചെത്തുന്ന ഈ ബൈക്കിനു സ്ഥാനമെന്നു വേണം കരുതാൻ. നിലവിലുള്ള 350 സിസി എൻജിൻ റീ ബോർ ചെയ്തു ശേഷി വർധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. എങ്കിലും ആധുനിക കാലത്തിന് അനുയോജ്യമായ തരത്തിലുള്ള പരിഷ്‌കാരങ്ങളും റോയൽ എൻഫീൽഡ് ഈ എൻജിനു സമ്മാനിക്കും.

വിദേശ വിപണികൾ നോട്ടമിടുന്ന രണ്ടാമത്തെ ബൈക്ക് ക്രൂസർ വിഭാഗത്തിൽപെടുന്നതാവുമെന്നാണു സൂചന. ഈ ബൈക്കിന്റെ പേര് സംബന്ധിച്ചും തീരുമാനമായിട്ടില്ല. കഴിഞ്ഞ വർഷത്തെ വാഹന വിൽപ്പനയിൽ മികച്ച നേട്ടം കൊയ്ത റോയൽ എൻഫീൽഡ് പുതുവർഷത്തിലും തകർപ്പൻ പ്രകടനം തുടരുകയാണ്. ജനുവരിയിൽ 28,927 യൂണിറ്റായിരുന്നു കമ്പനിയുടെ മൊത്തം വിൽപ്പന. 2014 ജനുവരിയെ അപേക്ഷിച്ച് 43% വർധന. ആഗോളതലത്തിലാവട്ടെ 2014ലെ വിൽപ്പനയിൽ റോയൽ എൻഫീൽഡ് യു എസിൽ നിന്നുള്ള ഐതിഹാസിക ബ്രാൻഡായ ഹാർലി ഡേവിഡ്‌സനെ തന്നെ പിന്നിലാക്കി. ഹാൽലി 2.41 ലക്ഷം യൂണിറ്റ് വിറ്റപ്പോൾ ബുള്ളറ്റിന്റെ കഴിഞ്ഞ വർഷത്തെ മൊത്തം വിൽപ്പന മൂന്നു ലക്ഷം പിന്നിട്ടു.