പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങുന്നു
മുംബൈ: ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്മാറുകയാണെന്ന് ജനറല്‍ മോട്ടോഴ്സ്. എന്നാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍ നിന്നും തല്ക്കാലം പൂര്‍ണ്ണമായും പിന്‍വാങ്ങുന്നില്ലെന്നും വാഹന വില്‍പ്പന മാത്രമാണ് നിര്‍ത്തുന്നതെന്നും ജിഎം അറിയിച്ചു. ഈ വര്‍ഷം അവസാനം വരെ മാത്രമേ ഇന്ത്യയിലെ കാര്‍ വില്‍പ്പന ഉണ്ടാവുകയുള്ളു എന്നാണ് ജിഎം അധികൃതര്‍ അറിയിച്ചത്.
അടുത്ത കാലത്തായി വില്‍പ്പനയിലുണ്ടായ കുറവാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്് അമേരിക്കന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയത്. നിലവില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ജനറല്‍ മോട്ടോഴ്സിന്റെ ഇന്ത്യയിലെ വിപണി വിഹിതം. ബംഗളുരുവിലെ ടെക് സെന്ററും, മുംബൈയിലെ അസംബ്ളിങ് യൂണിറ്റും നിലനിര്‍ത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.
മുംബൈയിലെ യൂണിറ്റ് പ്രധാന കയറ്റുമതി കേന്ദ്രമാക്കി മാറ്റാനും ഗുജറാത്ത് ഹാലോണിലെ ഫാക്ടറി ജിഎമ്മിന്റെ ചൈനീസ് പങ്കാളിയായ സെയ്ക് മോട്ടോര്‍ കോര്‍പ്പിന് കൈമാറാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 1995 മുതല്‍ ഇന്ത്യന്‍ വാഹന വിപണിയിലുള്ള ജനറല്‍ മോട്ടോഴ്സ് ഷെവര്‍ലെ നിരയില്‍ ബീറ്റ്, ടവേര, സ്പാര്‍ക്ക്, എന്ജോയ്, സെയില്‍ ഹാച്ച്ബാക്ക്, ക്രൂസ്, സെയില്‍ സെഡാന്, ട്രെയില്‍ ബ്ലേസര്‍ എന്നിവയാണ് ഇതുവരെ ഇറക്കിയത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ ഉത്പാദനച്ചെലവാണ് ഇന്ത്യയിലെ ഫാക്ടറി നിലനിര്‍ത്താനുള്ള കമ്പനിയുടെ തീരുമാനത്തിന് പിന്നില്‍.