എസ്യുവി വിപണിയില്‍ പുതിയ മോഡലുമായി ഇസുസു; എംയു-എക്സ് ഇന്ത്യയിലെത്തി
മുംബൈ: ഇന്ത്യയിലെ എസ്യുവി വിപണിയില്‍ പ്രതീക്ഷകളുമായി ഇസുസുവിന്റെ പുതിയ മോഡല്‍ എത്തി. പിക്ക് അപ്പ് വാഹന മാര്‍ക്കറ്റിലെ ശ്രദ്ധിക്കപ്പെടുന്ന സാന്നിദ്ധ്യമായ ജാപ്പനീസ് കമ്പനിയായ ഇസുസു എംയു-എക്സ് എന്ന മോഡലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 23.99 ലക്ഷം രൂപയാണ് ഇന്ത്യയില്‍ ഈ മോഡലിന്റെ വില. ടൂ വീല്‍ ഡ്രൈവ്, 4 വീല്‍ ഡ്രൈവ് വേരിയന്റുകളില്‍ വാഹനം ലഭിക്കും.
ഇന്ത്യയില്‍ പിക്ക് അപ്പ്, ഹെവി വാഹനങ്ങളിലാണ് കമ്പനി ശ്രദ്ധിക്കുന്നത്. വിദേശങ്ങളില്‍ താരമായ ഇസുസു ഡി-മാക്സ് വി-ക്രോസ് മോഡലുമായി എംയു-എക്സിന് സാദൃശ്യങ്ങള്‍ ഏറെയുണ്ട്. ക്രോം ഗ്രില്‍, 1 ഇഞ്ച് വീലുകള്‍, എല്‍ഇഡി ഡേ ടൈം ലാമ്പുകള്‍ തുടങ്ങിയവ ഡി-മാക്സ് വി-ക്രോസില്‍ നിന്ന് കടമെടുത്തവയാണ്.
3 ലിറ്റര്‍ ശേഷിയുള്ള നാല് സിലിന്‍ഡര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്ജിന് 177 എച്ച്പി ശക്തി നല്‍കും. 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ആണ് ഉപയോഗിച്ചിരിക്കുന്നത്. ടൂ വീല്‍ ഡ്രൈവ് മോഡലിന് 13.8 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.
എബിഎസ്, ഇബിഡി, ഇഎസ്സി, റിവേഴ്സ് ക്യാമറ എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിനുണ്ട്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡെവര്‍ എന്നിവയുമായാണ് എംയു-എക്സ് ഇന്ത്യയില്‍ മത്സരിക്കുന്നത്. ഇവയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് എംയു-എക്സ് അവതരിപ്പിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.