പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ, പിടിച്ചോട്ടെ; പ്രതികരണവുമായി വിനായകന്‍

അപമര്യാദയായി ഒരാള് തന്നോട് സംസാരിച്ചപ്പോള് മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും വിനായകന് പറഞ്ഞു.
 | 
പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ, പിടിച്ചോട്ടെ; പ്രതികരണവുമായി വിനായകന്‍

കൊച്ചി: ദളിത് ആക്ടിവിസ്റ്റിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. അറസ്റ്റുണ്ടാകുമെന്ന് വാര്‍ത്തകള്‍ക്കിടെയാണ് വിനായകന്‍ പ്രതികരിച്ചിരിക്കുന്നത്. ‘എന്താണ് ഇവര്‍ പറയുന്നത്, പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ ‘പിടിച്ചോട്ടെ,’ ജയിലില്‍ കിടക്കണോ ‘എനിക്കെന്താ,’! അപമര്യാദയായി ഒരാള്‍ തന്നോട് സംസാരിച്ചപ്പോള്‍ മറുപടി പറയുക മാത്രമാണ് ചെയ്തത്.  ഈ സംഭാഷണം ആദ്യം മുതല്‍ കേള്‍ക്കാതെയാണ് എല്ലാവരും സംസാരിക്കുന്നത്. സ്ത്രീകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളാണ് താനെന്നും, ഒരിക്കലും അവരോട് മോശമായി പെരുമാറാറില്ലെന്നും വിനായകന്‍ വ്യക്തമാക്കി.

ദി വോക് ജേണലിന് നല്‍കിയ പ്രതികരണത്തിലാണ് വിനായകന്റെ പ്രതികരണം. അതേസമയം വിനായകനെതിരായ തെളിവുകള്‍ പരിശോധിച്ച ശേഷം പോലീസ് കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കും. വിനായകനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നുവെന്നാണ് വിവരം. പരാതിക്കാരിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഫോണ്‍ ശബ്ദരേഖയും യുവതി പോലീസിന് നല്‍കിയിട്ടുണ്ട്.

ഒരു പരിപാടിക്കു വേണ്ടി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതിയില്‍ യുവതി പറയുന്നത്. കല്‍പറ്റ പോലീസാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം സ്വദേശിയായ യുവതി വയനാട്ടില്‍ വെച്ചാണ് വിനായകനെ വിളിച്ചത്. ഇതിനാലാണ് കല്‍പറ്റ പോലീസിന് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. ഐപിസി 506, 294 ബി, കെപിഎ 120 തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

ഫെയിസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിനായകനില്‍ നിന്ന് നേരിട്ട ദുരനുഭവം യുവതി വെളിപ്പെടുത്തിയത്. ഒരു പരിപാടിക്ക് വേണ്ടി വിനായകനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും വിനായകന്‍ പറഞ്ഞതായി പോസ്റ്റില്‍ പറഞ്ഞിരുന്നു. അഭിമുഖത്തില്‍ നടത്തിയ രാഷ്ട്രീയ പരാമര്‍ശത്തിന്റെ പേരില്‍ വിനായകനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയായിരുന്നു ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ വിനായകനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിക്കുന്നതായും പോസ്റ്റ് വ്യക്തമാക്കിയിരുന്നു.