ലൈംഗികാതിക്രമ പരാതിയില്‍ നിന്ന് താല്‍ക്കാലിക മോചനം; തെലുങ്ക് ബിഗ് ബോസ്-3 നാളെ ആരംഭിക്കും

ലൈംഗിക പീഡനക്കേസില് നിയമനടപടികള് താല്ക്കാലികമായി നിര്ത്തിവെക്കാന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഷോയുടെ തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.
 | 
ലൈംഗികാതിക്രമ പരാതിയില്‍ നിന്ന് താല്‍ക്കാലിക മോചനം; തെലുങ്ക് ബിഗ് ബോസ്-3 നാളെ ആരംഭിക്കും

ഹൈദരാബാദ്: തെലുങ്ക് ബിഗ് ബോസ് സീസണ്‍-3 നാളെ ആരംഭിക്കും. സ്റ്റാര്‍ മാ ചാനല്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായിരിക്കുന്ന ലൈംഗിക പീഡനക്കേസില്‍ നിയമനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഷോയുടെ തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുന ആയിരിക്കും ഷോ അവതരിപ്പിക്കുക.

മാധ്യമപ്രവര്‍ത്തകയായ ശ്വേതാ റെഡ്ഡിയാണ് നാല് പേര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയത്. ചാനലിനെതിരെ ഉയര്‍ന്ന ആരോപണം വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസിലൂടെ വലിയൊരു ശതമാനം തെലുങ്കു പ്രേക്ഷകരെ സ്വന്തമാക്കാന്‍ സ്റ്റാര്‍ മായ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ലൈംഗിക പീഡന പരാതി പുറത്തുവന്നതോടെ ചാനലിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ഉയര്‍ന്നു.

കേസിലെ പ്രധാന പ്രതിയായ അഭിഷേക് മുഖര്‍ജിക്കെതിരെയുള്ള പോലീസ് നടപടികള്‍ തെലുങ്കാന ഹൈക്കോടതി നാലാഴ്ചത്തേയ്ക്ക് മരവിപ്പിച്ചിട്ടുണ്ട്. അതേസമയം പ്രതികള്‍ക്കെതിരെ ചെറിയ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.