പോൺ നിരോധനം: ബോളിവുഡിൽ നിന്നുള്ള പ്രതികരണങ്ങൾ

പോൺ നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല തരത്തിലുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.. ഇതിനോട് പ്രതികൂല അഭിപ്രായങ്ങളാണ് പലർക്കുമുള്ളത്.
 | 

പോൺ നിരോധനം: ബോളിവുഡിൽ നിന്നുള്ള പ്രതികരണങ്ങൾ

മുംബൈ: പോൺ നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല തരത്തിലുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. ഇതിനോട് പ്രതികൂല അഭിപ്രായങ്ങളാണ് പലർക്കുമുള്ളത്. ബോളിവുഡിൽ നിന്നും നടി സോനം കപൂറിനും സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്കും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ചേതൻ ഭഗത്തിനുമെല്ലാം പോൺ നിരോധനത്തെ എതിർത്തുള്ള അഭിപ്രായങ്ങളാണുള്ളത്. ട്വിറ്ററിലൂടെയായിരുന്നു ഇവരുടെ പ്രതികരണങ്ങൾ.

ഇന്ത്യൻ മനസ്ഥിതിക്ക് ‘നിരോധനം’ മാറ്റമുണ്ടാക്കുമെന്ന് കരുതുന്ന വിഡ്ഢികളെയാണ് ബാൻ ചെയ്യേണ്ടതെന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. പുരുഷന്മാരുടെ കള്ള നോട്ടങ്ങളും സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും മറ്റുമാണ് ബാൻ ചെയ്യേണ്ടതെന്ന് ചേതൻ ഭഗതും പ്രതികരിച്ചു.

അശ്ലീല സൈറ്റുകൾക്കുള്ള സ്വീകാര്യത പരിഗണിക്കുമ്പോൾ അതാര് നിരോധിച്ചാലും അടുത്ത തെരഞ്ഞെടുപ്പിൽ അവർ പുറത്താക്കപ്പെടുമെന്നായിരുന്നു രാം ഗോപാൽ വർമയുടെ പ്രതികരണം. പോൺ സൈറ്റുകളെ ബ്ലോക്കു ചെയ്യാതെ ഉള്ളടക്കത്തിന്റെ കാര്യത്തിൽ മാർഗനിർദേശം നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും വർമ്മ ട്വീറ്റ് ചെയ്തു.