ഹാപ്പി ന്യൂ ഇയർ: ജയാബച്ചന് ഷാറൂഖിന്റെ മറുപടി

ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറും സംവിധായകയുമായ ഫറാഖാന്റെ ഏറ്റവും പുതിയ ചിത്രം ഹാപ്പി ന്യൂ ഇയർ കളക്ഷൻ റെക്കോർഡുകൾ ബേധിച്ച് മുന്നേറുകയാണ്. ഇതിനിടെ ചിത്രം പുതിയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.
 | 

ഹാപ്പി ന്യൂ ഇയർ: ജയാബച്ചന് ഷാറൂഖിന്റെ മറുപടി
മുംബൈ: ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറും സംവിധായകയുമായ ഫറാഖാന്റെ ഏറ്റവും പുതിയ ചിത്രം ഹാപ്പി ന്യൂ ഇയർ കളക്ഷൻ റെക്കോർഡുകൾ ബേധിച്ച് മുന്നേറുകയാണ്. ഇതിനിടെ ചിത്രം പുതിയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. താൻ കണ്ടതിൽ വച്ച് ഏറ്റവും അർത്ഥശൂന്യമായ സിനിമയാണ് ഹാപ്പി ന്യൂ ഇയർ എന്നായിരുന്നു ജയാ ബച്ചൻ ചിത്രത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. ജയാബച്ചന്റെ മകനും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് അഭിഷേക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മുംബൈ സാഹിത്യോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ജയാ ബച്ചന്റെ കമന്റ്. ഇന്നത്തെ കാലത്ത് സിനിമ കച്ചവടോപാധി മാത്രമാണ്. കലയ്ക്ക് പുതിയ സിനിമയിൽ സ്ഥാനമില്ല. അഭിഷേക് ചിത്രത്തിൽ അഭിനയിച്ചത് കൊണ്ട് മാത്രമാണ് ഞാൻ സിനിമ കണ്ടതെന്നും ഇന്നത്തെ കാലത്തിറങ്ങുന്ന ചിത്രങ്ങളിൽ ഭാഗമാകാൻ താൽപര്യമില്ലെന്നും ജയാ ബച്ചൻ പറഞ്ഞു.

ഇത് പിന്നീട് പല ചർച്ചകൾക്കും ഇടയാക്കി. വിശദീകരണം നൽകുന്നതിനായി അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും വിളിച്ചെങ്കിലും ഷാരൂഖ് ഫോൺ എടുക്കാൻ തയ്യാറായില്ല എന്നായിരുന്നു വാർത്തകൾ. ബച്ചൻ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ ഈ പരമാർശത്തോട് ആദ്യം ഷാരൂഖ് പ്രതികരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഷാരൂഖ് മനസ്സ് തുറന്നു. അമിതാഭ് ബച്ചൻ മുഖ്യവേഷത്തിൽ എത്തിയ ‘അമർ അക്ബർ ആന്റണി’ മോശം സിനിമയാണെന്ന് വിലയിരുത്തപ്പെട്ടതെങ്കിലും ക്ലാസിക് ചിത്രങ്ങളുടെ പട്ടികയിലാണ് ഇടം പിടിച്ചതെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.

ഷാരൂഖും ജയ ബച്ചനും ഒരുമിച്ച് അഭിനയിച്ച ‘കഭി ഖുഷി കഭി ഘം’, ‘കൽ ഹോ നാ ഹോ’ എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. ദീപിക പദുകോണും ഷാരൂഖുമാണ് ഹാപ്പി ന്യൂ ഇയറിൽ നായികാനായകന്മാരായി എത്തിയത്. വിമർശനങ്ങൾക്കിടയിലും 300 കോടിയിൽ അധികമാണ് ഇതുവരെയുള്ള സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷൻ.