ഐയുടെ ഹിന്ദി ഓഡിയോ റിലീസിന് ‘റാംബോ’യെത്തും; തെലുങ്കിൽ ജാക്കി ചാനും

ശങ്കർ വിക്രം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രമായ ഐയുടെ തമിഴ് പതിപ്പിന്റെ സംഗീതം പുറത്തിറക്കാൻ ടെർമിനേറ്ററാണ് എത്തിയതെങ്കിൽ ഹിന്ദി പതിപ്പിന്റെ സംഗീതം പുറത്തിറക്കാൻ റാംബോ എത്തും.
 | 

ഐയുടെ ഹിന്ദി ഓഡിയോ റിലീസിന് ‘റാംബോ’യെത്തും; തെലുങ്കിൽ ജാക്കി ചാനും
ശങ്കർ വിക്രം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രമായ ഐയുടെ തമിഴ് പതിപ്പിന്റെ സംഗീതം പുറത്തിറക്കാൻ ടെർമിനേറ്ററാണ് എത്തിയതെങ്കിൽ ഹിന്ദി പതിപ്പിന്റെ സംഗീതം പുറത്തിറക്കാൻ റാംബോ എത്തും. സിൽവസ്റ്ററെത്തുന്ന കാര്യം നിർമ്മാതാക്കൾ വാർത്തകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഹോളിവുഡ് താരത്തിനെ ഇന്ത്യയിൽ എത്തിക്കാൻ ഓസ്‌കാർ രവിചന്ദ്രൻ ശ്രമിക്കുന്നുണ്ടെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിടുന്ന വിവരങ്ങൾ.

ഹിന്ദിയിലും തമിഴിലും ഹോളിവുഡ് തരങ്ങൾ വന്ന സ്ഥിതിക്ക് തെലുങ്ക് പതിപ്പിലും കുറയ്ക്കുന്നതെങ്ങനെ. ഐയുടെ തെലുങ്ക് പതിപ്പിന്റെ ചടങ്ങിന് എത്തുന്നത് മറ്റൊരു ഹോളിവുഡ് താരമായ ജാക്കി ചാൻ ആണെന്നും വാർത്തകൾ വരുന്നുണ്ട്. നേരത്തെ കമലിന്റെ ദശാവതാരത്തിനു വേണ്ടി ജാക്കി ചാൻ ഇന്ത്യയിലെത്തിയിട്ടുണ്ട്.

180 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന വിക്രം ചിത്രമായ ഐയുടെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് എ ആർ റഹ്മാനാണ്.  എട്ട് രാജ്യങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ചൈനീസ്, തായ്‌വാനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്യുന്നുണ്ട്. വ്യത്യസ്ത വേഷങ്ങളിൽ വിക്രം എത്തുന്ന ചിത്രത്തിന്റെ ആദ്യ പകുതിക്ക് വേണ്ടി ശരീര ഭാരം 110 കിലോയാക്കിയ വിക്രം രണ്ടാം പകുതിക്ക് വേണ്ടി ഭാരം 50 കിലോയായി കുറച്ചിരുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്ന അന്യനു ശേഷം ഹിറ്റ് സംവിധായകൻ ശങ്കറും വിക്രമും ഒന്നിക്കുന്ന ചിത്രമാണ് ഐ.

വിക്രത്തിനെ കൂടാതെ എമി ജാക്‌സൺ, സുരേഷ് ഗോപി, സന്താനം, ഉപൻ പട്ടേൽ, രാംകുമാർ ഗണേശ്, മോഹൻ കപൂർ, ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശങ്കറും ശുഭയും ചേർന്ന് എഴുതിയിരിക്കുന്ന ചിത്രം ഓസ്‌കാർ ഫിലിംസിന്റെ ബാനറിൽ വേണു രവിചന്ദ്രനാണ് നിർമ്മിക്കുന്നത്. ചിത്രം ദീപാവലിക്ക് പ്രദർശനത്തിനെത്തും.