ബിഗ് ബോസിന്റെ തമിഴ് പതിപ്പില്‍ വീണ്ടും പോലീസ് ഇടപെടല്‍? മത്സരാര്‍ത്ഥിയെ ചോദ്യം ചെയ്‌തേക്കും!

മോഡലും നടിയുമായ മീര മിഥുനെതിരെ ഉയര്ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണം നേരത്തെ തന്നെ വിവാദമായിരുന്നു
 | 
ബിഗ് ബോസിന്റെ തമിഴ് പതിപ്പില്‍ വീണ്ടും പോലീസ് ഇടപെടല്‍? മത്സരാര്‍ത്ഥിയെ ചോദ്യം ചെയ്‌തേക്കും!

കൊച്ചി: ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ വീണ്ടും പോലീസ് ഇടപെടലുണ്ടാകുമെന്ന് സൂചന. ഷോയിലെ മത്സരാര്‍ത്ഥിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തുന്നതിനായി ചെന്നൈ പോലീസ് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ ഹാസന്‍ മുഖ്യ അവതാരകനായി എത്തുന്ന ഷോ ഇതിനോടകം തന്നെ നിരവധി വിവാദങ്ങളില്‍പ്പെട്ടു കഴിഞ്ഞു. ഷോ ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും രണ്ടാം തവണയാണ് പോലീസ് മത്സരാര്‍ത്ഥികളെ ചോദ്യം ചെയ്യാനെത്തുന്നത്.

മത്സരാര്‍ത്ഥിയായ നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മകള്‍ വനിത വിജയകുമാറിനെ ചോദ്യം ചെയ്യാന്‍ തെലുങ്കാന പോലീസ് എത്തിയിരുന്നു. താരത്തിന്റെ മുന്‍ ഭര്‍ത്താവ് നല്‍കിയ പരാതിയിന്മേല്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു തെലുങ്കാന പോലീസ് ബിഗ് ബോസ് ഹൗസിലെത്തിയത്. പരസ്പര ധാരണയോടെ പിരിഞ്ഞ ബന്ധത്തിന് ശേഷം സ്വന്തം മകളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് വനിത വിജയകുമാറിനെതിരെ മുന്‍ഭര്‍ത്താവ് ആനന്ദ് രാജന്‍ നല്‍കിയ പരാതി. ഈ വിവാദങ്ങള്‍ അവസാനിക്കും മുന്‍പാണ് ചെന്നൈ പോലീസും മറ്റൊരു അന്വേഷണത്തിന്റെ ഭാഗമായി എത്തുന്നത്.

മോഡലും നടിയുമായ മീര മിഥുനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണം നേരത്തെ തന്നെ വിവാദമായിരുന്നു. ഈ പരാതി അന്വേഷിക്കുന്നതിനാണ് പോലീസ് സന്ദര്‍ശനം. താരത്തെ ചോദ്യം ചെയ്തുവെന്ന് നേരത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. മീര 50000 രൂപ പറ്റിച്ചെന്ന ഡിസൈനറുടെ പരാതിയിലാണ് നടപടി. മിസ് സൗത്ത് ഇന്ത്യ എന്ന ലോഗോ അനുവാദമില്ലാതെ ഉപയോഗിച്ച് മീര മിസ് തമിഴ്നാട് സൗന്ദര്യ മത്സരം നടത്തിയെന്നാണ് കേസ്.