‘ഫാന്‍ ഫോര്‍എവര്‍’; ഇളയരാജയ്ക്ക് വയലിനില്‍ മറുപടി നല്‍കി ഗോവിന്ദ് വസന്ത

ഫാന് ഫോര് എവര് എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു ഗോവിന്ദിന്റെ ട്വീറ്റ്.
 | 
‘ഫാന്‍ ഫോര്‍എവര്‍’; ഇളയരാജയ്ക്ക് വയലിനില്‍ മറുപടി നല്‍കി ഗോവിന്ദ് വസന്ത

കൊച്ചി: വിജയ് സേതുപതി-തൃഷ ചിത്രത്തില്‍ തന്റെ ഗാനം ഉപയോഗിച്ചതിന് വിമര്‍ശനം ഉന്നയിച്ച സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് മറുപടിയുമായി ഗോവിന്ദ് വസന്ത. സുന്ദരി കണ്ണാല്‍ ഒരു സെയ്തി എന്ന ദളപതിയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്ന് വയലിനില്‍ വായിച്ചാണ് ഗോവിന്ദ് ഇളയരാജക്ക് മറുപടി നല്‍കിയത്. ഫാന്‍ ഫോര്‍ എവര്‍ എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു ഗോവിന്ദിന്റെ ട്വീറ്റ്.

ഇളയരാജ സംഗീതം നിര്‍വഹിച്ച മമ്മൂട്ടി-രജനികാന്ത് ചിത്രം ദളപതയിലെ യമുനൈ ആട്രിലെ എന്ന ഗാനവും അവതാരത്തിലെ തെണ്ട്രല്‍ വന്ത് തീണ്ടുമ്പോത് എന്ന ഗാനവുമാണ് 96ലെ ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചത്. ഒരു കാലഘട്ടം ചിത്രീകരിക്കാന്‍ അക്കാലത്ത് സിനിമകളില്‍ ഉപയോഗിച്ചിരുന്ന പാട്ടുകള്‍ ഉപയോഗിക്കുന്ന രീതി തെറ്റായ പ്രവണതയാണെന്നായിരുന്നു ഇളയരാജയുടെ വാദം. അന്നത്തെ കാലത്തെ സൂചിപ്പിക്കാന്‍ പാകത്തിലുള്ള പാട്ടുകളുണ്ടാക്കാന്‍ പുതിയ കാലത്തെ സംഗീത സംവിധായകര്‍ പരാജയപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ നേരിട്ട് പ്രതികരിക്കാതെ പരോക്ഷ പ്രസ്താവനകള്‍ ഗോവിന്ദ് മുന്‍പും നടത്തിയിരുന്നു.

 

ഇളയരാജയുടെ വിമര്‍ശനത്തോട് പ്രതികരിക്കുന്നതിന് പകരം വാര്‍ത്തയില്‍ ഉപയോഗിച്ച തന്റെ ചിത്രത്തെക്കുറിച്ചായിരുന്നു ഗോവിന്ദ് മുന്‍പ് അഭിപ്രായം രേഖപ്പെടുത്തിയത്. ‘കഷ്ടപ്പെട്ട് ഡെയ്‌ലി ജിമ്മിനു പോയി മസിലും ഉരുട്ടിയെടുത്ത് നിക്കുമ്പോ, പഴയ ഗ്യാസ് ഊതിക്കെട്ടിയ ഫോട്ടോ. ഇളയരാജയുടെ കൂടെയൊക്കെ ഒരു ഫോട്ടോ ഇടുമ്പോ എന്നോട് ചോദിച്ചാല്‍ ഞാന്‍ കൊടുക്കൂലെ ഷേര്‍ട്ട്ലെസ് നല്ല ക്ലീന്‍ സാധനം. ഇത് പഴേതന്നെ വീണ്ടും വീണ്ടും. പത്രക്കാരോട് എന്റെ സങ്കടം രേഖപ്പെടുത്തുന്നു.’ എന്നായിരുന്നു ഗോവിന്ദ് ഫെയിസ്ബുക്കില്‍ കുറിച്ചത്.