അവതാറിലേക്ക് ജെയിംസ് കാമറൂണ്‍ ക്ഷണിച്ചെന്ന് ഗോവിന്ദ; ‘ചിരിനിര്‍ത്താതെ’ ബോളിവുഡ്

താരം പറഞ്ഞത് വെറും തള്ളാണെന്നാണ് പലരുടെയും വാദം. സംഭവത്തിന് പിന്നാലെ ട്രോളുകളും സജീവമാണ്.
 | 
അവതാറിലേക്ക് ജെയിംസ് കാമറൂണ്‍ ക്ഷണിച്ചെന്ന് ഗോവിന്ദ; ‘ചിരിനിര്‍ത്താതെ’ ബോളിവുഡ്

മുംബൈ: ഹോളിവുഡ് സിനിമയായ അവതാറിലേക്ക് തന്നെ അഭിനയിക്കാന്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ വിളിച്ചിരുന്നുവെന്ന് ബോളിവുഡ് നടന്‍ ഗോവിന്ദ. ആപ് കി അദാലത്ത് എന്ന ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍ അവതാര്‍ എന്ന പേര് കാമറൂണിന് നിര്‍ദേശിച്ചത് താനാണെന്നും ഗോവിന്ദ പരിപാടിക്കിടെ വെളിപ്പെടുത്തി. ഗോവിന്ദയുടെ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. താരം പറഞ്ഞത് വെറും തള്ളാണെന്നാണ് പലരുടെയും വാദം. സംഭവത്തിന് പിന്നാലെ ട്രോളുകളും സജീവമാണ്.

അവതാര്‍ സൂപ്പര്‍ ഹിറ്റ് പടമാകുമെന്ന് ഞാന്‍ കാമറൂണിനോട് പറഞ്ഞിരുന്നു. അതങ്ങനെ തന്നെ സംഭവിച്ചു. കൂടാതെ സിനിമ പൂര്‍ത്തിയാവാന്‍ 7-8 വര്‍ഷമെടുക്കുമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതങ്ങനെ നിങ്ങള്‍ക്ക് പറയാനാകുമെന്നാണ് കാമറൂണ്‍ ചോദിച്ചു. ഇത്തിരി ചൊടിച്ചതുപോലെയായിരുന്നു മറുപടി. അവസാനം ഞാന്‍ പറഞ്ഞതുപോലെ തന്നെയായിരുന്നു സംഭവിച്ചത്. അവതാര്‍ എന്ന പേര് ഞാനാണ് നിര്‍ദേശിക്കുന്നത്. സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ എന്നെ വിളിച്ചതാണ്. പക്ഷേ അതിനുവേണ്ടി ദേഹത്തു മുഴുവന്‍ പെയ്ന്റ് തേച്ച് 410 ദിവസം ഷൂട്ട് ചെയ്യണമായിരുന്നു. എനിക്കു പറ്റില്ലെന്നു പറഞ്ഞു, ഗോവിന്ദ വിശദീകരിച്ചു.

സോഷ്യല്‍ മീഡിയയില്‍ അവതാറിലെ ഗോവിന്ദ എന്ന രീതിയില്‍ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതിക്രൂരമായ തള്ളായിപ്പോയി എന്നാണ് മിക്കവരുടെയും പ്രതികരണം. ചിലര്‍ കാമറൂണിനെ ട്വിറ്ററില്‍ ടാഗ് ചെയ്ത് സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. എന്തായാലും ബോളിവുഡില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ് ഗോവിന്ദയുടെ വെളിപ്പെടുത്തല്‍.