മഞ്ജു വാര്യര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ദിലീപ് വിളിച്ചു; രക്ഷാപ്രവര്‍ത്തനം ഉടനുണ്ടാകുമെന്ന് ഹൈബി ഈഡന്‍

നടന് ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
 | 
മഞ്ജു വാര്യര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ദിലീപ് വിളിച്ചു; രക്ഷാപ്രവര്‍ത്തനം ഉടനുണ്ടാകുമെന്ന് ഹൈബി ഈഡന്‍

കൊച്ചി: ഹിമാചല്‍ പ്രദേശിലെ പ്രളയക്കെടുതിയില്‍ കുടുങ്ങിപ്പോയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ ഉടനുണ്ടാകുമെന്ന് എം.പി ഹൈബി ഈഡന്‍. മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തുന്നതിന് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചല്‍ എംപിയുമായ അനുരാഗ് താക്കൂറിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും ഹൈബി ഈഡന്‍ പറഞ്ഞു.

നടന്‍ ദിലീപ് പറഞ്ഞാണ് താന്‍ വിവരം അറിഞ്ഞത്. അവരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ദിലീപ് തന്നോട് പറഞ്ഞുവെന്നും ഹൈബി ഫെയിസ്ബുക്കില്‍ കുറിച്ചു. കുളു മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള 30 മലയാളി സിനിമാ പ്രവര്‍ത്തകര്‍ കുടുങ്ങി കിടക്കുന്നത്. ഇവിടെ നിന്ന് പ്രധാന നഗരത്തിലേക്ക് എത്തിപ്പെടാനുള്ള വഴി തടസപ്പെട്ടിരിക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഛത്രു. ശക്തമായ മഴ തുടരുന്നതിനാല്‍ ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് ഉടന്‍ മാറുക സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം..

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തില്‍ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരന്‍ മധു വാര്യരുമായി സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാന്‍ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടന്‍ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം.പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.