ജെയിംസ് ബോണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഡാനിയല്‍ ക്രെയിഗിന് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

ജെയിംസ് ബോണ്ട് സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില് നടന് ഡാനിയല് ക്രെയിഗിന് പരിക്ക്.
 | 
ജെയിംസ് ബോണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഡാനിയല്‍ ക്രെയിഗിന് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

ലണ്ടന്‍: ജെയിംസ് ബോണ്ട് സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നടന്‍ ഡാനിയല്‍ ക്രെയിഗിന് പരിക്ക്. ജമൈക്കയിലെ ലൊക്കേഷനില്‍ വെച്ചാണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചു. കണങ്കാലിനാണ് പരിക്ക്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും ഒരാഴ്ചക്കുള്ളില്‍ ചിത്രീകരണം പുനരാരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഡാനിയല്‍ ക്രെയിഗ് ചികിത്സക്കായി അമേരിക്കയിലേക്ക് പോയി. ജമൈക്കയില്‍ അവസാന രംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആക്ഷന്‍ രംഗത്ത് ഓടുന്നതിനിടെ തെന്നിവീഴുകയായിരുന്നു. 2006ല്‍ കാസിനോ റോയാല്‍ എന്ന ചിത്രത്തിലാണ് ക്രെയിഗ് ജെയിംസ് ബോണ്ട് വേഷത്തില്‍ ആദ്യമായി എത്തുന്നത്.

ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തില്‍ ക്രെയിഗിന് രണ്ടു പല്ലുകള്‍ നഷ്ടമായിരുന്നു. 2008ല്‍ പുറത്തിറങ്ങിയ ക്വാണ്ടം ഓഫ് സോളെയ്‌സ് എന്ന ബോണ്ട് സിനിമയുടെ ഷൂട്ടിംഗിനിടെ വാരിയെല്ലുകള്‍ക്കും തോളിലെ മസിലുകള്‍ക്കും പരിക്കേറ്റിരുന്നു.

പുതിയ ബോണ്ട് സിനിമയുടെ പേര് പുറത്തു വിട്ടിട്ടില്ല. ബോണ്ട് 25 എന്ന പേരിലാണ് സിനിമ ഇപ്പോള്‍ അറിയപ്പെടുന്നത്. 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.