ടൈറ്റാനിക്ക് സിനിമയുടെ സംഗീത സംവിധായകൻ വിമാനാപകടത്തിൽ മരിച്ചു

ഓസ്കർ അവാർഡ് കരസ്ഥമാക്കിയ, ലോക സിനിമാ ചരിത്രത്തിലെ ഇതിഹാസ ചിത്രം ടൈറ്റാനിക്കിന്റെ സംഗീത സംവിധായകൻ ജെയിംസ് ഹോർണർ (61) വിമാനാപകടത്തിൽ മരിച്ചു.
 | 
ടൈറ്റാനിക്ക് സിനിമയുടെ സംഗീത സംവിധായകൻ വിമാനാപകടത്തിൽ മരിച്ചു

 

ലോസ് ആഞ്ചൽസ്: ഓസ്‌കർ അവാർഡ് കരസ്ഥമാക്കിയ, ലോക സിനിമാ ചരിത്രത്തിലെ ഇതിഹാസ ചിത്രം ടൈറ്റാനിക്കിന്റെ സംഗീത സംവിധായകൻ ജെയിംസ് ഹോർണർ (61) വിമാനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. തെക്കൻ കാലിഫോർണിയയിൽ വച്ചാണ് അദ്ദേഹത്തിന്റെ ചെറുവിമാനം അപകടത്തിൽ പെട്ടത്. രണ്ട് പേർക്കിരിക്കാവുന്ന എസ് 312 ടുക്കാനോ എം.കെ 1 ടർബോ പ്രോപ് വിമാനം രാവിലെ 9.30 ഓടെ ലോസ് പാഡ്രസ് നാഷണൽ ഫോറസ്റ്റിൽ തകർന്ന് വീഴുകയായിരുന്നു.

ലോസ് ആഞ്ചൽസിൽ നിന്നും 100 മൈൽ അകലെയാണ് അപകടം നടന്നത്. പ്രഗൽഭനായ സംഗീതജ്ഞനേയും നല്ലൊരു വ്യക്തിയേയുമാണ് നഷ്ടപ്പെട്ടതെന്ന് ജെയിംസിന്റെ അസിസ്റ്റന്റ് സിൽവിയ പാട്രിക ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ലോക സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്ന ടൈറ്റാനിക്കിലൂടെ (1997) രണ്ട് ഓസ്‌കറാണ് അദ്ദേഹത്തെ തേടിയെത്തിയത്. കംപോസിങിനും, പിന്നെ സെലിൻ ഡിയേണിന്റെ ആലാപനത്തിലൂടെ ജനപ്രിയമായ ‘മൈ ഹാർട്ട് വിൽ ഗോ ഓൺ’ എന്ന തീം സോങ് എഴുതിയതിനും. ഇത് കൂടാതെ രണ്ട് ഗ്രാമി പുരസ്‌കാരങ്ങളും രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കി.

ടൈറ്റാനിക്കിന്റെ ഡയറക്ടർ ജെയിംസ് കാമറൂണിനൊപ്പം അവതാറിലും ഏലിയൻസിലും അദ്ദേഹം സഹകരിച്ചു. ജേക്ക് ഗിലൻഹലും റേച്ചൽ മക്ആഡംസും ഒന്നിക്കുന്ന ബോക്‌സിങ് പ്രമേയമായ സൗത്ത്‌പോ എന്ന ചിത്രമാണ് ജെയിംസിന്റേതായി ഉടൻ പുറത്തിറങ്ങുന്നത്. 2010 ൽ നടന്ന ചിലിയിലെ ഖനി അപകടം പ്രമേയമാക്കി ഒരുക്കിയ ദി 33 യും നവംബറിൽ റിലീസ് ചെയ്യും. അപ്പോളോ 13, എ ബ്യൂട്ടിഫുൾ മൈൻഡ്, വില്ലോ, ദി മിസ്സിങ് എന്നീ പ്രമുഖ ചിത്രങ്ങളിലും ജെയിംസിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. പത്ത് തവണ ഓസ്‌കർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്.