പോൾ വാക്കറുടെ ഓർമ്മകൾക്ക് ഒരു വയസ്സ്

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരകളിലെ അതിവേഗ കാറോട്ട രംഗങ്ങളിലൂടെ ആരാധകരെ ത്രസിപ്പിച്ച പോൾ വാക്കർ ലോകത്തോട് വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്നു. ഓർമ്മകൾക്ക് മരണമില്ല എന്ന വസ്തുത പോൾ വാക്കറിനെ ആരാധക മനസുകളിൽ ഇപ്പോഴും സജീവനാക്കുന്നു.
 | 

പോൾ വാക്കറുടെ ഓർമ്മകൾക്ക് ഒരു വയസ്സ്

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരകളിലെ അതിവേഗ കാറോട്ട രംഗങ്ങളിലൂടെ ആരാധകരെ ത്രസിപ്പിച്ച പോൾ വാക്കർ ലോകത്തോട് വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്നു. ഓർമ്മകൾക്ക് മരണമില്ല എന്ന വസ്തുത പോൾ വാക്കറിനെ ആരാധക മനസുകളിൽ ഇപ്പോഴും സജീവനാക്കുന്നു.

1986-ൽ പുറത്തിറങ്ങിയ മോൺസ്റ്റർ ഇൻ ദ ക്ലോസറ്റ് എന്ന ചിത്രത്തിലൂടെ തന്റെ പതിമൂന്നാം വയസ്സിലാണ് പോൾ വാക്കർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷനിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ച പോൾ അതിന് മുൻപ് മോഡലിംഗിലും സജീവ സാന്നിദ്ധ്യമറിയിച്ചിരുന്നു.

1999-ൽ പുറത്തിറങ്ങിയ വാഴ്‌സിറ്റി ബ്ലസ് എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ് പോൾ ശ്രദ്ധേയനാകുന്നത്. വീണ്ടും നിരവധി ചിത്രങ്ങൾ പോളിനെ തേടിയെത്തി. എന്നാൽ ആ സിനിമകൾക്കൊന്നും പോളിന്റെ അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം ഉയരാനായില്ല. 2001-ൽ പുറത്തിറങ്ങിയ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് പോളിനെ സിനിമ ലോകത്തെ പ്രശസ്തിയുടെ നിറുകയിലെത്തിച്ചു. ആരുടേയും ശ്രദ്ധയാകർഷിക്കാൻ കഴിവുള്ള വശ്യസുന്ദരമായ ആ നക്ഷത്രക്കണ്ണുകൾ പിന്നീട് സിനിമാ ലോകം കീഴടക്കുന്നതാണ് കണ്ടത്.

പോൾ വാക്കറുടെ ഓർമ്മകൾക്ക് ഒരു വയസ്സ്

സിനിമയ്ക്ക് പ്രിയങ്കരനായി നിൽക്കുന്ന സമയത്താണ് വിധി പോളിനോട് കുറുമ്പുകാട്ടിയത്. പ്രകൃതി ദുരന്തത്തിൽ ഇരകളാകുന്നവർക്കു വേണ്ടി പോൾ ആരംഭിച്ച റീച്ചൗട്ട് വേൾഡ് വൈഡ്(റോ) എന്ന സംഘടനയ്ക്കു വേണ്ടിയുള്ള പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരുന്ന വഴി വിധി കാറപകടത്തിന്റെ രൂപത്തിൽ പോളിന്റെ ജീവൻ കവർന്നു. 2013 നവംബർ 30-ലെ ആ ദുരന്തം തട്ടിയെടുത്തത് ഫാസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ ഏഴാം സീരിസിൽ അഭിനയിക്കാനുള്ള പോളിന്റെ അവസരം കൂടിയാണ്.

ചിത്രം അടുത്ത വർഷം മാർച്ചിൽ തീയറ്ററുകളിൽ എത്തുമ്പോൾ പോൾ വാക്കറിന്റെ നഷ്ടം നികത്താൻ സാധിക്കാത്ത ദുഖത്തിലാകും ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവർത്തകരും ആരാധകരും.