ടൂംബ് റെയ്ഡര്‍ താരം സിമോണ്‍ യാമിന് അജ്ഞാതന്റെ കുത്തേറ്റു

ആക്രമിക്കാനുണ്ടായ കാരണം പ്രതി വ്യക്തമാക്കിയിട്ടില്ല. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
 | 
ടൂംബ് റെയ്ഡര്‍ താരം സിമോണ്‍ യാമിന് അജ്ഞാതന്റെ കുത്തേറ്റു

ബീജിംഗ്: ഹോംഗ് കോംഗ് സിനിമാ താരം സിമോണ്‍ യാമിന് അജ്ഞാതന്റെ കുത്തേറ്റു. ചൈനയില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് ആക്രമണത്തിനിരയായത്. പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ ആക്രമിക്കാനുണ്ടായ കാരണം പ്രതി വ്യക്തമാക്കിയിട്ടില്ല. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഹോളിവുഡില്‍ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് സിമോണ്‍. ആഞ്ചലീന ജൂലി പ്രധാന വേഷത്തിലെത്തിയ ലാറ ക്രോഫ്റ്റ് ടൂംബ് റെയ്ഡര്‍: ദ ക്രെയ്ഡില്‍ ഓഫ് ലൈഫ് എന്ന ഹോളിവുഡ് സിനിമയില്‍ വില്ലനായിരുന്നു സിമോണ്‍. 200ലധികം ഹോംഗ് കോങ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

പരിക്ക് ഗുരുതരമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍ ചെറിയ ശസ്ത്രക്രിയ ആവശ്യമുള്ളതിനാല്‍ താരം ആശുപത്രിയില്‍ തുടരും. സിമോണ്‍ യാമിന്റെ വലതു കൈയിലാണ് മുറിവേറ്റതെന്നാണ് മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.