Saturday , 23 January 2021
News Updates

‘ഇവിടത്തെ കാറ്റാണ് കാറ്റ്”

mahesh

മഹേഷ്ചന്ദ്രന്‍

അതെ, ഇടുക്കിയിലെ കാറ്റ് തന്നെയാണ് കാറ്റ്. ആ കാറ്റിനെ പോലെ കരുത്തും കുളിര്‍മയുമുണ്ട് അവിടുത്തുകാരുടെ മനസ്സിനും. ആ മനസ്സിന്റെ നിഷ്‌കളങ്കതയാണ് ‘മഹേഷിന്റെ പ്രതികാര’ത്തിന്റെ കാതലും.

തുടക്കം മുതല്‍ ഒടുക്കം വരെ കണ്ണി ചേര്‍ന്നു നില്‍ക്കുന്ന ലളിത മനോഹരമായ കഥയാണ് മഹേഷിന്റെ പ്രതികാരത്തെ പ്രിയങ്കരമാക്കി തീര്‍ത്തിരിക്കുന്നത്. മഹേഷായി പരകായപ്രവേശം നേടിയ ഫഹദ് ഫാസില്‍ മുതല്‍ എല്ലാ അഭിനേതാക്കളും സ്വാഭാവികമായ അഭിനയം കാഴ്ച്ചവെച്ചപ്പോള്‍, സിനിമ വെള്ളിത്തിരയുടെ തിളക്കം വിട്ട് മണ്ണിലേക്ക് പെയ്തിറങ്ങിയ അനുഭവമാണ് സമ്മാനിക്കുന്നത്.

മഹേഷിന്റെ ചാച്ചനായെത്തിയ കെ.എല്‍ ആന്റണിയെന്ന നാടകനടന്‍ ഗോഡ്ഫാദറിലൂടെ എന്‍.എന്‍ പിള്ള വെള്ളിത്തിരയിലേക്ക് വലിച്ചിട്ട ചാരുകസേരയിലേക്കാണ് അഭിനയത്തികവും ഉള്‍ക്കരുത്തും പ്രകടമാക്കി ഇരിപ്പുറപ്പിച്ചത്. ‘കടയല്ല സ്റ്റുഡിയോ’ എന്ന രണ്ടുവരി സംഭാഷണം മഹേഷിന്റെ മനസ്സില്‍ മാത്രമല്ല ഓരോ പ്രേക്ഷകനിലും വന്നു തറയ്ക്കുന്നതാണ്. അതില്‍ തലമുറകളുടെ വിടവില്‍ നൊമ്പരത്തോടെ പിടയുന്ന ഗൃഹാതുരതയുണ്ട്.

അലന്‍സിയര്‍ ബേബിച്ചായനായി പകര്‍ന്നാടിയപ്പോള്‍ പ്രകാശ് സിറ്റിയിലും ലബ്ബക്കടയിലും പള്ളിക്കവലയിലും കണ്ട് മറന്ന പലരും മനസ്സിലോടിയെത്തി. ”ഐഡിയ എന്റെയായിപ്പോയി. നിന്റെയാര്‍ന്നെങ്കീ കൊന്നേനെ പന്നീ” എന്ന ഡയലോഗ് തീര്‍ത്ത ചിരിപ്പടക്കം അടുത്ത സീനുകളിലേക്ക് സിനിമ സഞ്ചരിക്കുമ്പോഴും പൊട്ടിത്തീരുന്നുണ്ടായിരുന്നില്ല. ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന നര്‍മ്മം ചാലിച്ചുള്ള, സ്വാഭാവികതയാര്‍ന്ന അവതരണത്തിലൂടെ അലന്‍സിയര്‍ തീയേറ്റര്‍ വിട്ടിറങ്ങുന്നവര്‍ക്കൊപ്പം കൂടെക്കൂടുകയും ചെയ്യുന്നു.

സൗബിന്‍ ഷാഹിര്‍ ക്രിസ്പിനായി തകര്‍ത്താടി. സ്വാഭാവികമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തും സിനിമയില്‍ ചിരിപ്പിക്കാന്‍ കഴിയുമെന്ന് ക്രിസ്പിനിലൂടെ സൗബിന്‍ തെളിയിക്കുന്നു. മോഹന്‍ലാലിനെക്കുറിച്ച് ക്രിസ്പിന്‍ പറയുന്ന വിവാദ ഡയലോഗ് മോഹന്‍ലാലിനെ യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്നവരെ ക്രൂദ്ധരാക്കാന്‍ മാത്രമൊന്നുമില്ല. അതില്‍ മന:പൂര്‍വ്വമായ അപകീര്‍ത്തിപ്പെടുത്തല്‍ ആരോപിക്കേണ്ടതുമില്ല. ആ രംഗം അടര്‍ത്തിയെടുത്ത് മുന്‍വിധിയോടെ കണ്ടവരാകാം വിവാദം തീര്‍ത്തത്. ഒന്നുറപ്പ്, ആ ഡയലോഗ് കേട്ടാല്‍ മോഹന്‍ലാല്‍ പോലും ചിരിക്കും.

അപര്‍ണ ബാലമുരളിയെന്ന മേക്കപ്പിന്റെ ഭാരമില്ലാത്ത പുതുമുഖ നായിക തികവാര്‍ന്ന അഭിനയത്തിന്റെ മികവാണ് പ്രകടമാക്കിയത്. ഹൈറേഞ്ചിന്റെ പ്രകൃതിയില്‍ രൂപപ്പെടുന്ന സ്ത്രീയുടെ തന്റേടം ജിംസിയില്‍ കാണാനാകും. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കൊച്ചുമകന്‍ സുജിത് ശങ്കര്‍ അവതരിപ്പിച്ച പ്രതിനായക വേഷത്തോടോ, മഹേഷിനെ വഞ്ചിക്കുന്ന സൗമ്യയെന്ന കാമുകിയോടോ വിദ്വേഷമില്ലാതെ ഇടുക്കിക്കാരെ തുറന്ന മനസ്സോടെ കാണാന്‍ ഓരോ പ്രേക്ഷകര്‍ക്കുമാവുന്നിടത്താണ് മഹേഷിന്റെ പ്രതികാരം സഫലമാകുന്നത്. പൈനാവിലെ ഇടുക്കി അണക്കെട്ടിന്റെ താഴ്‌വാരത്ത് നടക്കുന്ന നല്ല നാടന്‍ തല്ല് കാണുമ്പോള്‍ കമോണ്ട്രാ മഹേഷേ എന്ന് ആരാ പറയാതിരിക്കുക.

സാന്ദര്‍ഭിക നര്‍മ്മങ്ങള്‍ നിറഞ്ഞ കഥ ഏച്ചുകെട്ടലുകളുടെ മുഴച്ചുനില്‍ക്കല്‍ ഇല്ലാതെ കഥാപാത്രങ്ങളിലോരോന്നിലും ചേര്‍ന്നുനില്‍ക്കുമ്പോള്‍ ഈ സിനിമയെ പ്രേക്ഷ്രകര്‍ക്ക് ഏറ്റെടുക്കാതിരിക്കാനാകില്ലല്ലോ .

നന്ദി ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ആഷിഖ് അബു

ഫഹദ് ഫാസിലിനും അലന്‍സിയറിനും കെ.എല്‍. ആന്റണിക്കും സൗബിന്‍ ഷാഹിറിനും അപര്‍ണ ബാലമുരളിക്കും സുജിത് ശങ്കറിനും അഭിമാനിക്കാം; മണ്ണില്‍ തൊട്ടുനില്‍ക്കുന്ന സിനിമയുടെ ഭാഗമായതില്‍.

വാല്‍ക്കഷണം : ഇടുക്കിയില്‍ ജനിച്ച് ബാല്യകാലം ചെലവഴിച്ച മഹേഷെന്ന എനിക്ക് പടം കണ്ടിറങ്ങിയപ്പോള്‍ തോന്നിയത് ഇടുക്കി കാഞ്ചിയാറിലെ ‘ഇച്ചിരെ’ മണ്ണില്‍ സിനിമയിലെ മഹേഷിനെപ്പോലെ ചെരുപ്പിടാതെയൊന്ന് ഇറങ്ങിനടക്കാനാണ്.

മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫാണ് ലേഖകന്‍

DONT MISS