നൂറിൽ ഒന്നോ രണ്ടോ പ്രണയ ദിനങ്ങൾ

വളരെ മനോഹരമാണ് ചിത്രത്തിന്റെ ഈ പേര്. ടോമിനു സമ്മറിനോടുള്ള പ്രണയത്തിന്റെ മനോഹരമായ ആ 500 ഹോളിവൂഡ് ദിനങ്ങൾ ഓർത്തെടുക്കാനും, മലയാളത്തിൽ അതൊന്ന് അയവിറക്കാനും മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന ഏതൊരാളെയും മോഹിപ്പിക്കാന്നുണ്ട് ആ പേര്. ഇത് തിരിച്ചറിയാൻ കഴിയാതെ പോയിടത്ത് നിന്നാണ് സംവിധായകനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ജെനുസ് മുഹമ്മദിന്റെ പരാജയം തുടങ്ങുന്നത്.
 | 

റെനീഷ് പി.എൻ.

നൂറിൽ ഒന്നോ രണ്ടോ പ്രണയ ദിനങ്ങൾ

 

100 ഡേയ്‌സ് ഓഫ് ലൗ. വളരെ മനോഹരമാണ് ചിത്രത്തിന്റെ ഈ പേര്. ടോമിനു സമ്മറിനോടുള്ള പ്രണയത്തിന്റെ മനോഹരമായ ആ 500 ഹോളിവൂഡ് ദിനങ്ങൾ ഓർത്തെടുക്കാനും, മലയാളത്തിൽ അതൊന്ന് അയവിറക്കാനും മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന ഏതൊരാളെയും മോഹിപ്പിക്കാന്നുണ്ട് ആ പേര്. ഇത് തിരിച്ചറിയാൻ കഴിയാതെ പോയിടത്ത് നിന്നാണ് സംവിധായകനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ജെനുസ് മുഹമ്മദിന്റെ പരാജയം തുടങ്ങുന്നത്.

ബാലൻ കെ. നായർ(ദുൽഖർ), ഷീല(നിത്യ), ഉമ്മർ(ശേഖർ മേനോൻ) എന്നീ മൂന്നു കഥാപാത്രങ്ങളെ കോർത്ത് അവരുടെ പേരിലെ നർമ്മം കൊണ്ട് ബാംഗ്ലൂർ പശ്ചാത്തലത്തിൽ ഒരു രസച്ചരട് സൃഷ്ട്ടിച്ചെടുക്കാൻ തിരക്കഥകൃത്തിന് കഴിഞ്ഞിട്ടുണ്ട്. ആ ഒരൊറ്റ രസച്ചരടിന്റെ പിൻബലത്തിൽ മാത്രമാണ് ഇടവേളയ്ക്ക് പ്രേക്ഷകന് അൽപ്പം സംതൃപ്തിയോടെ പുറത്തിറങ്ങാൻ സാധിക്കുന്നത്.

ദുൽഖർ, നിത്യ, ശേഖർ മേനോൻ എന്നീ താരങ്ങൾ തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങളിൽ ശരാശരിക്ക് മുകളിൽ പ്രകടനം കാഴ്ച വച്ചു. വ്യാപ്തി ഇല്ലാത്ത കണ്ടു മടുത്ത കഥാപാത്രമെങ്കിലും രാഹുൽ മാധവിന്റെ സാന്നിദ്ധ്യം ചിത്രത്തിന് പുത്തനുണർവ്വുമായി. അജു വർഗീസാകട്ടെ പാത്ര സൃഷ്ട്ടിയിലെ കാമ്പില്ലായ്മ കൊണ്ടും, പ്രകടനം കൊണ്ടും സിനിമക്ക് ഭാരമാകുന്നു. രാഹുൽ മാധവ് സ്‌കോർ ചെയ്ത ഫ്രഷ്‌നസിൽ നിന്നും ചിത്രത്തെ പിന്നോട്ടടിക്കാനേ അജു വർഗീസിന്റെ സാന്നിധ്യം ഉപകരിച്ചുള്ളൂ.

നൂറിൽ ഒന്നോ രണ്ടോ പ്രണയ ദിനങ്ങൾ

ചാപ്‌റ്റെഴ്‌സ്, അരികിൽ ഒരാൾ എന്നീ സിനിമകൾക്ക് ശേഷം തങ്ങളുടെ മൂന്നാമത്തെ ചിത്രത്തിലും കഥാപാത്രങ്ങൾക്ക് മികവാർന്ന സംഭാഷണങ്ങൾ നൽകാൻ എം ആർ വിബിൻ, സുഹൈൽ ഇബ്രാഹിം കൂട്ടുകെട്ടിനായിട്ടുണ്ട്. ഈയൊരൊറ്റ പിൻബലത്തിൽ മാത്രമാണ് കഥാപാത്രങ്ങൾ സ്‌ക്രീനിൽ തളർന്നു വീഴാതെ പിടിച്ചു നിൽക്കുന്നത്. അതുകൊണ്ട് മാത്രമാണ് ‘അസഹ്യം’ എന്ന നിലയിലേക്ക് ‘100 ഡേയ്‌സ് ഓഫ് ലൗ’ വീണു പോകാതിരുന്നത്.

ഇനീം പാട്ടോ എന്ന് ഭയന്നിരിക്കുന്ന അവസ്ഥയിലാണ് ദുൽഖർ, നിത്യ ജോടികളുടെ ബ്ലാക്ക് ആൻഡ് വൈറ്റിൽ തീർത്ത ഇടവേളയ്ക്ക് ശേഷമുള്ള പ്രണയ ഗാനം വരുന്നത്. അത് മാത്രമാണ് സംവിധായകൻ എന്ന നിലയിൽ ജെനുസിന് കയ്യടി നേടിക്കൊടുക്കുന്നതും ഇടവേളയ്ക്ക് ശേഷം പ്രേക്ഷകന് ആശ്വാസത്തിനു വക നൽകുന്നതുമായ സിനിമയുടെ ഏക മുഹൂർത്തം.

റൊമാന്റിക് കോമഡി ഗണത്തിൽ പെടുത്താവുന്ന പ്രണയത്തിന്റെ നൂറു ദിനങ്ങളിൽ പ്രണയം എഴുതി ചേർക്കുന്നതിൽ സംവിധായകൻ പരാജയപ്പെടുകയാണ്. രണ്ടരമണിക്കൂറിനും കൊടുത്ത പണത്തിനും പകരം ചിത്രത്തിലുട നീളം കടിക്കാനുള്ള പതിവ് കല്ലുകളാണ് ലഭിക്കുന്നത്. ദുൽഖർ- നിത്യ ജോഡി, കമലിന്റെ മകൻ എന്നീ പ്രതീക്ഷകളുടെ ആനുകൂല്യം തീയ്യറ്റർ നിറയ്ക്കാനുള്ള അനുകൂല സാഹചര്യമായിട്ടും അത് മുതലാക്കാനാകാതെ പതറിപ്പോയ അരങ്ങേറ്റമാണ് ജെനുസ് മുഹമ്മദിന്റേത്.

വെറുപ്പിക്കൽ: ദുൽഖറിന്റെ ഒറ്റ സീനിൽ വരുന്ന ഇരട്ട വേഷം.