ജീൻസ് വിവാദം: യേശുദാസിനെതിരെ ബി.ഉണ്ണികൃഷ്ണൻ

സ്ത്രീകൾ ജീൻസ് ധരിക്കരുതെന്ന ഗായകൻ യേസുദാസിന്റെ പരാമർശത്തിനെതിരെ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. ഫേസ്ബുക്ക് പേജിലൂടെയാണ് യേസുദാസിന്റെ പ്രസ്താവനക്കെതിരെ ഉണ്ണികൃഷ്ണൻ രംഗത്തെത്തിയത്. പെണ്ണിന്റെ ശരീരത്തിന്റെ ഉടമ അവൾ മാത്രമാണെന്നും അതിന്മേൽ പുരുഷൻ നടത്തുന്ന കടന്നു കയറ്റങ്ങളെ പ്രലോഭനത്തിന്റെ ആനുകൂല്യം നൽകി ന്യായീകരിക്കാൻ ശ്രമിക്കുന്നത് നീതീകരിക്കാൻ ആവില്ലെന്നും ദയവായി ഇത്തരം അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കണമെന്നും ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.
 | 

ജീൻസ് വിവാദം: യേശുദാസിനെതിരെ ബി.ഉണ്ണികൃഷ്ണൻ

കൊച്ചി: സ്ത്രീകൾ ജീൻസ് ധരിക്കരുതെന്ന ഗായകൻ യേസുദാസിന്റെ പരാമർശത്തിനെതിരെ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. ഫേസ്ബുക്ക് പേജിലൂടെയാണ് യേസുദാസിന്റെ പ്രസ്താവനക്കെതിരെ ഉണ്ണികൃഷ്ണൻ രംഗത്തെത്തിയത്. പെണ്ണിന്റെ ശരീരത്തിന്റെ ഉടമ അവൾ മാത്രമാണെന്നും അതിന്മേൽ പുരുഷൻ നടത്തുന്ന കടന്നു കയറ്റങ്ങളെ പ്രലോഭനത്തിന്റെ ആനുകൂല്യം നൽകി ന്യായീകരിക്കാൻ ശ്രമിക്കുന്നത് നീതീകരിക്കാൻ ആവില്ലെന്നും ദയവായി ഇത്തരം അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കണമെന്നും ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഞാൻ ഏറ്റവും സ്‌നേഹിക്കുന്ന, ആദരവോടേയും, അരാധനയോടേയും മാത്രം നോക്കിക്കാണുന്ന യേശുദാസ് സാർ അറിയുന്നതിന്,

അങ്ങെന്ന ഗന്ധർവ്വഗായകന്റെ പരശതം വരുന്ന ആരാധകരിൽ ഒരാളാണ്, ഞാൻ. ഈ അടുത്ത കാലത്ത്, അങ്ങയുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി, ഞാൻ എഴുതി, സംവിധാനം ചെയ്ത മാടമ്പിയിലെ, അമ്മമഴക്കാറിന് എന്ന ഗാനത്തെ അങ്ങ് തന്നെ ഉൾപ്പെടുത്തി എന്നറിഞ്ഞപ്പോൾ, എനിക്ക് തോന്നിയ ആഹ്ലാദവും, അഭിമാനവും പറഞ്ഞറിയിക്കാൻ കഴിയില്ല. അതുപോലെ, പറയാൻ കഴിയാത്തവിധം വേദനയും അമർഷവും തോന്നി, ഇന്നലെ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് അങ്ങ് നടത്തിയ പരാമർശത്തെക്കുറിച്ച് അറിഞ്ഞപ്പോൾ. അത് വേണ്ടായിരുന്നു, സാർ. എല്ലാ ലൈംഗിക അതിക്രമങ്ങൾക്കും കാരണം, പെണ്ണ് ശരീരം വേണ്ടുംവിധം മറയ്ക്കാത്തതാണെന്ന സ്ഥിരം പുരുഷ/കാട്ടാളയുക്തി, എന്തായാലും അങ്ങേയ്ക്ക് ഭൂഷണമല്ല. പെണ്ണിന്റെ ശരീരത്തിന്റെ ഉടമ അവൾ മാത്രമാണ്. അതിന്മേൽ പുരുഷൻ നടത്തുന്ന കടന്നു കയറ്റങ്ങളെ, പ്രലോഭനത്തിന്റെ ആനുകൂല്യം നൽകി ന്യായീകരിക്കാൻ ശ്രമിക്കുന്നത്, നീതീകരിക്കാൻ ആവില്ല. ദയവായി ഇത്തരം അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കുക.

സ്‌നേഹത്തോടെ,

അങ്ങയുടെ മഹത്വം ഒരുകഴഞ്ചുപോലും കുറയാൻ ഇടയാവരുതെന്ന് ആഗ്രഹിക്കുന്ന ഒരു എളിയ ആരാധകൻ.