കലാകാരന്മാർ വിഗ്രഹാരാധകരാകുന്നത് അപകടം; മേജർ രവിയ്ക്കും പ്രിയദർശനുമെതിരെ കമൽ

സംഘ്പരിവാർ വേദിയിൽ സംവിധായകരായ മേജർ രവിയും പ്രിയദർശനുമെടുത്ത നിലപാടിനെതിരെ കമൽ. വിഗ്രഹഭഞ്ജകരായ എഴുത്തുകാരുടെ പാരമ്പര്യം കൈവിട്ട് വർത്തമാന കാലഘട്ടത്തിലെ കലാകാരന്മാർ വിഗ്രഹാരാധകരാകുന്നത് അപകടകരമാണെന്നാണ് കമൽ പറഞ്ഞു.
 | 

കലാകാരന്മാർ വിഗ്രഹാരാധകരാകുന്നത് അപകടം; മേജർ രവിയ്ക്കും പ്രിയദർശനുമെതിരെ കമൽ
ഇരിങ്ങാലക്കുട:
സംഘ്പരിവാർ വേദിയിൽ സംവിധായകരായ മേജർ രവിയും പ്രിയദർശനുമെടുത്ത നിലപാടിനെതിരെ കമൽ. വിഗ്രഹഭഞ്ജകരായ എഴുത്തുകാരുടെ പാരമ്പര്യം കൈവിട്ട് വർത്തമാന കാലഘട്ടത്തിലെ കലാകാരന്മാർ വിഗ്രഹാരാധകരാകുന്നത് അപകടകരമാണെന്നാണ് കമൽ പറഞ്ഞു.

ഗാന്ധിജിയെപ്പോലുള്ളവരെ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ ആളാക്കി ഹൈജാക്ക് ചെയ്യാൻ ശ്രമം നടത്തുന്നതിനെതിരെയും വയലാറിനെ പോലുള്ള വിപ്ലവകവികളെപ്പോലും സനാതന ഹൈന്ദവ വക്താക്കൾ ഹൈജാക്ക് ചെയ്യുന്നതിനെതിരെയും സമൂഹം ജാഗ്രത പുലർത്തണമെന്നും കമൽ ആവശ്യപ്പെട്ടു.

മോഡി പ്രധാനമന്ത്രിയായതിനു ശേഷമാണ് തനിക്ക് നിർഭയമായി സിനിമകൾ എടുക്കാൻ കഴിഞ്ഞതെന്ന മേജർ രവിയുടെ വാക്കുകളാണ് കമലിനെ ചൊടിപ്പിച്ചത്. രാജീവ് ഗാന്ധി വധക്കേസിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താനാവാത്തത് കോൺഗ്രസ് സർക്കാറിന് പറ്റിയ വീഴ്ചയാണെന്ന് പറഞ്ഞ മേജർ രവി മോഡി സർക്കാർ ഘാതകരെ കണ്ടെത്തുമെന്ന് പ്രതീക്ഷയുണ്ടെന്നും പറഞ്ഞിരുന്നു.

ഇന്ത്യയുടെ സംസ്‌കാരം തൊട്ടറിഞ്ഞ് സിനിമകളുണ്ടാകണമെങ്കിൽ രാജ്യത്ത് ഹിന്ദുത്വം മാർക്കറ്റ് ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു പ്രിയദർശന്റെ പരാമർശം. ഡൽഹിയിൽ സംഘ്പരിപാർ സംഘടിപ്പിച്ച ‘മാധ്യമങ്ങളിൽ ഹിന്ദുത്വവൽക്കരണം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വച്ചായിരുന്നു ഇരുവരുടെയും പരമാർശങ്ങൾ.