മമ്മൂട്ടി ഗുരുതുല്യൻ: പ്രചരണങ്ങൾക്ക് മറുപടിയുമായി വൈശാഖ്

തനിക്കെതിരെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന അപവാദ പ്രചരണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വൈശാഖ്. പ്രചരണങ്ങൾ മമ്മൂക്കയ്ക്കെതിരെയായത് കൊണ്ടാണ് മറുപടി നൽകുന്നതെന്നും മമ്മൂട്ടി തന്നെ ജീവിതത്തിലേക്ക് കൂടി പിടിച്ച് കയറ്റിയ ചിത്രമാണ് പോക്കിരിരാജയെന്നും വൈശാഖ് പറഞ്ഞു.
 | 

മമ്മൂട്ടി ഗുരുതുല്യൻ: പ്രചരണങ്ങൾക്ക് മറുപടിയുമായി വൈശാഖ്
കൊച്ചി:
തനിക്കെതിരെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന അപവാദ പ്രചരണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വൈശാഖ്. പ്രചരണങ്ങൾ മമ്മൂക്കയ്‌ക്കെതിരെയായത് കൊണ്ടാണ് മറുപടി നൽകുന്നതെന്നും മമ്മൂട്ടി തന്നെ ജീവിതത്തിലേക്ക് കൂടി പിടിച്ച് കയറ്റിയ ചിത്രമാണ് പോക്കിരിരാജയെന്നും വൈശാഖ് പറഞ്ഞു.

മമ്മൂട്ടിയെ വച്ചൊരു സിനിമ ഇനി ഉണ്ടാകില്ലെന്നും, പോക്കിരിരാജയുടെ സ്‌ക്രിപ്റ്റ് മമ്മൂട്ടി 10 തവണ മാറ്റിയെഴുതിച്ചെന്നും വൈശാഖ് പറഞ്ഞെന്നാണ് സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്.

വൈശാഖ് ഫേസ്ബുക്കിലിട്ട കത്തിന്റെ പൂർണ്ണരൂപം താഴെ വായിക്കാം

കൂട്ടുകാരെ,
എന്നെക്കുറിച്ച് ഫേസ്ബുക്കിൽ പ്രചരിക്കുന്ന അപവാദപ്രചരണങ്ങൾക്കെതിരെ ഒരു കുറിപ്പിടണം എന്നു തോന്നി. എനിക്കെതിരെ ആയതുകൊണ്ടല്ല, എന്റെ മമ്മൂക്കയ്‌ക്കെതിരെ ആയതുകൊണ്ടാണ് ഇതെഴുതുന്നത്.

ഞാൻ ആരാധിക്കുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഗുരുതുല്യനായ മമ്മൂക്കയുടെ പേര് ഉച്ചരിക്കാനുള്ള യോഗ്യതയെങ്കിലും നേടണമെങ്കിൽ ഇനിയും ഏഴ് ജന്മമെങ്കിലും പിറവിയെടുക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

‘പോക്കിരിരാജയിൽ അദ്ദേഹം എന്നെ കൈപിടിച്ച് കയറ്റിയത് സിനിമയിലേക്ക് മാത്രമല്ല, ജീവിതത്തിലേക്ക് കൂടിയാണ്. ആ മഹാനടന്റെ മുന്നിൽ എനിക്കു പോയി പറയാൻ പറ്റിയ ഒരു കഥാപാത്രത്തെ കിട്ടാത്തതുകൊണ്ട് മാത്രമാണ് മമ്മൂക്കയുമായി ഒരു സിനിമ വൈകുന്നത്…മറ്റുള്ളതെല്ലാം കുപ്രചാരണങ്ങളാണ്.

സോഷ്യൽ മീഡിയയെ ഇത്തരത്തിൽ ദുർവിനിയോഗം ചെയ്യുന്നവരെ എന്റെ കൂട്ടുകാർ തിരിച്ചറിയുകയും പ്രതികരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. സ്‌നേഹപൂർവ്വം…

വൈശാഖ്