മലയാളത്തിന്റെ സ്വന്തം ലാലേട്ടന് ഇന്ന് 55-ാം പിറന്നാൾ

മലയാളികൾ നെഞ്ചേറ്റിയ മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ഇന്ന് 55-ാം പിറന്നാൾ. കുടുംബത്തോടൊപ്പം ഇക്കുറി ജപ്പാനിലാണ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷം. കഴിഞ്ഞ പിറന്നാളും വിദേശത്തായിരുന്നു മോഹൻലാൽ ആഘോഷിച്ചത്.
 | 
മലയാളത്തിന്റെ സ്വന്തം ലാലേട്ടന് ഇന്ന് 55-ാം പിറന്നാൾ

 

മലയാളികൾ നെഞ്ചേറ്റിയ മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ഇന്ന് 55-ാം പിറന്നാൾ. കുടുംബത്തോടൊപ്പം ഇക്കുറി ജപ്പാനിലാണ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷം. കഴിഞ്ഞ പിറന്നാളും വിദേശത്തായിരുന്നു മോഹൻലാൽ ആഘോഷിച്ചത്. പ്രായം തളർത്താത്ത അഭിനയമികവുമായി സിനിമയിൽ ജൈത്രയാത്ര തുടരുന്ന മോഹൻലാലിന് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയ വഴി ആശംസകൾ അറിയിക്കുന്നത്.

വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും രണ്ടാമത്തെ മകനായി 1960 മെയ് 21നാണ് മോഹൻലാൽ ജനിച്ചത്. ലാലേട്ടൻ എന്ന് മലയാളികൾ സ്‌നേഹത്തോടെ വിളിക്കുന്ന മോഹൻലാലിന്റെ പൂർണ്ണ നാമം മോഹൻലാൽ വിശ്വനാഥൻ നായരെന്നാണ്. ലാലേട്ടനെ മലയാളികൾ നെഞ്ചോട് ചേർത്തിട്ട് മൂന്ന് പതിറ്റാണ്ടുകളായി. മഞ്ഞിൽ വിരിഞ്ഞപൂക്കൾ എന്ന ഫാസിൽ ചിത്രത്തിലൂടെ വില്ലനായി എത്തി മലയാള സിനിമയുടെ താരത്തിളക്കമായി മാറുകയായിരുന്നു മോഹൻലാൽ.

1980,90 ദശകങ്ങളിൽ അഭിനയിച്ച ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായത്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാനത്തുമ്പികൾ, കിരീടം, സ്ഫടികം, ചിത്രം, ഭരതം, ദേവാസുരം, നാടോടിക്കാറ്റ്, വാനപ്രസ്ഥം തുടങ്ങി മോഹൻലാലിന്റേത് എന്നു എടുത്തുപറയാൻ നൂറിലധികം സിനിമകൾ ഉണ്ടാകും.

ജപ്പാനിൽ നിന്നും മടങ്ങിയെത്തുന്ന മോഹൻലാൽ വീണ്ടും സിനിമയുടെ തിരക്കുകളിലേക്ക് കടക്കും. പത്മകുമാറിന്റെ കനൽ എന്ന സിനിമയിലാകും മോഹൻലാൽ തിരിച്ചെത്തിയ ശേഷം അഭിനയിക്കുക.