അന്ന ബെന്‍ നായികയായ ഹെലന്‍ ബോളിവുഡിലേക്ക്; ടൈറ്റില്‍ റോളില്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍

മലയാള സിനിമയില് കഴിഞ്ഞ വര്ഷത്തെ ഹിറ്റുകളില് ഒന്നായ ഹെലന് ബോളിവുഡിലേക്ക്.
 | 
അന്ന ബെന്‍ നായികയായ ഹെലന്‍ ബോളിവുഡിലേക്ക്; ടൈറ്റില്‍ റോളില്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍

മലയാള സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റുകളില്‍ ഒന്നായ ഹെലന്‍ ബോളിവുഡിലേക്ക്. അന്ന ബെന്‍ നായികയായെത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നിര്‍മിക്കുന്നത് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ്. ശ്രീദേവിയുടെയും ബോണിയുടെയും മകള്‍ ജാന്‍വി കപൂര്‍ ആയിരിക്കും അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. 2021ലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലനില്‍ അന്ന ബെന്നിന്റെ പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. കരണ്‍ ജോഹറിന്റെ ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വി ബോളിവുഡില്‍ അരങ്ങേറിയത്. ഈ വര്‍ഷം ആദ്യം ബോംബെ ഗേള്‍ എന്ന പേരില്‍ മകളെ നായികയാക്കി ബോണി കപൂര്‍ സിനിമ പ്രഖ്യാപിച്ചിരുന്നു. ഇതു തന്നെയായിരിക്കും ആദ്യം ചിത്രീകരിക്കുക.

ഹെലന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശം ബോണി കപൂര്‍ വാങ്ങിയതായി ചിത്രം നിര്‍മിച്ച വിനീത് ശ്രീനിവാസനും സ്ഥിരീകരിച്ചു. കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള ചിത്രമെന്ന നിലയിലാണ് മകള്‍ക്കു വേണ്ടി ബോണി ഈ ചിത്രം നിര്‍മിക്കാന്‍ കാരണമെന്നാണ് ബോളിവുഡ് കേന്ദ്രങ്ങള്‍ പറയുന്നത്.