പെൺബാല്യത്തിന്റെ ആകുലതകൾ പങ്കുവെച്ച് ‘കാർത്തു’

പുതിയ കാലത്തിന്റെ ചിന്തകളിലൂടെ സഞ്ചരിച്ച് പെൺബാല്യത്തിന്റെ ആകുലതകളും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും പങ്കുവെക്കുന്ന ഹ്രസ്വചിത്രമാണ് 'കാർത്തു'.
 | 
പെൺബാല്യത്തിന്റെ ആകുലതകൾ പങ്കുവെച്ച് ‘കാർത്തു’

 

പുതിയ കാലത്തിന്റെ ചിന്തകളിലൂടെ സഞ്ചരിച്ച് പെൺബാല്യത്തിന്റെ ആകുലതകളും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും പങ്കുവെക്കുന്ന ഹ്രസ്വചിത്രമാണ് ‘കാർത്തു’. പ്രകൃതിയേയും പുസ്തകത്തേയും സ്‌നേഹിക്കുന്ന ഒരു വിദ്യാർഥിനിയുടെ ജീവിതമാണ് കഥയ്ക്ക് ആധാരം. അവളുടെ സ്വപ്നങ്ങൾക്കും സ്വാതന്ത്രങ്ങൾക്കും കുടുംബവും സമൂഹവും വിലങ്ങു തടിയാകുന്നതിനെ ചിത്രത്തിലൂടെ സംവിധായകൻ വരച്ച് കാട്ടുന്നു.

പലപ്പോഴും നമ്മൾ ചിന്തിക്കുന്നതല്ല യാഥാർത്ഥ്യമെന്ന് കാണിച്ച് വഴിപിഴച്ച് പോകുന്ന നമ്മുടെ ചിന്തയെ പരിഹസിക്കാനുള്ള ശ്രമവും കാർത്തുവിലൂടെ സംവിധായകൻ നടത്തുന്നുണ്ട്. ആരോടും പറയാതെ കാർത്തു ഉള്ളിലൊതുക്കിയത് എന്തായിരുന്നുവെന്ന് കണ്ടെത്തുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

തിരുവനന്തപുരം കോട്ടൺഹിൽ ജി.എച്ച്.എസ്.എസ് വിദ്യാർഥിനിയായ അനഘ എ.എസ്.നായരാണ് കേന്ദ്ര കഥാപാത്രമായ കാർത്തുവിനെ അവതരിപ്പിക്കുന്നത്. ആതിര ഗോപിനാഥിന്റെ ആശയകഥയെ ആധാരമാക്കി തിരക്കഥയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാജീവ് വിജയ് ആണ്.

അഖിലേഷ് എ.എസ്.നായർ, റോയി, കൃഷ്ണൻ നമ്പൂതിരി, അഖിൽ നവോദയ, രേഖ.വി, അച്ചു, ലളിതാംബിക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നടൻ നെടുമുടി വേണു ശബ്ദത്തിലൂടെ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. സംഗീതം-ജയൻ, ഗാനരചന-സത്യൻ നമ്പ്യാർ, വി.പിഷാരടി, ആലാപനം-ആരതി ലാൽ. ആഡ്‌വൺ മോഷൻ പിക്‌ചേഴ്‌സാണ് ചിത്രം നിർമിച്ചിരിക്കുന്നത്.