ശ്രീനിവാസന്റെ ‘തളത്തില്‍ ദിനേശന്റെ’ മാരകമായ കുമ്പളങ്ങി വേര്‍ഷനാണ് ഷമ്മി; വ്യത്യസ്തമായ റിവ്യൂ വായിക്കാം

നവമലയാള സിനിമയെ നിര്വചിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ഏറ്റവും പുതിയ ശ്രമമാണ് 'കുമ്പളങ്ങി നൈറ്റ്സ്'. ശ്യാം പുഷ്കരന്റെ രചനയില് മധു സി. നാരായണന് സംവിധാനം ചെയ്തിരിക്കുന്ന സിനിമയെ കട്ട ലോക്കല്' എന്ന ബ്രാന്ഡ് നെയിമില് തന്നെ അവതരിപ്പിക്കാവുന്നതാണ്. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില് കാണിച്ച മിടുക്ക്, സംഭാഷണങ്ങളില് പുലര്ത്തിയ മിതത്വം/കൃത്യത, ദൃശ്യപരിചരണത്തില് കാണിച്ച അച്ചടക്കം, കലാസംവിധാനത്തിലെ അകൃത്രിമത്വം, പ്രമേയത്തെ പിന്തുണയ്ക്കുന്ന സംഗീതം, മികച്ച അഭിനയ പ്രകടനങ്ങള് തുടങ്ങിയവയെല്ലം കുമ്പളങ്ങിയിലുണ്ട്. വാണിജ്യ സിനിമ പല കാലങ്ങളായി പിന്തുടര്ന്നു പോരുന്ന ക്ലീഷെകള് നിറത്തിലും രൂപത്തിലും വ്യത്യാസപ്പെടുത്തി കുമ്പളങ്ങി നൈറ്റ്സിലും അങ്ങിങ്ങു കാണാം. അതിശയോക്തി നിറഞ്ഞ ചില 'വിശേഷണ'ങ്ങളെ നിഷ്കരുണം റദ്ദ് ചെയ്യേണ്ടി വരികയാണ്. കാഴ്ചയുടെയും ആസ്വാദനത്തിന്റെയും പരിധി-പരിമിതി-വ്യത്യസ്തതകളെ മനസിലാക്കിക്കൊണ്ടു തന്നെ!
 | 
ശ്രീനിവാസന്റെ ‘തളത്തില്‍ ദിനേശന്റെ’ മാരകമായ കുമ്പളങ്ങി വേര്‍ഷനാണ് ഷമ്മി; വ്യത്യസ്തമായ റിവ്യൂ വായിക്കാം

അനു പാപ്പച്ചന്‍

നവമലയാള സിനിമയെ നിര്‍വചിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ഏറ്റവും പുതിയ ശ്രമമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി. നാരായണന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയെ കട്ട ലോക്കല്‍’ എന്ന ബ്രാന്‍ഡ് നെയിമില്‍ തന്നെ അവതരിപ്പിക്കാവുന്നതാണ്. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ കാണിച്ച മിടുക്ക്, സംഭാഷണങ്ങളില്‍ പുലര്‍ത്തിയ മിതത്വം/കൃത്യത, ദൃശ്യപരിചരണത്തില്‍ കാണിച്ച അച്ചടക്കം, കലാസംവിധാനത്തിലെ അകൃത്രിമത്വം, പ്രമേയത്തെ പിന്തുണയ്ക്കുന്ന സംഗീതം, മികച്ച അഭിനയ പ്രകടനങ്ങള്‍ തുടങ്ങിയവയെല്ലം കുമ്പളങ്ങിയിലുണ്ട്. വാണിജ്യ സിനിമ പല കാലങ്ങളായി പിന്‍തുടര്‍ന്നു പോരുന്ന ക്ലീഷെകള്‍ നിറത്തിലും രൂപത്തിലും വ്യത്യാസപ്പെടുത്തി കുമ്പളങ്ങി നൈറ്റ്‌സിലും അങ്ങിങ്ങു കാണാം. അതിശയോക്തി നിറഞ്ഞ ചില ‘വിശേഷണ’ങ്ങളെ നിഷ്‌കരുണം റദ്ദ് ചെയ്യേണ്ടി വരികയാണ്. കാഴ്ചയുടെയും ആസ്വാദനത്തിന്റെയും പരിധി-പരിമിതി-വ്യത്യസ്തതകളെ മനസിലാക്കിക്കൊണ്ടു തന്നെ!

പലജാതി ആണുങ്ങളുടെ നിറവാണ് കുമ്പളങ്ങി നിറയെ. ഇക്കോ ടൂറിസത്തിന് പേരുകേട്ട കൊച്ചുദ്വീപ് അതിന്റെ ജൈവികതാളം നഷ്ടപ്പെട്ട്, വിനോദസഞ്ചാര കേന്ദ്രമാകുന്നതിന്റെ ദാര്‍ശനിക പ്രതിസന്ധിയൊന്നും വലിയ ആഴത്തില്‍ ഈ സിനിമ ചര്‍ച്ചയ്‌ക്കെടുക്കുന്നില്ല. മറിച്ച് രണ്ടേ രണ്ടു വീടുകള്‍ കേന്ദ്രീകരിച്ചുള്ള താരതമ്യ പാഠമാണ് ഒറ്റ നോട്ടത്തില്‍ ഈ സിനിമ. ഒരു അച്ചടക്കവും അടച്ചുറപ്പുമില്ലാത്ത നെപ്പോളിയന്റെ നാലു മക്കള്‍ താമസിക്കുന്ന ‘അരാജക’മായ ഒരിടം പതിയെ പല ഭാഷാ/മത/ദേശ സംസ്‌കാരങ്ങള്‍ ലയിക്കുന്ന ജനാധിപത്യ ഇടമായി മാറുന്നു എന്നതാണ് ഈ സിനിമയില്‍ ആകര്‍ഷിച്ച ഒരു അര്‍ത്ഥതലം. ഇതിന് നേര്‍ വിപരീതമായി, പൊതുസമ്മതി നേടിയെടുക്കാനുള്ളത്രയും വിനയവും തന്ത്രവും കൊണ്ട് ഷമ്മി എന്ന ഹീറോ, അയാളുടെ ഭാര്യ സിമി, അനുജത്തി ബേബി മോള്‍, അമ്മ എന്നിവരുടെ മേല്‍ കര്‍ശനമായ അധികാരം, ഭീതി, ഹിംസ എന്നിവ കാണിച്ച് തികഞ്ഞ ‘ഫാസിസ്റ്റ് ‘ ആയി മാറുന്നതു കാണാം. പക്ഷെ ഷമ്മിക്ക് ഒരു ‘മനോരോഗി’യുടെ അതിവൈകാരികതയുടെ ഇളവ് നല്കി Safe guard ചെയ്തത് എന്തിനെന്ന് എത്ര ആലോചിട്ടും മനസ്സിലായില്ല. ഈ ലഘൂകരണം മേല്‍പറഞ്ഞ രാഷ്ട്രീയവായനയെ വല്ലാതെ ദുര്‍ബലപ്പെടുത്തിയെന്നതാണ് വ്യക്തിപരമായ അനുഭവം.

സജിയുടെ അച്ഛന്‍ നെപ്പോളിയന്‍, ബോണിയുടെ അമ്മയെ വിവാഹം ചെയ്ത് ബോബി, ഫ്രാങ്കി എന്നീ ആണ്‍കുട്ടികള്‍ കൂടി ഉണ്ടാകുന്നതോടെ, ദൈവവിളി കേട്ട് വീട് വിട്ടു പോകുന്നു. തീര്‍ത്തും അനാഥരായ ഈ നാലുപേര്‍ എങ്ങനെയൊക്കെയോ വളര്‍ന്നു, പുലര്‍ന്നു. ഒരു സ്ത്രീയില്ലാത്ത, പരസ്പരം മര്യാദകള്‍ കാട്ടാത്ത പല പ്രായത്തിലുള്ള ആണുങ്ങള്‍. സജി അനുഭവിക്കുന്ന അപകര്‍ഷത, അമര്‍ത്തി വെച്ച സങ്കടമാണ് യഥാര്‍ത്ഥത്തില്‍ ഈ സിനിമയുടെ അടിസ്ഥാനം. പക്ഷെ ബോബിക്കും ബേബിക്കും ഇടയിലെ പ്രണയം വളരുകയും അതിന് ഷമ്മി എതിര്‍ നില്ക്കുകയും ചെയ്യുന്നതോടെ, വില്ലനെ തോല്പിച്ച് നായികയെ സ്വന്തമാക്കുക എന്ന സ്ഥിരം ഫോര്‍മുലയിലേക്ക് പ്ലോട്ട് മാറുന്നു. കൃത്യമായി ജോലിയൊന്നും ചെയ്യാത്ത സജി, ബോണിയുമായി വഴക്കിട്ട് രാത്രി വീട്ടില്‍ നിന്നിറങ്ങി പോവുകയും പിന്നീട് തേപ്പുകടയിലെ പങ്കാളി വിജയ് എന്ന തമിഴനില്‍ നിന്നും തന്റെ ‘പരാന്നഭോജന’ സ്വഭാവത്തെ കുറിച്ചുള്ള പരാമര്‍ശം കേട്ട അരിശത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതും, അയാളെ രക്ഷിക്കാനുള്ള വിജയിന്റെ പരിശ്രമത്തിനിടയില്‍ അപായപ്പെടുന്നതും കരുതിക്കൂട്ടിയുള്ള സന്ദര്‍ഭങ്ങളായി അനുഭവപ്പെടുന്നുണ്ട്.

അച്ഛനെ കുറിച്ചുള്ള ഏത് പരാമര്‍ശവും സജിയെ വല്ലാതെ പൊള്ളിക്കുന്നുണ്ട്. പല തന്തയ്ക്കു പിറന്നവര്‍ എന്ന പരാമര്‍ശത്തിന്റെ ഭാരത്തില്‍ നിന്ന് അയാള്‍ക്കൊരിക്കലും രക്ഷപ്പെടാനാകുന്നില്ല. തമിഴന്റെ ഭാര്യ സതിയുടേയും കുഞ്ഞിന്റെയും സംരംക്ഷണമേറ്റെടുത്തു കൊണ്ട് സജി പുരുഷനായി പുനരവതരിക്കുന്നു. ബോണി അമേരിക്കന്‍ ടൂറിസ്റ്റുമായി പ്രണയത്തിലാവുന്നു. ബേബിയും ബേബി മോളുമായുള്ള പ്രണയം, ആ പെണ്‍കുട്ടിയുടെ മുന്നൊരുക്കത്തിലും മുന്‍കൈയ്യിലുമാണ് തുടങ്ങുന്നതെങ്കിലും അത് ‘വലയിട്ടു മീന്‍ പിടിക്കുന്ന ‘ബോബിയുടെ കര്‍തൃത്വത്തിലേക്ക് ആരോപിക്കുന്ന ഷോട്ട് കോംപോസിഷന്‍/ചിത്രസംയോജന രീതികളും മുഖ്യധാരാ സിനിമയുടെ പതിവ് ആഖ്യാന രീതിയിലേക്ക് ചുരുങ്ങുന്നുണ്ട്.

ആണുങ്ങളെ നേര്‍വഴിക്കു നയിക്കുക/ഉത്തരവാദിത്വ ബോധമുള്ളവരാക്കുക എന്ന കടമ എല്ലാ സ്ത്രീ കഥാപാത്രങ്ങള്‍ക്കും പല അളവില്‍ ഈ സിനിമയില്‍ നല്‍കിയിട്ടുണ്ട്. ആണുങ്ങളുടെ അന്തര്‍സംഘര്‍ഷങ്ങള്‍ക്ക് നല്കിയിട്ടുള്ള Screen time & Space കഴിഞ്ഞുള്ള കുറച്ചു നേരം ബേബി മോള്‍ക്കും സിമിക്കും കിട്ടിയിട്ടുണ്ട്. തമിഴ് പെണ്ണ് സതിയുടെ ഏറെ സംഘര്‍ഷഭരിതവും സങ്കീര്‍ണ്ണവുമായ മാനസിക തലത്തെ വല്ലാതെ പാര്‍ശ്വവല്ക്കരിക്കപ്പെട്ടതായി തോന്നി. ഭര്‍ത്താവ് മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അതിന് നിമിത്തമായ മനുഷ്യന്റെ വീട്ടിലേക്ക് പെറ്റ കുഞ്ഞിനേയും കൊണ്ടുവന്ന സതിയെ ‘കന്യാമേരി ‘യോട് ഉപമിക്കാവുന്ന രീതിയില്‍ ചിത്രീകരിച്ച് ബിംബവല്ക്കരിക്കുമ്പോള്‍, നഷ്ടപ്പെട്ടു പോയത് ശക്തമായ ഒരു കഥാപാത്രത്തെയാണ്.

പകുതി കഴിയുന്നതോടെ സിനിമയെ ഭരിക്കുന്നത് ഷമ്മിയാണ്. അയാളുടെ ഭൂതകാലമോ കുടുംബ പശ്ചാത്തലമോ ഒന്നും റിവീല്‍ ചെയ്തിട്ടില്ല. ഒരാണിന് ‘complete man’ ആയി ഒറ്റക്ക് അവതരിക്കാനാകുമായിരിക്കും.സിനിമ പുരോഗമിക്കുന്തോറും ‘ഇയാള്‍ക്ക് എന്തോ ഒരു കുഴപ്പമുണ്ടല്ലോ’ എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ഷമ്മിയുടെ കഥാപാത്ര നിര്‍മിതി. ക്ലൈമാക്‌സ് ആവുമ്പോഴേക്കും അത് ആപത്കരമായി വര്‍ധിക്കുന്നു. കുടുംബം-അതിലെ പുരുഷാധികാര കേന്ദ്രീകൃത വ്യവസ്ഥകളുടെ താരതമ്യം/വിമര്‍ശം/ പരിഹാസം എന്ന രാഷ്ട്രീയ വായനയ്ക്ക് നിരവധി ഇടങ്ങള്‍ ഈ സിനിമയിലുണ്ട്. അത് മനസ്സിലാക്കുന്നു. ജനപ്രിയ താരങ്ങളുടെ സാന്നിധ്യവും മേക്കിങ്ങിലെ മിടുക്കും തീയറ്ററിലെ ആസ്വാദനത്തിന് അനുകൂല സാഹചര്യമൊരുക്കുന്നുമുണ്ട്.

ശ്രീനിവാസനും സന്ദേശവുമായിരുന്നല്ലോ ഈ ദിവസത്തെ ചര്‍ച്ചകള്‍. ശ്രീനിവാസന്റെ ‘തളത്തില്‍ ദിനേശന്റെ’ മാരകമായ കുമ്പളങ്ങി വേര്‍ഷനാണ് ഷമ്മി എന്ന് പറയാന്‍ തോന്നുന്നു. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അത് ഷമ്മിയില്‍ മാത്രമൊതുങ്ങുന്നില്ല. ഒരു പാട് കുറവുകളുള്ള/അപകര്‍ഷകതകളുള്ള സജി/ ബോണി/ബോബി എല്ലാവരിലും ദിനേശന്റെ രസക്കൂട്ട് ഉണ്ട്! ബോണി ഒഴിച്ച് സജിയും ബോബിയും ഒരു പെണ്‍കൂട്ട് തേടി വരുമ്പോള്‍ ‘പാവം പാവം രാജകുമാരന്മാരാ’യി സ്വയം മാറുന്നത് കാണാം!

മാത്രമല്ല കുറവുകളും പിഴവുകളും ധാരാളമുള്ള ഈ സിനിമയിലെ ആണുങ്ങളെയെല്ലാം ആരാധിക്കാനും പ്രണയിക്കാനും വിശ്വസിക്കാനും ഇതിലെ സ്ത്രീ കഥാപാത്രങ്ങള്‍ മത്സരിക്കുന്നതില്‍ അസ്വാഭാവികതയുണ്ട്. തന്റെ സവിശേഷമായ ശരീരഭാഷയില്‍, അല്പം കൃത്രിമത്വം കലര്‍ന്ന, ചിരിപ്പിക്കണമെന്ന ഉദ്ദേശ്യം പ്രകടമായി കാണിക്കുന്ന, ‘ശ്രീനി സ്‌റ്റൈല്‍’ വളരെ സ്വാഭാവികമായ, ഗൗരവകരമായ ട്രീറ്റ്‌മെന്റില്‍, സൂക്ഷ്മ രാഷ്ട്രീയ ധ്വനികളോടെ അവതരിക്കുന്നു എന്നു മാത്രം. അതിന് ഷെയ്ന്‍, ഭാസി, സൗബിന്‍, ഫഹദ് എന്നിവരുടെ അഭിനയവും വളരെ സഹായിച്ചിട്ടുണ്ട്. ഷമ്മി ‘തളത്തില്‍ ദിനേശന്റെ ‘കാലാനുസൃതമായ അപര നിര്‍മിതിയാണ്. വളരെ റിയലിസ്റ്റിക് ആയ അഭിനയത്തിന്റെയും ദേശഭാഷാമുദ്രകളുടെ ആധികാരികതകളിലും ഈ അംശങ്ങള്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെടില്ല. പിള്ളേര്‍ ഉണ്ടല്ലോ,…ഫ്രാങ്കി അവനാണ് സത്യത്തില്‍ ‘കുമ്പളങ്ങി’. അവനും അവനു ചുറ്റും കുമ്പളങ്ങി സ്വാഭാവികതയോടെ ചിമ്മുന്നു..

‘സെല്‍ഫ് ട്രോളു’കള്‍ ധാരാളമായി സജിയും ഫ്രാങ്കിയും ബോബിയും ഈ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. അത് ശ്രീനിവാസന്‍ ചിത്രങ്ങളുടെ പ്രത്യേകതയാണ്. സ്വന്തം ശരീരം/നിറം/രാഷ്ട്രീയം തുടങ്ങിയവയെയാണ് അദ്ദേഹമതില്‍ വിഷയമാക്കുക. ഇവിടെ അത് ദുരിതാവസ്ഥ/അരികു വല്ക്കരണം/സ്റ്റാറ്റസ് തുടങ്ങിയവയെ ലക്ഷ്യമാക്കിയാണ്. മറ്റു സിനിമകളിലെ സംഭാഷണങ്ങളും സാന്ദര്‍ഭികമായി പാരഡിയായി കടന്നു വരുന്നുണ്ട്. തങ്ങളുടെ ദുരിതാവസ്ഥയെ തമാശയായി കാണാന്‍ അവര്‍ക്കു കാണുന്നു. മുതിര്‍ന്ന് തണ്ടും തടിയുമായിട്ടും അതിലൊരു നാണക്കേടുമില്ല സജിക്കും ബോബിക്കും. അതേസമയം ഫ്രാങ്കിക്ക് അത് വേണ്ടുവോളമുണ്ട്.

നിര്‍ധനരായ/പാര്‍ശ്വവല്കൃതരായ മനുഷ്യരുടെ ജീവിതം/ഇല്ലായ്മകള്‍ ചിരിക്കുള്ള വാണിജ്യ വിഭവമായി മാറുന്നുണ്ട് ഈ സിനിമയിലും. ബോബിയുടെ സുഹൃത്ത് പ്രശാന്തിന്റെ ഇരുണ്ട നിറവും വ്യക്തിത്വവും ചിരിപ്പിക്കാനായി ഉപയോഗിക്കുന്ന രീതി ശ്രദ്ധിച്ചാല്‍ മാത്രം ഇതു പിടി കിട്ടും. തീട്ടപ്പറമ്പിനടുത്ത്, പട്ടികളേയും പൂച്ചകളെയും ഉപേക്ഷിക്കുന്ന പുറമ്പോക്കിലെ ജീവിത ചിത്രങ്ങളെ, അതിന്റെ സാമൂഹ്യ രാഷട്രീയ കാരണങ്ങളെ ഒരു തരത്തിലും അഭിമുഖീകരിക്കാനോ അടയാളപ്പെടുത്താനോ ഈ സിനിമ ശ്രമിക്കുന്നില്ല.

കുമ്പളങ്ങിയുടെ ദേശ ശരീരത്തിലെങ്ങും രാഷ്ട്രീയമില്ല, രാഷ്ട്രീയക്കാരനോ, രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി/ചിഹ്നങ്ങളോ ഇല്ല എന്നത് അത്ഭുതം നല്കി. അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് കേന്ദ്രീകരിച്ചാണ് ഈ സിനിമയുടെ ഛായാഗ്രഹണ രീതി. കുമ്പളങ്ങിയെ പശ്ചാത്തലത്തില്‍ നിര്‍ത്തി, ഷൈജു ഖാലിദ് മനുഷ്യരെ ഭംഗിയായി അടയാളപ്പെടുത്തിയിരിക്കുന്നു. സജിയുടെ വീടിന്റെ തുറസുകളും ഷമ്മിയുടെ വീടിന്റെ അടവുകളും ദൃശ്യങ്ങളില്‍ വ്യക്തം. വെളിച്ച പ്രസരണത്തില്‍ നിലനിര്‍ത്തിയ സ്വാഭാവികതയും സാന്ദര്‍ഭിക ഉറവിട വിനിയോഗവും പ്രകടനപരത ഒട്ടും പ്രകടിപ്പിക്കാത്ത, മികച്ച ഒരു ഛായാഗ്രാഹകനെ അടയാളപ്പെടുത്തുന്നു. ബേബി – ബോബി പ്രണയം തുറന്നു പറയുന്ന രംഗത്തില്‍ ഉദിച്ച് തിളങ്ങുന്ന വെയില്‍ അത്രമേല്‍ സ്വാഭാവികതയിലും മോന്തായം തകര്‍ന്ന് വീണ സജിക്കും വിജയനും മുകളില്‍ ആടിയിളകുന്ന ബള്‍ബ് ഉണ്ടാക്കുന്ന നാടകീയ വെളിച്ചവും ഉദാഹരണമായി എടുക്കാം. ഈ സിനിമയുടെ കളറിംഗിലും ജൈവികമായ ഒരു സ്വാഭാവികതയുണ്ട്. കളറിസ്റ്റ് രമേഷ് സി.പി സിനിമയുടെ ഭാവത്തെ ഭംഗിയായി നിലനിര്‍ത്തുകയും നിറങ്ങള്‍ അലങ്കാരമാവാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രസംയോജനവും പശ്ചാത്തല സംഗീതവും തമ്മിലുള്ള ലയം എടുത്തു പറയണം.

വളരെ ചെറിയ സമയം കൊണ്ട് സജി, ബോബി, ബോണി എന്നിവരുടെ വ്യക്തിത്വം സൈജു വ്യക്തമാക്കിയിട്ടുണ്ട്. ബാര്‍ബര്‍ ഷോപ്പില്‍ വച്ച് ഷമ്മിയോട് സജി ബോബിയും ബേബിയും തമ്മിലുള്ള കല്യാണക്കാര്യം സംസാരിക്കുന്നതും ഷമ്മിയുടെ ദുരൂഹമായ വ്യക്തിത്വം ഉണ്ടാക്കുന്ന ടെന്‍ഷനും ക്ലോസപ്പുകളുടെ ഉപയോഗത്തിലൂടെ അനുഭവപ്പെടുത്താന്‍ സൈജുവിന് കഴിഞ്ഞിട്ടുണ്ട്. കഴുത്തില്‍ ബ്ലേഡ് ചലിക്കുന്ന Slow motion Shotsഉം അതിനു പിന്‍ബലമാകുന്ന സൗണ്ട് ട്രാക്കും പ്രേക്ഷകന് ഉള്‍ക്കിടിലമുണ്ടാക്കുന്നുണ്ട്.

ഷമ്മിയുടെ കഥാപാത്രത്തിലുള്ള അപകടരമായ നിഗൂഢത/ഹിംസാത്മകത പ്രേക്ഷകന് പിടികിട്ടുന്നതുകൊണ്ട് ക്ലൈമാക്‌സ് എത്തുമ്പോഴേക്ക് ഈ ചിത്രം അതേവരെ തുടര്‍ന്നു പോന്ന റിയലിസ്റ്റിക് സ്വഭാവത്തില്‍ നിന്ന് മാറി ത്രില്ലര്‍/ആക്ഷന്‍ മൂഡിലേക്ക് ‘സിനിമാറ്റിക് ‘ ആയി മാറുന്നുണ്ട്. തട്ടുപൊളിപ്പന്‍ സിനിമകളില്‍ ആകാംക്ഷയേറ്റാന്‍ ഉപയോഗിക്കുന്ന അതേ തന്ത്രമാണ് ഷമ്മിയുടെ ഭാവമാറ്റത്തില്‍ നിഴലിക്കുന്നത്. കുമ്പളങ്ങിയിലെ ‘യഥാര്‍ത്ഥ മനോരോഗി’ ഷമ്മിയാണ് എന്നതും ഫഹദിന്റെ ശ്രദ്ധേയമായ അഭിനയവും മറ്റു കഥാപാത്രങ്ങളെ നിഷ്പ്രഭമാക്കുന്നു.

ഇത് ക്ലൈമാക്‌സില്‍ മാത്രമല്ല. അടുക്കളയില്‍ ബേബിയും സിമിയും തമ്മിലുള്ള സ്വകാര്യ സംഭാഷണത്തില്‍ ഷമ്മി നയത്തില്‍ ഇടപെടുമ്പോഴും, വീടിന്റെ ഗൃഹനാഥനായി ഊണ്‍മേശയിലെ നിര്‍ണായകമായ പൊസിഷനിലേക്ക് മാറുമ്പോഴും, പിന്നീടൊരിക്കല്‍ ബേബിയും സിമിയും അയാളിലെ ‘ആണ്‍’ ഊറ്റത്തിന് മുറിവേല്പിക്കുമ്പോഴും ഫഹദ് കൂടെയുള്ള അഭിനേതാക്കളുടെ മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കുന്നത് കാണാം. ഷമ്മിയുടേത് ഒരു Peculiar character ആയതു കൊണ്ട് ഈ ശ്രദ്ധ നേടലിനെ ന്യായീകരിക്കാം എന്നേയുള്ളൂ. ജീവിതത്തിന്റെ നേര്‍ക്കാഴ്ച എന്ന നിലയില്‍ നിന്ന് നാടകീയമായ അവതരണത്തിലേക്ക് സിനിമയുടെ ഫോമിനെ മാറ്റുന്നുണ്ട് ഈ അഭിനയപ്രകടനം.

ബേബിയായ അന്ന ബെന്‍ സ്വാഭാവികത കൊണ്ടും നിഷ്‌കളങ്കത കൊണ്ടും മനസ്സിലിടം നേടുന്നു. സിമി ഗ്രാമീണയായ നവവധുവിന്റെ പതിയോടുള്ള ഭയഭക്തി ബഹുമാനം, നാട്ടുഭാഷയിലും, സംഭാഷണ ശൈലിയിലും മികച്ച അഭിനയത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. തമിഴത്തി സതിയുടെ കാസ്റ്റിംഗ് വിശ്വസനീയമായില്ല. സജിയായി സൗബിന്‍, ബോബിയായി ഷെയ്ന്‍ നിഗം; രണ്ടു പേരും കഥാപാത്രങ്ങളുടെ ആന്തരികലോകം/വ്യഥ നിയന്ത്രണത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.
ഇവരെക്കാരെല്ലാം കുമ്പളങ്ങിക്കാരനായി തോന്നിയത് ഫ്രാങ്കിയെ ആണ്.

മാത്യു എന്ന കൗമാരക്കാരന്‍ നല്ല അഭിനേതാവായി ഉയരാനുള്ള എല്ലാ സാധ്യതയുമുണ്ട്. പരിമിതമായ കഥാപാത്രങ്ങളിലൂടെ കഥ പറയുകയാണ് ശ്യാം പുഷ്‌കരന്‍. നിത്യജീവിതത്തിന്റെ തുടിപ്പും തനിമയും പ്രതിപാത്രഭാഷണഭേദത്തോടെ ശ്യാം എഴുതുന്നുണ്ടെങ്കിലും സംഭാഷണങ്ങള്‍ ചിലപ്പോള്‍ അതിസാധാരണമാകുന്നുണ്ട്. കുമ്പളങ്ങി ദേശത്തിന്റെ ചുറ്റും പരന്നു കിടക്കുന്ന കായല്‍ നല്‍കുന്ന ജീവിതോപാധിലേക്ക് ബോബിയും സജിയും മടങ്ങേണ്ടി വരുന്നുണ്ട്. കായലിന്റെ മിടിപ്പറിയുന്ന മീന്‍കാരനാണ് ബോബി. ഓളങ്ങളുടെ ഇളക്കം കണ്ട് മീന്‍ ഗതി അറിയുന്ന സാമര്‍ത്ഥ്യമുള്ളവന്‍. അങ്ങനൊരാള്‍ കോള്‍ഡ്‌സ്റ്റോറേജിലെ മരവിച്ച മീനുകളുടെ ലോകത്ത് ശ്വാസം മുട്ടുന്നത് സ്വീക്വന്‍സ് ശ്യാം നന്നായി എഴുതിയിരിക്കുന്നു.

അതേപോലെ മനസ്സ് മരവിച്ച് പോയ സജി മനോരോഗ വിദഗ്ദ്ധനെ കണ്ടു സംസാരിക്കുന്നതും പാരലല്‍ ആയി ബോബി ബേബിയോട് മനസ്സു തുറക്കുന്നതും ശ്യാമിലെ എഴുത്തുകാരന്റെ മികവിന് ഉദാഹരണമാണ്. Omnipresent narration ആണ് ശ്യാം ഈ സിനിമയില്‍ സ്വീകരിച്ചിരിക്കുന്നത്. ഒരേ സമയം പല കഥാപാത്രങ്ങളുടെ വീക്ഷണ കോണിലൂടെ സംഭവങ്ങള്‍ നോക്കി കാണുന്നുണ്ട്. അതു കൊണ്ട് തന്നെ ‘മഹേഷിന്റെ പ്രതികാരത്തില്‍ ‘ നിന്ന് കുറേക്കൂടി മൂന്നേറിയ തിരക്കഥാകൃത്തിനെ ഇതില്‍ കാണാം.

കാര്യകാരണ ബന്ധങ്ങളില്‍ ഊന്നി, സംഭവങ്ങളെ കോര്‍ത്തിണക്കി engaging ആയി കഥ പറയുമ്പോഴും തന്റെതായ ഒരു ദര്‍ശനം/കാഴ്ചപ്പാട് സിനിമയില്‍ ഉയര്‍ത്തി കാട്ടാന്‍ ശ്യാം പുഷ്‌കരന്‍ എന്ന രചയിതാവ് ശ്രമിക്കുന്നില്ല. തുടക്കകാരനാണെങ്കിലും അതിന്റെ പിഴവുകളധികമില്ലാതെ തന്നെയാണ് സംവിധായകന്‍ മധു സി. നാരായണന്‍ ആദ്യ സിനിമ ചെയ്തിരിക്കുന്നത്. ‘തന്തയില്ലായ്മ’ എന്ന പരിഹാസം ഏല്‍പിക്കുന്ന ആഘാതം രണ്ടു മനുഷ്യര്‍ അനുഭവിക്കുന്നത് മിഴിവോടെ സംവിധായകന്‍ മധു കാണിച്ചു തരുന്നുണ്ട്. ഒരൊറ്റ കണ്ണീര്‍ തുളളി ബോബിയില്‍ നിന്നുതിരുമ്പോള്‍, സജി ഉള്ളു പൊള്ളി കരയുകയാണ്. ഫ്രാങ്കി തന്റെ സ്‌കോളര്‍ഷിപ്പ് കൊണ്ട്-ആ വീട്ടിലെ വളരെ പ്രധാനപ്പെട്ട ഉദ്യമം
വീട്ടിലെ യൂറോപ്യന്‍ കക്കൂസിന്റെ പണി പൂര്‍ത്തിയാക്കുന്നത്, സജിയുടെ പോയിന്റ് ഓഫ് വ്യൂവില്‍ ജനലഴികള്‍ക്കിടയിലൂടെ കാണിച്ചതിന്റെ ന്യൂനോക്തി എന്തായിരിക്കാം?

ഷമ്മി ബേബിയോട് തട്ടിക്കയറി ‘എടീ പോടി ‘ എന്നു വിളിക്കുമ്പോള്‍ സിമി വിലക്കുന്നു. ‘ഏതു ടൈപ്പ് ചേട്ടനായാലും’ എന്ന് പറയുന്ന വാചകങ്ങള്‍ക്ക് കയ്യടി തന്നെ കൊടുക്കും, പെണ്ണു പറയേണ്ട വാചകങ്ങള്‍ തന്നെ. പക്ഷേ അത്തരമൊരു വൈകാരിക മൂര്‍ധന്യത്തിലെത്തും മുമ്പേ ആയി ആ പറച്ചില്‍ എന്ന തോന്നലുണ്ട്.!

സിനിമയ്ക്ക് പറ്റിയ അന്തരീക്ഷമൊരുക്കുന്നതില്‍ കലാസംവിധായകന്‍ ജ്യോതിഷ് ശങ്കറിന്റെയും സംഘത്തിന്റെയും കരവിരുതു കൂടി എടുത്തു പറയണം. സജിയുടെ വീട് സെറ്റിട്ടതാണെന്ന് വായിച്ചറിവാണ്. പക്ഷേ സ്‌ക്രീനില്‍ അതു തോന്നുന്നില്ല! അതേ സമയം തമിഴന്റെ മരണാനന്തരം ആ വീട്ടിലേക്ക് വരുന്ന സജി കാണുന്നത് പൂത്തു നില്ക്കുന്ന ചെടികള്‍ പൊതിഞ്ഞ ഒരു കൂരയാണ്. ചിത്രശലഭ സാന്നിധ്യമുള്ള ഈ സിനിമയിലെ ഏറ്റവും നിറ ഭംഗിയുള്ള ഫ്രെയിമുമിതാണ്. അതിജീവനമാണ്, ഈ ക്ഷണിക ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകുന്നത് എന്ന് ചിന്തിപ്പിക്കാന്‍ ഈ പ്രകൃതിയുടെ നിറപ്പകര്‍ച്ചയ്ക്കു പറ്റുന്നു. മഹത്വവല്കരണങ്ങളെ മാറ്റി സിനിമ കാണാം കുമ്പളങ്ങി നൈറ്റ്‌സ് മനുഷ്യരുടെ കഥയാണ്, ദേശത്തിന്റേതല്ല

ശ്രീനിവാസന്റെ ‘തളത്തില്‍ ദിനേശന്റെ’ മാരകമായ കുമ്പളങ്ങി വേര്‍ഷനാണ് ഷമ്മി; വ്യത്യസ്തമായ റിവ്യൂ വായിക്കാം

തൃശൂര്‍ വിമല കോളേജില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറും എഴുത്തുകാരിയുമാണ് അനു പാപ്പച്ചന്‍