2014 ലെ മലയാള സിനിമ: 150ൽ കൊള്ളാവുന്നതെത്ര, ജനത്തെ കൊന്നതെത്ര?

മലയാളസിനിമയുടെ പുതുവർഷമാണിത്. അതുകൊണ്ടുതന്നെ, പോയവർഷത്തെ മലയാളസിനിമയുടെ കലൻഡർ പരിശോധനയാണ്. മലയാള സിനിമയിൽ എന്തോ അദ്ഭുതം സംഭവിച്ചെന്നു പറഞ്ഞ ജനം പരക്കം പാഞ്ഞ വർഷങ്ങളായിരുന്നു കഴിഞ്ഞ രണ്ടോ മൂന്നോ എണ്ണം. പക്ഷേ, നമ്മുടെ കച്ചവടസിനിമയിൽ സംഗതികൾ 'പോനമച്ചാൻ തിരുമ്പിവന്താൻ' എന്ന പറഞ്ഞ ചേലിക്കാണ്. ഏതായാലും നോക്കാം, ജനുവരി മുതൽ ഡിസംബർ വരെ റിലീസ് ചെയ്ത ചിത്രങ്ങളിലൂടെ ഒരോട്ട പ്രദക്ഷിണം.
 | 

അൻവർ അബ്ദുള്ള
2014 ലെ മലയാള സിനിമ: 150ൽ കൊള്ളാവുന്നതെത്ര, ജനത്തെ കൊന്നതെത്ര?
മലയാളസിനിമയുടെ പുതുവർഷമാണിത്. അതുകൊണ്ടുതന്നെ, പോയവർഷത്തെ മലയാളസിനിമയുടെ കലൻഡർ പരിശോധനയാണ്. മലയാള സിനിമയിൽ എന്തോ അദ്ഭുതം സംഭവിച്ചെന്നു പറഞ്ഞ ജനം പരക്കം പാഞ്ഞ വർഷങ്ങളായിരുന്നു കഴിഞ്ഞ രണ്ടോ മൂന്നോ എണ്ണം. പക്ഷേ, നമ്മുടെ കച്ചവടസിനിമയിൽ സംഗതികൾ ‘പോനമച്ചാൻ തിരുമ്പിവന്താൻ’ എന്ന പറഞ്ഞ ചേലിക്കാണ്. ഏതായാലും നോക്കാം, ജനുവരി മുതൽ ഡിസംബർ വരെ റിലീസ് ചെയ്ത ചിത്രങ്ങളിലൂടെ ഒരോട്ട പ്രദക്ഷിണം.

2014 ലെ മലയാള സിനിമ: 150ൽ കൊള്ളാവുന്നതെത്ര, ജനത്തെ കൊന്നതെത്ര?150ൽപ്പരം മലയാള സിനിമകളാണ് കഴിഞ്ഞ വർഷം റിലീസ് ചെയ്തത്. ജനുവരിയിൽ 10, ഫെബ്രുവരിയിൽ 17, മാർച്ചിൽ 13, ഏപ്രിലിൽ 10, മേയിൽ 16, ജൂണിൽ 16, ജൂലൈയിൽ 9, ഓഗസ്തിൽ 9, സെപ്തംബറിൽ 11, ഒക്ടോബറിൽ 17, നവംബറിൽ 15, ഡിസംബറിൽ 10 എന്നിങ്ങനെയാണ് കണക്ക്. ഷിബു ചെല്ലമംഗലം സംവിധാനം ചെയ്ത, അദ്ദേഹം പോലും ഒരുപക്ഷേ, മറന്നിരിക്കാനിടയുള്ള കുലംകുത്തികൾ മുതൽ പ്രിയദർശന്റെ ആമയും മുയലും, വൈശാഖിന്റെ കസിൻസ് എന്നിവ വരെയാണ് ഈ പട്ടിക.

ജനുവരിയിൽ കപ്പുയർത്തിയത് എബ്രിഡ് ഷൈന്റെ 1983 ആണ്. ക്രിക്കറ്റ് കഥ പറഞ്ഞ പടം ജനപ്രിയമായെന്നുതന്നെയല്ല, ഇന്ത്യൻ പനോരമ, ഐഎഫ്എഫ്‌കെ മനോരമ തുടങ്ങിയവയിലും ഇടംപിടിച്ചു. അതേസമയം, മാന്നാർ മന്നായി ഒന്നുകൂടി സ്പീക്കിപ്പിച്ചത് ജനുവരിയുടെ കുണ്ഠിതമായി.

ഫെബ്രുവരിയിൽ ദുരന്തങ്ങളായിരുന്നു കൂടുതലും. ലണ്ടൻ ബ്രിജ്ജും സലാം കശ്മീരും ബാല്യകാലസഖിയും ഹാപ്പി ജേണിയും മറ്റും സ്റ്റാർ ഡിസാസ്റ്ററുകളായി. ഓം ശാന്തി ഓശാനയാണ് അപ്രതീക്ഷിത ഹിറ്റ്, അഥവാ, കറുത്ത കുതിര. ഷാജി എൻ കരുണിന്റെ സ്വപാനം വേറിട്ട അനുഭവമായി. ച്ചാൽ, വേറിട്ട രീതിയിൽ ബോറടിപ്പിച്ചു എന്നു സാരം.

2014 ലെ മലയാള സിനിമ: 150ൽ കൊള്ളാവുന്നതെത്ര, ജനത്തെ കൊന്നതെത്ര?മാർച്ചിൽ ചെറുസിനിമകളുടെ അയ്യരുകളിയായിരുന്നു. അതിനിടയിൽ വന്ന വമ്പനായ പ്രെയിസ് ദ ലോഡ് കഥയെയും അതെഴുതിയ സക്കറിയയെയും കൂക്കിവിളിച്ചു. കാണികളെ വിശിഷ്യ. അവർ തിരിച്ചും.

ഏപ്രിൽ ഫൂളായിപ്പോയ ഗ്യാംഗ്സ്റ്ററാണ് ഏപ്രിലിന്റെ കഷ്ടവും നഷ്ടവും. ഗോഡ്ഫാദറാകാൻ വന്ന് ഡോഗ് മദറായിപ്പോയി ആഷിക് അബുവിന്റെ പടം. സെവന്ത് ഡേ പൃഥ്വിരാജിന് നല്ല ജീവൻ പകർന്നു.

ദിലീപിന്റെ റിംഗ് മാസ്റ്റർ വിജയിച്ചെങ്കിലും സാംസ്‌കാരിക കേരളം തോറ്റു തൊപ്പിയിട്ടു. മലയാളസിനിമ മക്കത്തുപോകാൻ പരിപാടിയുമിട്ടു. മെയ്മാസം റിംഗ് മാസ്റ്ററിനുള്ള മറുപടിയുമായാണെത്തിയത്. ഹൗ ഓൾഡ് ആർ യൂ ഒരു ബാലരമക്കഥയായിരുന്നെങ്കിലും മഞ്ജു വാരിയരുടെ തിരിച്ചുവരവിന്റെ ബലത്തിൽ താരപ്പൊലിമ എന്ന എൻഡോസൾഫാനില്ലാതെതന്നെ പിടിച്ചുകയറി.

എന്നാലും കൈമെയ് മറന്നുള്ള മെയ് മാസവിജയം ബാംഗ്ലൂർ ഡേയ്‌സിനായിരുന്നു. പഴയ വീഞ്ഞ്, പഴയ കുപ്പി, പഴയ ലേബൽ. പക്ഷേ പടം വിജയിച്ചത് സംഭവം കുടിച്ചു മത്തടിച്ചത് പുതിയ പ്രേക്ഷകരായിരുന്നു എന്നതിനാലാണ്. അഞ്ജലി മേനോൻ നമ്മെ നയിക്കും. ആമേൻ.
മേയിൽ മോഹൻലാൽ ഫ്രോഡായി. ജൂണിൽ അദ്ദേഹം കൂതറയുമായി.

ജൂലൈയിൽ നേരത്തിന്റെ നല്ലനേരം അനുകരിച്ചുവന്ന വേഗമടക്കം ചെറുപടങ്ങൾ കൂട്ടത്തോടെ നിലംപൊത്തി. വിക്രമാദിത്യൻ എന്ന അക്രമാദിത്യൻ ജനത്തെ ചെണ്ടകൊട്ടിച്ചു. മംഗ്ലീഷ് അകാല യൗവ്വനം കൊണ്ടു പൊറുതിമുട്ടുന്ന മമ്മൂട്ടിയെക്കാട്ടി ജനത്തെ ഇളിഭ്യരാക്കി.

2014 ലെ മലയാള സിനിമ: 150ൽ കൊള്ളാവുന്നതെത്ര, ജനത്തെ കൊന്നതെത്ര?ആഗസ്റ്റിൽ വ്യത്യസ്തമായി രണ്ടു സിനിമകൾ വന്നു. മുന്നറിയിപ്പും ഞാൻ സ്റ്റീവ് ലോപ്പസും. രണ്ടും കാണികളെ കാര്യമായി ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. ഈയുള്ളവൻ അനുകൂലിക്കുന്നില്ലെങ്കിലും സ്റ്റീവ് ലോപ്പസ് ഒരു ശ്രമം തന്നെയായിരുന്നു.  മുന്നറിയിപ്പ് പല വായനകൾക്കുള്ള വാതിൽ തുറന്നിടുന്ന സിനിമയായി. ജൂലൈയെ വെറുതെവിട്ട മോഹൻലാൽ ഓഗസ്റ്റിൽ പെരുച്ചാഴിയായി പുറത്തിറങ്ങി. ഈ പടത്തിനു ശേഷവും അമേരിക്കയിൽ നിന്നു മലയാളികളെ കൂട്ടത്തോടെ പുറത്താക്കുകയോ അകത്താക്കുകയോ ചെയ്യാതിരുന്നത് ഒബാമയുടെ നല്ല മനസ്സ്.
ഓണം സീസണിലെ കാശുമുഴുവൻ കൈയിട്ടുവാരിയത് സപ്തമശ്രീ തസ്‌കര എന്ന പടമാണ്. ഈ ചിത്രത്തെ സുരേഷ് ഗോപി ശൈലിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം. … ഷിറ്റ്..!

രാജാധിരാജനിൽ മമ്മൂട്ടി രജനീകാന്തായി വിലസി. രജനീകാന്ത് ഒരു തടവു തടവിയാൽ മമ്മൂട്ടി നൂറുതടവു തടവും എന്നായി ശൈലി. ഞാൻ രഞ്ജിത്തിന്റെ തൊപ്പിയിൽ ഒരു കാക്കത്തൂവൽ കൂടി ചാർത്തി.

സെപ്തംബറിൽ വന്ന വെള്ളിമൂങ്ങ ആ പേരുള്ള പക്ഷി ഐശ്വര്യം കൊണ്ടുവരുമെന്ന അന്ധവിശ്വാസം അന്വർത്ഥമാക്കി. വലിയ കഴമ്പൊന്നുമില്ലായിരുന്നെങ്കിലും കണ്ടിരിക്കാവുന്ന പടമായി വെള്ളിമൂങ്ങ. കള്ളനാണയങ്ങളും കമ്പക്കെട്ടുകളും കണ്ടുമടുത്തവർക്ക് ഒരു ഇടക്കാലാശ്വാസം. മണിരത്‌നം ഫഹദ് ഫാസിലിന്റെ പ്രകടനത്താൽ അവിസ്മരണീയമായി.

ഒക്ടോബറിലെത്തിയ ടമാർ പടാർ വീണുപോയെങ്കിലും പടം രസകരമായിരുന്നു. ഇതിഹാസയും ഹോംലി മീൽസും വിചാരിക്കാത്ത വിധത്തിൽ വിജയിച്ചു.

2014 ലെ മലയാള സിനിമ: 150ൽ കൊള്ളാവുന്നതെത്ര, ജനത്തെ കൊന്നതെത്ര?നവംബറിന്റെ നേട്ടം ഇയ്യോബിന്റെ പുസ്തകമാണ്. നടീനടന്മാരുടെ പ്രകടനവും ഭാരിച്ച വിഷയം കൈകാര്യം ചെയ്ത രീതിയുമാണ് അങ്ങനെ പറയിക്കുന്നത്. പക്ഷേ, പടത്തിൽ പശുവിനെ കറക്കാൻ പോലും ക്യാമറ ഉപയോഗിക്കണം എന്ന രീതി പലർക്കും സുഖിച്ചു, ചിലർക്കു മാത്രം പുളിച്ചു. ബൈക്കിൽനിന്നു വീഴുന്ന ക്യാമറ തൊട്ടടുത്ത നിമിഷം കൊക്കയിൽ വീഴുന്ന നായകന്റെ കൂടെച്ചാടേണ്ട എന്നു തീരുമാനിക്കുന്നത് തലയിൽ ആൾത്താമസമുള്ള ആളുകളിൽ ചിരി പടർത്തി.

വർഷം മമ്മൂട്ടിയുടെ സൂക്ഷ്മാഭിനയ സൗകുമാര്യത്താൽ സുന്ദരമായി. മികച്ച പ്രഫഷനൽ നാടക നടനുള്ള സംസ്ഥാന പുരസ്‌കാരമെങ്കിലും ഈ വേഷത്തിനു കൊടുക്കേണ്ടതാണ്. പ്രൊ. നാടകത്തിനുള്ള അവാർഡ് പടത്തിനു മൊത്തത്തിലും കൊടുക്കാവുന്നതേയുള്ളൂ. പടം ബോക്‌സോഫീസിൽ പൊത്തിപ്പിടിച്ചാണു കയറിയതെങ്കിലും സീരിയലായി ടെലിവിഷൻ സെറ്റിലിട്ടാൽ അഞ്ചു കളിക്കും ആളുണ്ടാകും, മഹത്തായ രണ്ടാം വർഷത്തിലും, അതു മൂന്നരത്തരം.

ഓർമയുണ്ടോ ഈ മുഖം കഷ്ടിച്ചു കരകയറി. കാണികൾ അധികനാൾ ഇത് ഓർക്കില്ലെങ്കിലും. ഡോൾഫിൻസ് സുരേഷ് ഗോപിയെ ഗോപി മഞ്ചൂരിയനാക്കി. നിങ്ങൾക്കുമാകാം സുരേഷ് ഗോപി എന്ന് അതു സുരേഷ് ഗോപിയെത്തന്നെ ബോദ്ധ്യപ്പെടുത്തി. മൈലാഞ്ചിമൊഞ്ചുള്ള വീട് സിബി ഉദയൻ ടീമിനെ നിരോധിക്കണമെന്ന ചിലരുടെ ആവശ്യത്തിന് ആക്കംകൂട്ടി. മലപ്പുറത്തുകാരെ പറ്റിക്കാനുള്ള ചില മനപ്പുറംകാണലുകൾ.

ഡിസംബറിൽ പ്രിയദർശനും വൈശാഖും കൂടി ജനത്തെ കൊന്ന് അവരുടെ തന്നെ കൈയിൽ കൊടുത്തുവിട്ടു എന്നു പറഞ്ഞാൽ മതിയല്ലോ. നഗരവാരിധി നടുവിൽ ഞാൻ കഷ്ടിച്ചു കണ്ടിരിക്കാവുന്ന സിനിമയാണ്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു വേണുവിന്റെ കഥ പറഞ്ഞ ഈ സിനിമ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന ഒരു തിരക്കഥാകൃത്തിനെയും കാട്ടിത്തരുന്നുണ്ട്. പാവം, പണ്ടത്തെ പുലിയാണ്; എന്നുവച്ചാൽ നല്ലൊന്നാന്തരം സിംഹം! (ഇതു ശ്രീനിവാസന്റെ ഡയലോഗ് തന്നെയാണ്. നന്ദി വീണ്ടും വരികയിൽ).

2014 ലെ മലയാള സിനിമ: 150ൽ കൊള്ളാവുന്നതെത്ര, ജനത്തെ കൊന്നതെത്ര?ഈ വർഷത്തെ മെച്ചപ്പെട്ട സിനിമ മുന്നറിയിപ്പാണ്. നല്ല സംവിധാനം, നല്ല തിരക്കഥ, ക്യാമറ, എഡിറ്റിംഗ്. പടത്തിൽ വിവരക്കേടുകൾ ഉണ്ടെന്നുവരികിലും ഉദ്ദേശ്യശുദ്ധിയോർത്തു മാപ്പുനല്കാം. കേട്ടെഴുതി ആംഗലേയത്തിൽ അടിച്ചുമിന്നിക്കുകയല്ലാതെ, ഓനെക്കൊണ്ടുതന്നെ ആത്മകഥ എഴുതിക്കാൻ പേപ്പറും പേനയും പാക്കറ്റ് ഫുഡുമായി നടക്കുന്ന ആ ജേർണലിസ്റ്റ് വനിത പിന്നെയോർക്കുമ്പോൾ നമ്മെ ഇളിഭ്യച്ചിരി ചിരിപ്പിക്കും. ന്നാലും പോട്ട്. നന്നായിവരട്ട്…

നല്ല നടന്മാർ മുന്നറിയിപ്പ്, വർഷം എന്നിവകളിലെ മമ്മൂട്ടി, മണിരത്‌നം, ഇയ്യോബ് എന്നിവയിലെ ഫഹദ് ഫാസിൽ, ടമാർ പടാറിലെ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, അപ്പോത്തിക്കിരിയിലെ ഇന്ദ്രൻസ് എന്നിവരാണ്. നല്ല നടിമാർ മുന്നറിയിപ്പിലെ അപർണാ ഗോപിനാഥും ഡോൾഫിൻസിലെ കല്പനയും ഞാനിലെ മുത്തുമണിയും സജിതാ മഠത്തിലുമാണ്.

മലയാളസിനിമയുടെ മറ്റൊരു മുഖം കാണാനാകുന്നത്, ഐഎഫ്എഫ്‌കെയിലാണ്. സഹീർ, ഒരാൾപ്പൊക്കം, അലിഫ്, അസ്തമയംവരെ, കാൾട്ടൺ ടവേഴ്‌സ്, ജലാംശം എന്നീ ചിത്രങ്ങൾ മലയാളത്തിലെ സമാന്തര സിനിമയുടെ പ്രകാശനമായി.