നിത്യഹരിത നായകന്റെ ഓർമ്മകൾക്ക് ഇന്ന് 26 വയസ്

മലയാളത്തിന്റെ നിത്യഹരിത നായകന്റെ ഓർമ്മകൾക്ക് ഇന്ന് 26 വയസ്. 1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര വേദിയിലേയ്ക്ക് കടന്നുവന്ന അബ്ദുൾ ഖാദർ എന്ന പ്രേം നസീർ അന്നും ഇന്നും എന്നും മലയാളിയുടെ പ്രിയ നായകനാണ്. 1926 ഏപ്രിൽ 7ന് ചിറയിൻകീഴിലാണ് പ്രേം നസീർ എന്ന അബ്ദുൽ ഖാദർ ജനിച്ചത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം നാടക രംഗത്തെ അനുഭവ സമ്പത്തുമായിട്ടാണ് അബ്ദുൽ ഖാദർ സിനിമയിൽ പ്രവേശിക്കുന്നത്. 1952ൽ പുറത്തിറങ്ങിയ മരുമകൾ ആയിരുന്നു ആദ്യ ചിത്രം. രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയിൽ അഭിനയിക്കുന്ന സമയത്താണ് അബ്ദുൽ ഖാദറിന്റെ പേര് നസീർ എന്നാക്കി തിക്കുറിശ്ശി മാറ്റുന്നത്. ആ പേരിടീൽ അബ്ദുൽ ഖാദറിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു.
 | 

നിത്യഹരിത നായകന്റെ ഓർമ്മകൾക്ക് ഇന്ന് 26 വയസ്
മലയാളത്തിന്റെ നിത്യഹരിത നായകന്റെ ഓർമ്മകൾക്ക് ഇന്ന് 26 വയസ്. 1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര വേദിയിലേയ്ക്ക് കടന്നുവന്ന അബ്ദുൾ ഖാദർ എന്ന പ്രേം നസീർ അന്നും ഇന്നും എന്നും മലയാളിയുടെ പ്രിയ നായകനാണ്. 1926 ഏപ്രിൽ 7ന് ചിറയിൻകീഴിലാണ് പ്രേം നസീർ എന്ന അബ്ദുൽ ഖാദർ ജനിച്ചത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം നാടക രംഗത്തെ അനുഭവ സമ്പത്തുമായിട്ടാണ് അബ്ദുൽ ഖാദർ സിനിമയിൽ പ്രവേശിക്കുന്നത്. 1952ൽ പുറത്തിറങ്ങിയ മരുമകൾ ആയിരുന്നു ആദ്യ ചിത്രം. രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയിൽ അഭിനയിക്കുന്ന സമയത്താണ് അബ്ദുൽ ഖാദറിന്റെ പേര് നസീർ എന്നാക്കി തിക്കുറിശ്ശി മാറ്റുന്നത്. ആ പേരിടീൽ അബ്ദുൽ ഖാദറിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. തുടർന്നങ്ങോട്ട് നസീർ തിളങ്ങിയ കാലഘട്ടമായിരുന്നു. ഇരുട്ടിന്റെ ആത്മാവ്,കള്ളിച്ചെല്ലമ്മ,മുറപ്പെണ്ണ്,അനുഭവങ്ങൾ പാളിച്ചകൾ, പടയോട്ടം, വിട പറയും മുൻപേ,അഴകുള്ള സെലീന തുടങ്ങിയ അനവധി ചിത്രങ്ങൾ. മരുമകൾ മുതൽ 1989 ൽ പുറത്തിറങ്ങിയ അവസാന ചിത്രമായ ധ്വനി വരെ അറുന്നുറോളം ചിത്രങ്ങളിൽ നസീർ അഭിനയിച്ചു.

ഏറ്റവും അധികം ചലച്ചിത്രങ്ങളിൽ നായകനായഭിനയിച്ച വ്യക്തി, ഒരു നായികയോടൊപ്പം ഏറ്റവുമധികം ചലച്ചിത്രങ്ങളിൽ നായകനായ വ്യക്തി എന്നീ ഗിന്നസ് വേൾഡ് റിക്കോഡും അദ്ദേഹത്തിനാണ്. ഷീലയോടോപ്പം 117 ചിത്രങ്ങളിലാണ്  അഭിനയിച്ചത്. 72 നായികമാരോടോപ്പം അഭിനയിച്ചു എന്നതും റെക്കോർഡ് ആണ്. മലയാളത്തിലെ ആദ്യ സിനിമാസ്‌കോപ്പ് ചിത്രത്തിലും(തച്ചോളി അമ്പു) ആദ്യ 70 എം എം ചിത്രത്തിലും(പടയോട്ടം) നസീർ ആയിരുന്നു നായകൻ. ഒരു വർഷം ഏറ്റവുമധികം ചിത്രങ്ങളിൽ നായകനായി അഭിനയിച്ചതിന്റേയും (1979ൽ 39 സിനിമകൾ) സർവ്വകാല റെക്കോഡ് അദ്ദേഹത്തിന്റെ പേരിലാണ്. 38ഓളം തമിഴ് ചിത്രങ്ങളിലും മൂന്നു കന്നഡ ചിത്രത്തിലും ഏഴ് തെലുങ്ക് പടത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1983ൽ രാജ്യം പദ്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.

നസീറിന്റെ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു യേശുദാസിന്റെ പാട്ടുകൾ. നസീർ പാടിയഭിനയിക്കുമ്പോൾ പാട്ടിലേക്ക് അദ്ദേഹം ഇഴുകിയിറങ്ങിച്ചെന്നിരുന്നു. യേശുദാസ് ഏറ്റവും കൂടുതൽ പാടിയത് പ്രേംനസീറിനുവേണ്ടിയായിരുന്നു. യേശുദാസിന്റെ ശബ്ദവും നസീറിന്റെ ചുണ്ടും വേറിട്ടു നിൽക്കുന്നതായിരുന്നില്ല. പ്രശസ്തമായ പലപാട്ടുകളും ഗന്ധർവ്വന്റെ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുന്ന രൂപം പ്രേംനസീറിന്റെതാണ്. 1989 ജനുവരി 16ന് മലയാള സിനിമയെ അനാഥനാക്കി പ്രേം നസീർ കടന്ന് പോകുമ്പോൾ മലയാള ചലചിത്ര വേദിക്ക് നഷ്ടപ്പെട്ടത് ഒരു മഹാരഥനെയാണ്.