Saturday , 4 July 2020
News Updates

പ്രേമം എങ്ങനെ വൻ വിജയമായി? 10 കാരണങ്ങൾ

മുകേഷ് കുമാര്‍

premam
സിനിമയുടെ കഥയെക്കുറിച്ചും, അഭിനേതാക്കളെക്കുറിച്ചും, കളക്ഷനെക്കുറിച്ചും പലരും പറഞ്ഞു കഴിഞ്ഞു. എന്താണ് ഈ സിനിമയുടെ വിജയത്തിനു പിന്നിൽ? പ്രധാനമായും 10 ഘടകങ്ങളാണ് പ്രേമത്തെ ബോക്‌സ് ഓഫീസിൽ ഇത്ര വലിയ വിജയമാക്കിയത്.

1) ടാർജറ്റ് ഓഡിയൻസ്:
തങ്ങളുടെ സിനിമയുടെ ടാർജറ്റ് ഓഡിയൻസ് ആരാണെന്ന് വ്യക്തമായ ബോധമുള്ള ഒരു നിർമ്മാതാവും സംവിധായകനും ആണ് ‘പ്രേമ’ത്തിനു പിന്നിൽ (അൻവർ റഷീദും അൽഫോൺസ് പുത്രനും). കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടിയാണ്. ഇതിൽ 45 ശതമാനത്തോളം ആളുകൾ 15 മുതൽ 40 വയസ്സ് വരെയുള്ള വിഭാഗത്തിൽപ്പെടുന്നവരാണ്. ഏതാണ്ട് ഒരു കോടി 57 ലക്ഷത്തോളം വരും ഈ വിഭാഗം. ഇതിന്റെ മൂന്നിലൊന്ന് വിഭാഗം (ഏതാണ്ട് 52 ലക്ഷത്തോളം) ശരാശരി ടിക്കറ്റ് നിരക്കായ 75 രൂപ മുടക്കി സിനിമ കണ്ടാൽ തന്നെ 40 കോടിയോളം രൂപ കളക്ഷനായി. ഇത് പ്രൊജക്ഷൻ. ഇതിന്റെ 50 ശതമാനം കളക്ഷൻ (20 കോടി) വന്നാൽ തന്നെ സിനിമ ഹിറ്റായി.

അങ്ങനെ ഈ പ്രായത്തിൽപെട്ട വിഭാഗത്തെ കൃത്യമായി ലക്ഷ്യമിട്ടാണ് പ്രേമം നിർമ്മിച്ചിരിക്കുന്നത്. മറ്റു പ്രായത്തിൽപെട്ടവരും റിപ്പീറ്റ് ഓഡിയൻസും ബോണസ് ആണെന്നു മാത്രം. ഇത് ശരി വയ്ക്കുന്ന കളക്ഷൻ റിപ്പോർട്ടുകളാണ് തിയേറ്ററുകളിൽ നിന്നും വരുന്നത്. സംശയമുണ്ടെങ്കിൽ ‘പ്രേമം’ റിലീസായ തിയേറ്ററുകളിൽ ചെന്ന് പ്രേക്ഷകരെ ശ്രദ്ധിക്കൂ. ഈ പറഞ്ഞ ഡീമോഗ്രാഫി ശരിയാണെന്ന് കാണാം.

11351247_1100694189946290_187684246881419580_n

ആക്ഷൻ സിനിമകളും, എന്തിന് ഹൊറർ സിനിമകൾ വരെ ആദ്യ ആഴ്ച കഴിയുന്നതിനു മുമ്പ് കുടുംബ ചിത്രങ്ങളായി പരസ്യപ്പെടുത്തുന്ന (സ്ത്രീ ജനങ്ങൾ തിയേറ്ററുകളിലേക്കൊഴുകുന്നു എന്ന സ്ഥിരം വാചകവും) മലയാളത്തിലെ വിചിത്ര സാഹചര്യത്തിൽ തങ്ങളുടെ സിനിമ ആരെയാണ് ലക്ഷ്യമിടുന്നത് എന്ന വ്യക്തമായ ധാരണ ഈ സിനിമയുടെ ശില്പികൾക്കുണ്ടായത് വിജയത്തിലെ ഒരു പ്രധാന ഘടകമാണ്.

അതെങ്ങനെ ഈ ഏജ് ഗ്രൂപ്പ് നെ ലക്ഷ്യമിടുന്നുവെന്ന് പറയാൻ കഴിയും എന്നാവും ചോദ്യം. മറുപടിയുണ്ട്. സിനിമയിൽ നായകൻ ജോർജിന്റെ അമ്മ വെറും ശബ്ദത്തിലൊതുങ്ങുന്നു. അച്ഛനാകട്ടെ ഒരൊറ്റ രംഗത്തിലും. നായകന്റെ സുഹൃത്ത് ശംഭുവിന്റെ അച്ഛനും ശബ്ദ സാന്നിദ്ധ്യം മാത്രം. നായികമാരിൽ ഒരാളായ മേരിയുടെ അച്ഛൻ രണ്ട് രംഗങ്ങളിലുണ്ടെങ്കിലും അമ്മയെ എവിടെയും കാണാനില്ല. മറ്റൊരു നായിക മലരിന്റെ അമ്മ ഒരു രംഗത്ത് കണ്ണടച്ച് തുറക്കും മുമ്പ് കടന്നു പോകുന്നു. അച്ഛനാകട്ടെ അതേ രംഗത്തിന്റെ അവസാനത്തിൽ ഒരു നിഴൽ സാന്നിദ്ധ്യം മാത്രമാകുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും ഇതൊരു ‘യങ് സിനിമ’ ആകുന്നു.

2) മാർക്കറ്റിംഗ്:
ബ്രാൻഡ് നാമങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പറയുന്ന ഒരു കാര്യമുണ്ട്. It should be short, simple and esay to communicate. ‘പ്രേമം’ എന്ന ടൈറ്റിൽ ഈ തത്വവുമായി പൂർണ്ണമായി ഒത്തു പോകുന്നു. അർത്ഥശങ്കക്കിടയില്ലാത്തവണ്ണം സിനിമയെക്കുറിച്ചൊരു ചിത്രം പ്രേക്ഷകന്റെ മനസ്സിൽ രൂപപ്പെടുത്തുന്ന ടൈറ്റിൽ (ലുക്കാ ചുപ്പി, ജമ്‌നാ പ്യാരി എന്നീ ടൈറ്റിലുകളുമായി താരതമ്യം ചെയ്തു നോക്കുക). ടൈറ്റിൽ ഡിസൈൻ ആണ് മറ്റൊരു പ്രധാന കാര്യം. ഫെബ്രുവരി 2014ൽ സിനിമയുടെ ടൈറ്റിൽ തീരുമാനമായ ശേഷം ഏതാണ്ട് എട്ടു മാസമെടുത്ത് ഒക്ടോബറിലാണ് ടൈറ്റിൽ ഡിസൈൻ പൂർത്തീകരിക്കുന്നത്.

fb-DP

ചിത്രശലഭത്തിന്റെ രൂപത്തിലുള്ള ടൈറ്റിൽ ഡിസൈൻ instant hit ആവുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തു. അതു കഴിഞ്ഞ് ചിത്രത്തിലെ ഒരു ഗാനം മാത്രം റിലീസ് ചെയ്യുകയും (ആലുവാപ്പുഴയുടെ തീരത്ത്), ട്രെയിലർ വേണ്ടെന്നു വയ്ക്കുകയും ചെയ്തത് സിനിമയിലുള്ള പ്രേക്ഷകന്റെ കൗതുകം വർദ്ധിപ്പിച്ചു.

ഇതിനെല്ലാമുപരി ‘ലോകസിനിമാ ചരിത്രത്തിൽ പുതുമകളൊന്നുമില്ലാത്ത രണ്ടാമത്തെ സിനിമ’ എന്ന ടാഗ് ലൈനും, റിലീസിന്റെ തലേ ദിവസം ‘യുദ്ധം പ്രതീക്ഷിച്ച് ആരും തിയേറ്ററിൽ വരണ്ട’ എന്ന സംവിധായകന്റെ FB പോസ്റ്റും അമിത പ്രതീക്ഷകൾ വച്ചു പുലർത്തുന്നതിൽ നിന്നും പ്രേക്ഷകനെ പിന്തിരിപ്പിച്ചു. സിനിമ റിലീസായി വളരെ പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചിട്ടും, ആഴ്ചകൾ കഴിഞ്ഞിട്ടും രണ്ട് ഗാനങ്ങളുടെ വീഡിയോ മാത്രമാണ് ഇതു വരെ റിലീസ് ചെയ്തിരിക്കുന്നത്. ഒരു വ്യക്തമായ മാർക്കറ്റിംഗ് പ്ലാൻ ഇതിലെല്ലാം കാണാനാകും.

3) നിവിൻ പോളി:
ഈ കഥാപാത്രത്തിൽ മലയാളത്തിലെ മറ്റൊരു നടനെയും സങ്കൽപ്പിക്കാൻ കഴിയില്ല. ഇരുപത് വർഷങ്ങളുടെ രൂപഭാവ മാറ്റങ്ങൾ മനോഹരമായി സ്‌ക്രീനിൽ പ്രതിഫലിപ്പിച്ചിരിക്കുന്നു നിവിൻ. തന്റെ ശക്തിയും പരിമിതിയും കൃത്യമായി അറിയുന്ന ഈ നടൻ പ്രേമത്തിന്റെ വിജയത്തിലെ നിർണ്ണായക ഘടകം തന്നെ.

4) മലർ:
എല്ലാവരും പറഞ്ഞു കഴിഞ്ഞു. കൂടുതലൊന്നും പറയാനില്ല. (മലരും മലർ സംഘവുമൊക്കെ ഉൾപ്പെട്ട ഒരു ഇരുപത്തഞ്ചോളം പ്രേമ വീഡിയോകൾ വൈറലാണ്. അത് പോരേ )
5)പുതുമുഖങ്ങൾ:
നായകൻ നിവിൻ പോളിയെക്കൂടാതെ നാലേ നാല് നടന്മാരാണ് പരിചിത മുഖങ്ങളായി ഈ സിനിമയിലുള്ളത്. നായികമാരുൾപ്പടെ ബാക്കി കഥാപാത്രങ്ങളെല്ലാം താരതമേന്യ പുതിയ നടീനടന്മാർ. മൊത്തത്തിൽ ഒരു ഫ്രഷ്‌നസ്സ് സിനിമക്ക് നല്കുന്നതിന് ഇത് സഹായകമായി. ഈ പുതുമുഖങ്ങളെല്ലാം അവരവരുടെ റോളുകൾ ഗംഭീരമാക്കിയെന്നത് പ്രത്യേക പരാമർശമർഹിക്കുന്നു.

6) സംഗീതം:
ചിത്രത്തിൽ ആകെ 9 ഗാനങ്ങളുണ്ടെന്നത് തിയേറ്ററിലിരിക്കുന്ന സമയത്ത് നാം അറിയുകയേ ഇല്ല. ആ രീതിയിലാണ് ഗാനരംഗങ്ങൾ പ്ലേസ് ചെയ്തിരിക്കുന്നത്. ആലാപനമാകട്ടെ വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, അനിരുദ്ധ് രവിചന്ദർ, മുരളി ഗോപി, ശബരീഷ് വർമ്മ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന സ്വരങ്ങളും.

സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ പശ്ചാത്തല സംഗീതത്തിലും മികവ് പുലർത്തിയിട്ടുണ്ട്. ഉദാഹരണത്തിന് മലർ കോളേജിൽ നിന്നും കസിനോടൊത്ത് പോകുന്ന രംഗം മുതൽ വിവാഹ രംഗം വരെയുള്ള പത്തോളം മിനിട്ടുകളുടെ ഭൂരിഭാഗവും അപൂർവ്വ സുന്ദരമായ പശ്ചാത്തല സംഗീതത്തിലൂടെയാണ് സംവേദനം ചെയ്യപ്പെട്ടിരിക്കുന്നത്.

s

7)ഛായാഗ്രഹണം:
മലയാള സിനിമയിൽ നാം കണ്ടു പഴകിയ രീതിയിൽ നിന്നും പാടേ വ്യത്യസ്തമാണ് പ്രേമത്തിലെ ഛായാഗ്രഹണ രീതി. പ്രകൃതിയിലേക്ക് കണ്ണ് തുറന്നു പിടിച്ച ഒരു ക്യാമറയുടെ സാന്നിദ്ധ്യം ചിത്രത്തിലുടനീളം കാണാം. കഥാ സന്ദർഭങ്ങളുടെ സാംഗത്യത്തെക്കുറിച്ച് വേവലാതിപ്പെടാതെ പൂമ്പാറ്റകൾ, ഉറുമ്പ്, കുരുവി, തവള എന്നിങ്ങനെ ചുറ്റുമുള്ള കാഴ്ചകളിലേക്ക് ഫോക്കസ് ചെയ്യുന്ന ക്യാമറ പുതിയൊരു കാഴ്ചാനുഭവം നല്കുകയും വ്യാകരണങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നു.

8) പറയാതെ പറയുന്ന കാര്യങ്ങൾ:
ഇതാണ് സിനിമയിടെ സൗന്ദര്യം കൂട്ടുന്ന മറ്റൊരു ഘടകം. പല വിഷയങ്ങളും കഥാപാത്രങ്ങളും പശ്ചാത്തലത്തിലൂടെ കടന്നു പോകുന്നു. നിരവധി അർത്ഥങ്ങൾ പകർന്നു കൊണ്ട്. ‘ഡാ..ഡാ’ എന്ന് ശംഭുവിനെ വിളിക്കുന്ന കുഞ്ഞനിയൻ, ചേട്ടൻ കാമുകിയുമായി ഫോണിൽ സംസാരിക്കുന്നത് കേട്ട് ടി വിയുടെ ശബ്ദം ഉയർത്തുന്ന ജോർജിന്റെ സഹോദരി, ആളൊഴിഞ്ഞ ക്യാംപസിലൂടെ ഫോൺ വിളിച്ചു നടന്നു പോകുന്ന രാഷ്ട്രീയ നേതാവ്.അങ്ങനെയങ്ങനെ നിരവധി പേർ.

വേറൊരു രംഗത്ത് താഴത്തെ ഹാളിലെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് പടി ഓടിയിറങ്ങുന്ന മേരിയുടെ കാലുകൾ ഔട്ട് ഓഫ് ഫോക്കസ് ആയി കാണിക്കുന്നു. അച്ഛൻ ഫോണെടുക്കാൻ വരുന്നത് കണ്ട് ആ കാലുകൾ തിരിഞ്ഞോടുന്നതും. ഇങ്ങനെ പറയാതെ പറയുന്ന ചെറിയ ചെറിയ ഡിറ്റെയ്‌ലിംഗ് സിനിമാസ്വാദനത്തെ വളരെയേറെ സഹായിച്ചിട്ടുണ്ട്. അവസാനം മലറിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നുള്ളതും പ്രേക്ഷകന്റെ ഭാവനക്ക് വിടുകയാണ് സംവിധായകൻ.

9) സംവിധായകനും എഡിറ്ററും ഒരാൾ തന്നെ:
അൽഫോൺസ് പുത്രൻ തന്നെ ഈ രണ്ട് വിഭാഗങ്ങളും കൈകാര്യം ചെയ്തതിന്റെ ഗുണം ചിത്രത്തിലുടനീളം കാണാനാകും. പല രംഗങ്ങളിലും സംവിധായകനും എഡിറ്ററും മത്സരിക്കുന്നത് കാണാം. മലർ എപ്പിസോഡിലും അവസാന രംഗങ്ങളിലും എഡിറ്റർ അൽഫോൺസിന്റെ മികവ് തെളിഞ്ഞു കാണുന്നു. നടീനടന്മാരുൾപ്പടെ സിനിമയിലെ എല്ലാ വിഭാഗത്തെയും സമർത്ഥമായി ഉപയോഗിക്കാൻ പ്രാപ്തനായ ഒരു സംവിധായകനാണ് താനെന്ന് അൽഫോൺസ് പുത്രൻ നിസ്സംശയം തെളിയിച്ചിരിക്കുന്നു.Untitled-3

10) സൗഹൃദം:
എല്ലാറ്റിനുമുപരി ഇതൊരു സൗഹൃദത്തിന്റെ, കൂട്ടായ്മയുടെ സിനിമയാണ്. സിനിമയുടെ മുന്നിലും പിന്നിലുമായി പ്രവർത്തിച്ച 80 ശതമാനം പേരും സുഹൃത്തുക്കളാണ്. ആ സന്തോഷം സ്‌ക്രീനിൽ തെളിഞ്ഞു കാണാനുമുണ്ട്. വല്ലാത്തൊരു പോസിറ്റീവ് വൈബ്‌സ് ഈ സിനിമ പകർന്നു നല്കുന്നതും അതു കൊണ്ടു തന്നെ. (പഴയ പ്രിയദർശൻ സിനിമകൾ ഇങ്ങനെയൊരു സൗഹൃദ കൂട്ടായ്മ വഴി നമ്മെ രസിപ്പിച്ചിട്ടുള്ളതോർക്കുക)

തിയേറ്റർ മുറ്റം യുവാക്കളും യുവതികളും ഉൾപ്പെട്ട സുഹൃദ്‌സംഘങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. സുഹൃത്തുക്കളോടൊപ്പം കാണുമ്പോൾ ഈ സിനിമ അതീവ രസകരമാകുന്നു. നിറഞ്ഞ ചിരിയോടെയാണ് ഇവരെല്ലാം തിയേറ്ററിൽ നിന്നും പുറത്തേക്ക് വരുന്നത്. വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നതും സിനിമ നല്കുന്ന ഈ പോസിറ്റിവിറ്റി തന്നെ.

ഇനി നാലു കലാകാരന്മാരെക്കൂടി പറയാതെ ഇത് പൂർത്തിയാവില്ല….

ശബരീഷ് വർമ്മ(ശംഭു), ഷറഫുദ്ദീൻ(ഗിരിരാജൻ കോഴി): ഈ രണ്ടു പേരെ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളുക. മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങളാണ് ഈ രണ്ട് ഭയങ്കരൻമാരും. അനായാസ ലളിതമായ ശരീരഭാഷയും അത്യാകർഷമായ ഡയലോഗ് പ്രസന്റേഷനും.

MUKESH-K

മലയാള സിനിമയിലെ മികച്ചൊരു സ്വഭാവ നടനായി മാറും വിനയ് ഫോർട്ട് എന്ന അനുഗൃഹീത കലാകാരൻ. സംശയമില്ല. എന്തൊരു ഫ്‌ളെക്‌സിബിലിറ്റി. പി ടി മാഷ് ശിവനായി വേഷമിട്ട സൗബിൻ സാഹിർ അമ്പരപ്പിച്ചു കളഞ്ഞു. ഓരോ ചലനവും നോട്ടവും ഡയലോഗും പിന്നെ ചില്ലുംകൂട്ടിലെ ഡാൻസും.

പ്രേമത്തിന്റെ കഥാകഥനരീതി അന്ധമായി അനുകരിച്ച് ഇനി സിനിമകളുടെ നിര തന്നെയുണ്ടാവും. അതിനു തുനിയുന്നവരോട് ഒരു വാക്ക്… ആദ്യ ‘പ്രേമം’ ഒന്നേയുണ്ടാകൂ…

കടപ്പാട് m3db

DONT MISS