
പ്രഭാസ് ചിത്രം സാഹോയിലെ പ്രണയഗാനത്തിന്റെ ടീസര്‍ എത്തി. ഏകാന്തതാരമേ എന്ന ഗാനത്തിന്റെ ടീസറാണ് ഇന്ന് താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. പ്രഭാസും ശ്രദ്ധയുമൊത്തുള്ള രംഗങ്ങളാണ് ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളമുള്‍പ്പെടെ നാലുഭാഷകളില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഗാനത്തിന്റെ ടീസറിന് ഗംഭീര സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
ഗുരു രന്ധവ ഈണം നല്കിയ മലയാളം ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരന്‍ ശെശാന്ദ്രിയും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്. വിനായക് ശശികുമാറാണ് ഗാനം രചിച്ചത്.
ഓസ്ട്രിയയിലെ ഇന്സ്ബര്ഗിലാണ് ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. സുജീത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍ വാംസി-പ്രമോദാണ്. പ്രമുഖ സംഗീത സംവിധായകന് ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍.