ഹൈദരബാദിലെ ചുംബന സംഗമം; മലയാള നടിയടക്കമുള്ള വിദ്യാർത്ഥികൾക്കെതിരെ കേസ്

സദാചാര പോലീസിംഗിനെതിരെ കൊച്ചിയിൽ നടന്ന ചുംബന സംഗമത്തിന് പിന്തുണയുമായി ഹൈദരാബാദിൽ സമരം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. മലയാള നടിയും ഹൈദരാബാദ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയുമായ ബി. അരുന്ധതിയുടെയും മറ്റ് സഹപാഠികളുടെയും നേതൃത്വത്തിലായിരുന്നു സമരം
 | 

ഹൈദരബാദിലെ ചുംബന സംഗമം; മലയാള നടിയടക്കമുള്ള വിദ്യാർത്ഥികൾക്കെതിരെ കേസ്
ഹൈദരബാദ്: സദാചാര പോലീസിംഗിനെതിരെ കൊച്ചിയിൽ നടന്ന ചുംബന സംഗമത്തിന് പിന്തുണയുമായി ഹൈദരാബാദിൽ സമരം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. മലയാള നടിയും ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയുമായ ബി. അരുന്ധതിയുടെയും മറ്റ് സഹപാഠികളുടെയും നേതൃത്വത്തിലായിരുന്നു സമരം. സമരത്തിൽ പങ്കെടുത്തവർക്കെതിരെയും സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ഭാരതീയ ജനത യുവമോർച്ച പ്രവർത്തകർക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. പൊതുസ്ഥലത്ത് അശ്ലീലപ്രവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ ഗജ്ജിബൗളി പോലീസ് കേസെടുത്തത്.

സർവകലാശാല അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും, പരാതിയിലെ ആരോപണങ്ങൾ പരിശോധിച്ച് വരികയാണെന്നും എ.സി.പി എസ്.ശ്രീധർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യൂണിവേഴ്‌സിറ്റി ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. കമ്മറ്റിയുടെ റിപ്പോർട്ടും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് എസ്.ഐ ജെ.രമേശ് പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മൂന്നുമാസം വരെ തടവ് ശിക്ഷ ലഭിക്കും.

മോഹൻലാൽ നായകനായി എത്തിയ സ്‌നേഹവീട് എന്ന സിനിമയിലൂടെയും നിരവധി മലയാളം ചാനലുകളിൽ അവതാരകയായും അരുന്ധതി മലയാളികൾക്ക് സുപരിചിതയാണ്.