‘ഉണ്ട’യിലെ പോലീസുകാരന്‍ വലിയ പരിശ്രമം എടുക്കേണ്ടിവന്ന കഥാപാത്രമല്ല; തുറന്നു പറഞ്ഞ് മമ്മൂട്ടി

ഉണ്ട'യിലെ പോലീസ് കഥാപാത്രത്തിന് സമാനമായി നിരവധി പോലീസുകാര് നമ്മുടെ സമൂഹത്തിലുണ്ടെന്നും പത്രവാര്ത്തകളിലൂടെ ഇത്തരത്തിലുള്ള യഥാര്ത്ഥ എസ്.ഐമാരെക്കുറിച്ച് വിവരങ്ങള് പുറത്തു വരാറുണ്ടെന്നും മമ്മൂട്ടി പറയുന്നു.
 | 
‘ഉണ്ട’യിലെ പോലീസുകാരന്‍ വലിയ പരിശ്രമം എടുക്കേണ്ടിവന്ന കഥാപാത്രമല്ല; തുറന്നു പറഞ്ഞ് മമ്മൂട്ടി

കൊച്ചി: ‘ഉണ്ട’യിലെ കഥാപാത്രമായ എസ്.ഐ മണി അത്ര പരിശ്രമിച്ച് അഭിനയിക്കേണ്ടി വന്ന കഥാപാത്രമല്ലെന്ന് മമ്മൂട്ടി. മനോരമ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്. ‘ഉണ്ട’യിലെ പോലീസ് കഥാപാത്രത്തിന് സമാനമായി നിരവധി പോലീസുകാര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നും പത്രവാര്‍ത്തകളിലൂടെ ഇത്തരത്തിലുള്ള യഥാര്‍ത്ഥ എസ്.ഐമാരെക്കുറിച്ച് വിവരങ്ങള്‍ പുറത്തു വരാറുണ്ടെന്നും മമ്മൂട്ടി പറയുന്നു.

കേരളത്തില്‍ നിന്നുമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇലക്ഷന്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഇന്ത്യയില്‍ എത്തുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. സാധാരണയായി താന്‍ അഭിനയിച്ചിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമാണ് ഉണ്ടയിലെ കഥാപാത്രം. സാധാരണ പോലീസ് കഥാപാത്രങ്ങളുടെ അത്രയും പവര്‍ അവകാശപ്പെടാനില്ലാത്ത വ്യക്തിയാണ് ചിത്രത്തിലെ എസ്.ഐ മണിയെന്നും മമ്മൂട്ടി പറഞ്ഞു.

കഥാപാത്രത്തിന്റെ രൂപീകരണത്തിലും മറ്റു കാര്യങ്ങളിലും എഴുത്തുകാരനും സംവിധായകനും കാണിച്ച മികവാണ് എസ്.ഐ മണിയെ അഭിനയിച്ച് ഫലിപ്പിക്കുന്നതില്‍ സഹായകമായതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ മമ്മൂട്ടി തന്നെ ഈ വേഷം ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി സംവിധായകന്‍ ഖാലിദ് റഹ്മാനും വ്യക്തമാക്കി.

സമീപകാലത്ത് മമ്മൂട്ടി ചെയ്ത പോലീസ് കഥാപാത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ വേഷമായിരുന്നു ചിത്രത്തിലേത്. ബോക്‌സോഫീസില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ് ഉണ്ട. ഹര്‍ഷാദ് പി. കെ., ഖാലിദ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. മമ്മൂട്ടിയെ കൂടാതെ ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ജേക്കബ് ഗ്രിഗറി, കലാഭവന്‍ ഷാജോണ്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു