ലിനുവിന്റെ അമ്മയെ സാന്ത്വനിപ്പിച്ച് മമ്മൂട്ടി; വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍

ദുരിതാശ്വാസ ക്യാമ്പില് കഴിയുന്ന അമ്മയ്ക്ക് വസ്ത്രമെടുക്കാന് വീട്ടിലേക്ക് പോകുന്ന വഴി ഒഴുക്കില്പ്പെട്ടാണ് ലിനുവിന് ജീവന് നഷ്ടമായത്.
 | 
ലിനുവിന്റെ അമ്മയെ സാന്ത്വനിപ്പിച്ച് മമ്മൂട്ടി; വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍

കൊച്ചി: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ മരണപ്പെട്ട ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് നടന്‍ മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ചാണ് മമ്മൂട്ടി കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്നത്. എന്ത് ആവശ്യമുണ്ടായാലും തന്നെ അറിയിക്കണമെന്ന് മമ്മൂട്ടി ലിനുവിന്റെ ബന്ധുക്കളോട് പറഞ്ഞു. മമ്മൂട്ടി വിളിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ആശ്വാസവും ധൈര്യവും ലഭിക്കുകയാണെന്നും ലിനുവിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തീവ്രമായ മഴയില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ലിനുവും മാതാപിതാക്കളും സഹോദരങ്ങളും ദുരിതാശ്വാസക്യാമ്പിലേക്ക് മാറിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു ലിനു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന അമ്മയ്ക്ക് വസ്ത്രമെടുക്കാന്‍ വീട്ടിലേക്ക് പോകുന്ന വഴി ഒഴുക്കില്‍പ്പെട്ടാണ് ലിനുവിന് ജീവന്‍ നഷ്ടമായത്. നിരവധി പേരാണ് ലിനുവിന് ആദാരജ്ഞലികള്‍ അര്‍പ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ലിനുവിന്റെ മരണവുമായി ബന്ധപ്പെടുത്തി മമ്മൂട്ടിക്കെതിരെ സംഘപരിവാര്‍ വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്.

ദുരിതാശ്വാസ ക്യാംപിലേക്ക് വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദിനെ മാത്രമാണ് മമ്മൂട്ടി വിളിച്ചതെന്നും ലിനുവിന്റെ കുടുംബാംഗങ്ങളെ വിളിച്ചില്ലെന്നും സംഘപരിവാര്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മമ്മൂട്ടി വര്‍ഗീയവാദിയാണെന്നും ചിലര്‍ ആക്ഷേപിക്കുന്നു. സേവാഭാരതിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ലിനു. എന്നാല്‍ സാംസ്‌കാരിക കേരളം ഒന്നടങ്കം ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ടെന്നും മറ്റു വിദ്വേഷ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.