‘ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടന്‍തുള്ളലാണോ കാണിക്കേണ്ടത്’; വിവാദങ്ങള്‍ക്ക് മറുപടിയുമായി പൃഥ്വിരാജ്

ഡാന്സ് രംഗത്തില് സ്ത്രീ ശരീരത്തെ പ്രദര്ശന വസ്തുവാക്കിയെന്നായിരുന്നു പൃഥ്വിക്കെതിരെ ഉയര്ന്ന ആരോപണം.
 | 
‘ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടന്‍തുള്ളലാണോ കാണിക്കേണ്ടത്’; വിവാദങ്ങള്‍ക്ക് മറുപടിയുമായി പൃഥ്വിരാജ്

കൊച്ചി: ലൂസിഫറിലെ ഗാനരംഗത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. മുംബൈയിലെ ഒരു ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടന്‍തുള്ളലാണോ കാണിക്കേണ്ടതെന്ന് പൃഥ്വിരാജ് ചോദിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥിരാജിന്റെ പ്രതികരണം. ഡാന്‍സ് രംഗത്തില്‍ സ്ത്രീ ശരീരത്തെ പ്രദര്‍ശന വസ്തുവാക്കിയെന്നായിരുന്നു പൃഥ്വിക്കെതിരെ ഉയര്‍ന്ന ആരോപണം. നേരത്തെ സ്ത്രീവിരുദ്ധ രംഗങ്ങളിലും സിനിമയിലും അഭിനയിക്കില്ലെന്ന് താരം പറഞ്ഞിരുന്നു.

സ്ത്രീ വിരുദ്ധമായി സിനിമകളിലോ രംഗങ്ങളിലോ അഭിനയിക്കില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ ഗ്ലാമര്‍ വസ്ത്രങ്ങളണിഞ്ഞ് ഒരു സ്ത്രീ നൃത്തം ചെയ്യുന്നത് ഞാന്‍ അന്ന് പറഞ്ഞതിന് എതിരാവുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാവുന്നില്ല. മുംബൈയിലെ ഒരു ഡാന്‍സ് ബാറിന്റെ പശ്ചാത്തലവുമായി ഞാന്‍ അന്ന് പറഞ്ഞതിനെ എങ്ങനെയാണ് അവര്‍ യോജിപ്പിക്കുന്നത്. ആ പശ്ചാത്തലത്തില്‍ ഒരു ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നത് വിചിത്രമായിരിക്കില്ലേ’ പൃഥ്വിരാജ് ചോദിക്കുന്നു.

അതേസമയം ഗ്ലാമര്‍ വേഷത്തില്‍ ഡാന്‍സ് ചെയ്തത് മാത്രമല്ല വിമര്‍ശനത്തിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം. ക്യാമറ ആംഗിളുകള്‍ ഡാന്‍സറുടെ ശരീര ഭാഗങ്ങളില്‍ കൂടുതല്‍ ഫോക്കസ് ചെയ്യുന്നവയാണ്. ഇത് സ്ത്രീയെ ഒരു ശരീര പ്രദര്‍ശന വസ്തുവാക്കി മാറ്റുന്നതിന് തുല്യമാണെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.